കണ്ണൂർ എരിപുരത്ത് ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു
text_fieldsപഴയങ്ങാടി (കണ്ണൂർ): എരിപുരത്ത് കെ.എസ്.ടി.പി റോഡിൽ നിയന്ത്രണംവിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഡ്രൈവർ ഒരാൾ മരിച്ചു. ലോറി ഡ്രൈവർ തമിഴ്നാട് തിരിപ്പൂർ സ്വദേശി മുത്തു (26) ആണ് മരിച്ചത്.
പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ എരിപുരം സർക്കിളിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് അപകടം. നാഷനൽ പർമിറ്റ് ലോറി നിയന്ത്രണംവിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കെട്ടിടം പൂർണമായി തകർന്നു. ലോറി ഡ്രൈവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
മംഗലാപുരത്ത് നിന്ന് ത്രിച്ചിനാപ്പള്ളിയിലേക്ക് കൽക്കരിയുമായി പോകുകയായിരുന്ന തമിഴ്നാട് റജിസ്ട്രേഷനിലുള്ള ടി.എൻ 37. ബി.വൈ 6699 നമ്പർ ലോറിയാണ് അമിതവേഗതയിൽ നിയന്ത്രണം വിട്ട് അപകടം വിതച്ചത്. ഡ്രൈവർ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇടിയുടെ ആഘാതത്തിൽ എരിപുരം കെ.വി. ഹസ്സൻ ഹാജിയുടെ കെട്ടിടമാണ് തകർന്നത്. സമീപത്തെ കെ. ഭാർഗ്ഗവൻെറ ഉടമസ്ഥതയിലുള്ള ബിന്ദു ഹോട്ടലും ഭാഗികമായി തകർന്നു. മുൻവശം പൂർണമായി തകർന്ന ലോറിയിൽനിന്ന് ഒരു മണിക്കൂറിലേറെ സമയമെടുത്താണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്.
പഴയങ്ങാടി പൊലീസ് ഇൻസ്പെക്ടർ ഇ. ജയചന്ദ്രൻ, എസ്.ഐ.കെ.ജെ മാത്യു, സി.ഐ. എസ് ഷാജി, ഏഴോം പഞ്ചായത്ത് പ്രസിഡൻറ് പി. ഗോവിന്ദൻ, വാർഡ് അംഗം ജസിർ അഹമ്മദ്, ഇൻസ്പെക്ടർ രാജിെൻറ നേതൃത്വത്തിലെ ഫയർഫോഴ്സ് വിഭാഗം, നാട്ടുകാർ, ഏഴോം പഞ്ചായത്തധികൃതർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പൂർത്തീകരിച്ചത്.
ഒന്നര മണിക്കൂറിനകം ഗതാഗതം പുനഃസ്ഥാപിച്ചു. കെ.എസ്.ടി.പി റോഡിലെ പ്രധാന നാൽക്കവലയായ എരിപുരം സർക്കിളിൽ വെളിച്ചമില്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. റോഡിൽ വെളിച്ചമില്ലാത്തതും വീതി കുറവായതുമാണ് വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപെടുന്നതിന് കാരണമാകുന്നതായി നാളുകളായി ആക്ഷേപമുണ്ട്.
തമിഴ്നാട് തിരുപ്പൂർ അവിനാശ് പ്രദേശത്തെ ചിന്നദുരെ - പെരിയമ്മ ദമ്പതികളുടെ മകനാണ് മുത്തു. സഹോദരി: കിർത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം തിരുപ്പൂർ അവിനാശിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.