മാപ്പിളബേ തുറമുഖത്തിൽ അടിയന്തരമായി ഡ്രഡ്ജിങ് നടത്തും -മന്ത്രി സജി ചെറിയാൻ
text_fieldsകണ്ണൂർ: മാപ്പിളബേ ഹാർബറിൽ അടിയന്തരമായി ഡ്രഡ്ജിങ് നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ. കണ്ണൂർ നിയോജക മണ്ഡലം തീരസദസ്സ് തയ്യിൽ സെന്റ് ആന്റണീസ് യു.പി സ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹാർബറിലെ മണ്ണുനീക്കുന്നതിനുള്ള ടെൻഡർ മേയ് 25ന് തുറക്കും. മണ്ണുനീക്കൽ സമയത്ത് ചെയ്തില്ലെന്ന് ജനപ്രതിനിധികളും സംഘടന നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിമർശനം ഉണ്ടായതായി മന്ത്രി പറഞ്ഞു. മാപ്പിളബേ ഹാർബറിന്റെ നവീകരണത്തിനായി 85 കോടിയുടെ പ്രൊപോസൽ തയാറായിട്ടുണ്ട്. പൂണെ സി.ഡബ്ല്യു.പി.ആർ.എസ് പഠന റിപ്പോർട്ട് വന്നു കഴിഞ്ഞാൽ ഉടൻ സർക്കാർ അതിനെ കുറിച്ച് ആലോചിക്കും. മാപ്പിളബേ ഹാർബർ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് അവിടെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഒരു റിപ്പോർട്ട് തയാറാക്കും. കേരളത്തിലെ ഹാർബറുകളിൽ ആയിരക്കണക്കിന് ബോട്ടുകളും വള്ളങ്ങളും ഉപയോഗശൂന്യമായി കിടക്കുകയാണ്.
ഇവ എങ്ങനെ കൈകാര്യം ചെയ്യും എന്ന് പരിശോധിക്കാൻ ഫിഷറിസ് വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജില്ലയിൽ കടൽഭിത്തി നിർമാണത്തിന് 30 കോടിയുടെ പ്രൊപോസൽ സർക്കാറിന് ലഭിച്ചിട്ടുണ്ട്.
ഇത് പ്രകാരം കാനാംപുഴ, തയ്യിൽ ഉൾപ്പെടെ ആവശ്യമായ സ്ഥലങ്ങളിൽ എല്ലാം കടൽഭിത്തി നിർമിക്കും. കണ്ണൂർ സിറ്റി പടന്നയിൽ അംഗനവാടിക്ക് ഫിഷറീസ് വകുപ്പിന്റെ സ്ഥലം അനുവദിക്കാൻ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. തയ്യിൽ സെന്റ് ആന്റണീസ് സ്കൂളിലെ സി.ആർ.ഇസെഡ് പ്രശ്നം പരിഹരിക്കാൻ മത്സ്യഫെഡ് ഡയറക്ടറെ ചുമതലപ്പെടുത്തി.
ഉദ്ഘാടന സമ്മേളനത്തിലും തയ്യിൽ ശ്രീ കുറുംബ അരയ സമാജം ഓഡിറ്റോറിയത്തിൽ ചേർന്ന ജനപ്രതിനിധികളും സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കലക്ടർ എസ്. ചന്ദ്രശേഖർ, യുവജന കമീഷൻ ചെയർമാൻ എം. ഷാജർ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മൽസ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യഫെഡ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഫിഷറീസ് വകുപ്പ് ജോയന്റ് ഡയറക്ടർ സജി എം. രാജേഷ്, കണ്ണൂർ കോർപറേഷൻ കൗൺസിലർമാരായ സിയാദ് തങ്ങൾ, കെ.വി. അനിത, കെ.എൻ. മിനി, മുസ്ലിഹ് മഠത്തിൽ എന്നിവർ പങ്കെടുത്തു.
21 പരാതികൾ പരിഹരിച്ചു, 4.8 ലക്ഷം രൂപയുടെ ധനസഹായം നൽകി
കണ്ണൂർ മണ്ഡലം തീരസദസ്സിൽ 21 പരാതികൾ തീർപ്പാക്കി. ആകെ 79 പരാതികളും അപേക്ഷകളുമാണ് തീര സദസ്സുമായി ബന്ധപ്പെട്ട് ലഭിച്ചത്. ഇവയിൽ 76 എണ്ണം ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടതും മൂന്നെണ്ണം മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടതുമാണ്. ഫിഷറീസ് വകുപ്പുകളുമായി ബന്ധപ്പെട്ട 18 പരാതികളും
മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട മൂന്നു പരാതികളുമാണ് തീരുമാനമായിരിക്കുന്നത്. ബാക്കിയുള്ളവക്ക് അധികം വൈകാതെ തന്നെ തീർപ് കൽപിക്കുമെന്ന് മന്ത്രി അറിയിച്ചു. സി.ആർ.ഇസെഡ്, ഭൂരഹിത - ഭവന രഹിതർക്ക് ആധാരം നൽകുന്നതുമായി ബന്ധപ്പെട്ടവ, പുനർഗേഹം, കുടിവെള്ള പ്രശ്നം, ഭവന അറ്റകുറ്റപ്പണി, വായ്പ, കടൽഭിത്തി നിർമാണം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.
തീരസദസ്സിന്റെ ഭാഗമായി കണ്ണൂർ മണ്ഡലത്തിൽ 4.8 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴിയാണ് ധനസഹായം നൽകിയത്. 32 മത്സ്യത്തൊഴിലാളികൾക്കും നാല് അനുബന്ധ തൊഴിലാളികൾക്കുമായി ആകെ 36 പേർക്ക് വിവാഹ ധനസഹായമായി 10000 വീതം 3.6 ലക്ഷം രൂപയും മരണപ്പെട്ട ഏഴ് മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കും ഒരു അനുബന്ധ തൊഴിലാളിയുടെ ആശ്രിതർക്കുമായി ആകെ എട്ടു പേർക്ക് 15000 വീതം 1.2 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്.
മത്സ്യഫെഡ് വഴി മൂന്ന് പേർക്കുള്ള പലിശരഹിത വായ്പയായി 3,68,584 (3.6 ലക്ഷം ) രൂപയും വിതരണം ചെയ്തു. ഉപരിപഠനത്തിലും കായികരംഗത്തും മികച്ച നേട്ടം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം ഏറ്റവും കൂടുതൽ ലേല കമീഷൻ അടച്ച ഗ്രൂപ്പായ എടക്കാട്-കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിനുള്ള ഉപഹാരവും മന്ത്രി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.