വീടുകളിൽ കുടിവെള്ളമെത്തിച്ചു; 12 പഞ്ചായത്തുകൾക്ക് ഹർ ഘർ ജൽ സർട്ടിഫിക്കേഷൻ
text_fieldsകണ്ണൂർ: ആവശ്യമായ എല്ലാ വീടുകളിലും കുടിവെള്ളം പൈപ്പ് ലൈൻ വഴി എത്തിച്ചതിനുള്ള ഹർ ഘർ ജൽ സർട്ടിഫിക്കേഷൻ ജില്ലയിലെ 12 പഞ്ചായത്തുകൾക്ക് ലഭിച്ചു. കല്ല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ ചെറുകുന്ന്, ചെറുതാഴം, ഏഴോം, കല്ല്യാശ്ശേരി, കണ്ണപുരം, മാട്ടൂൽ, അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി, തളിപ്പറമ്പ് മണ്ഡലത്തിലെ പട്ടുവം, തലശ്ശേരി മണ്ഡലത്തിലെ കതിരൂർ, ധർമടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട്, പിണറായി, പയ്യന്നൂർ മണ്ഡലത്തിലെ രാമന്തളി എന്നീ പഞ്ചായത്തുകൾക്കാണ് ഹർ ഘർ ജൽ സർട്ടിഫിക്കേഷൻ ലഭിച്ചത്.
ജൽജീവൻ മിഷൻ ഡിസ്ട്രിക്ട് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. മട്ടന്നൂർ മണ്ഡലത്തിലെ കൂടാളി പഞ്ചായത്ത് സർട്ടിഫിക്കേഷൻ എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ജില്ലയിൽ ഇതുവരെ 3,62,218 പ്രവൃത്തികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകി. 3,08,713 പ്രവൃത്തികൾ ടെൻഡർ ചെയ്തു. 2,26,617 എണ്ണത്തിന്റെ പ്രവൃത്തി തുടങ്ങി. 2020 ഒക്ടോബർ മുതൽ ഇതുവരെ 1,40,361 കണക്ഷനുകൾ നൽകി.
ഇരിക്കൂർ മണ്ഡലത്തിലെ പയ്യാവൂർ, ഏരുവേശ്ശി, നടുവിൽ, ആലക്കോട്, ഉദയഗിരി, മട്ടന്നൂർ മണ്ഡലത്തിലെ മാലൂർ, പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴ, പെരിങ്ങോം-വയക്കര, പേരാവൂർ മണ്ഡലത്തിലെ ആറളം, കേളകം, കണിച്ചാർ, അയ്യൻകുന്ന് പഞ്ചായത്തുകളിലായി 2.9705 ഏക്കർ ഭൂമി ലഭ്യമാക്കാനുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.
പദ്ധതിക്കായി ഭൂമി സൗജന്യമായി വിട്ടുനൽകിയ ഗുണഭോക്താക്കളുടെ പ്രതിമാസ കുടിവെള്ള ബില്ല് നിശ്ചിത കാലത്തേക്ക് പഞ്ചായത്ത് അടക്കാനുള്ള പ്രൊജക്ട് തയാറാക്കി ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിക്കണമെന്ന് യോഗത്തിൽ കലക്ടർ നിർദേശിച്ചു.
ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ശ്രീധരൻ, സാജു സേവ്യർ, കെ.എം. ജോസഫ്, ടെസ്സി ഇമ്മാനുവൽ, ജില്ല പഞ്ചായത്തംഗം ഇ. വിജയൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.