അനാസ്ഥ തുടർക്കഥ; കുറുമാത്തൂരിൽ കുടിവെള്ളം മുട്ടി ജനം
text_fieldsകുറുമാത്തൂർ: വേനൽ ചൂട് രൂക്ഷമായിട്ടും കുടിവെള്ളം കിട്ടാതെ കുറുമാത്തൂർ ചാണ്ടിക്കരി മേഖലയിലെ ജനം. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പലയിടങ്ങളിലും പൊട്ടിയതോടെയാണ് ജനങ്ങൾ ദുരിതത്തിലായത്.
നിലവിൽ ഒട്ടേറെ വീടുകളിൽ കുടിവെള്ളം ലഭിക്കാതെ ജനങ്ങൾ കഷ്ടപ്പെടുകയാണ്. വൻ തുക നൽകിയാണ് ജനങ്ങൾ കുടിവെള്ള കണക്ഷൻ എടുത്തിരുന്നത്. മീറ്റർ ചാർജ് വെച്ച് മാസ തുക വേറെയും അടക്കുന്നുണ്ട്. എന്നാൽ, കൃത്യമായി കുടിവെള്ളം വീടുകളിലെത്തുന്നില്ല. ഗുണനിലവാരമില്ലാത്ത പൈപ്പുകൾ സ്ഥാപിച്ച് അശാസ്ത്രീയമായി പണി നടത്തിയതിനാലാണ് പലയിടത്തും പൈപ്പുകൾ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നതെന്ന ആക്ഷേപവും ശക്തമാണ്.
പല തവണ തളിപ്പറമ്പിലെ ജലവിഭവ വകുപ്പധികൃതരെ വിവരമറിയിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ചിലയിടങ്ങളിൽ വെള്ളം റോഡിലെ മാലിന്യങ്ങളുമായി ചേർന്ന് തിരികെ വീണ്ടും പൈപ്പിലേക്ക് കയറി വീടുകളിലെത്തിയതോടെ വയോധികർക്കും കുട്ടികൾക്കും മറ്റും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. കെടുകാര്യസ്ഥതക്കെതിരെ നാട്ടുകാർ വലിയ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങാനാണ് തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.