ഡ്രൈവിങ് ടെസ്റ്റ്; ജില്ലയിലും പ്രതിഷേധം
text_fieldsകണ്ണൂർ: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ജില്ലയിലും പ്രതിഷേധം. ഡ്രൈവിങ് സ്കൂൾ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതേ തുടർന്ന് ചൊവ്വാഴ്ച നടക്കേണ്ട ഡ്രൈവിങ് ടെസ്റ്റുകൾ ജില്ലയിലും മുടങ്ങി. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ഡ്രൈവിങ് സ്കൂൾ സംഘടനകൾ സമരം നടത്തുന്നുണ്ട്.
ഡ്രൈവിങ് ടെസ്റ്റുകൾ തടയുമെന്നും ആർ.ടി ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നുമാണ് സംഘടനകളുടെ നിലപാട്. സമരത്തെ തുടർന്ന് ജില്ലയിലെ വിവിധ ഡ്രൈവിങ് സ്കൂൾ ഗ്രൗണ്ടുകളിൽ ടെസ്റ്റിനെത്തിയ ഉദ്യോഗാർഥികൾ നിരാശയോടെ മടങ്ങി.
എം.വി.ഐ രഞ്ജിത്ത് മോൻ അടക്കമുള്ള ഉദ്യോഗസ്ഥരും എത്തിയിരുന്നു. മേയ് ഒന്ന് മുതൽ ഡ്രൈവിങ് പരിഷ്കരണം കൊണ്ടുവരാനാണ് വകുപ്പ് തീരുമാനിച്ചത്. അവധി ദിനമായതിനാൽ ബുധനാഴ്ച ടെസ്റ്റ് ഉണ്ടായിരുന്നില്ല. നിരവധി പേരാണ് ഡ്രൈവിങ് ടെസ്റ്റിനായി അതിരാവിലെ മുതൽ ഗ്രൗണ്ടുകളിൽ എത്തിയത്.
ബുധനാഴ്ച മുടങ്ങിയ ടെസ്റ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകുമെന്നും വകുപ്പുതല നിർദേശം ലഭിച്ചശേഷം ഉദ്യോഗാർഥികളെ വിവരം അറിയിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. പരിഷ്കരണത്തിൽ ഇളവ് വരുത്തിയ സർക്കുലർ ഇറക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. സർക്കുലർ പിൻവലിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് സംഘടനകൾ അറിയിച്ചു.
ഒരു എം.വി.ഐക്ക് കീഴിൽ ഒരുദിവസം പരമാവധി 30 പേരെ മാത്രം ഡ്രൈവിങ് ടെസ്റ്റിന് അനുവദിച്ചാൽ മതിയെന്നാണ് പുതിയ തീരുമാനം. ഇത് ലൈസൻസ് ലഭിക്കാനുള്ള അവസരം മൂന്നിൽ ഒന്നായി കുറക്കുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് വാഹനഗതാഗത വകുപ്പ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്ന പരാതി ലൈസൻസ് എടുക്കാനെത്തുന്നവർക്കും ഡ്രൈവിങ് സ്കൂൾ അധികൃതർക്കുമുണ്ട്.
നിലവിൽ ജില്ലയിലെ അഞ്ച് ട്രാൻസ്പോർട്ട് ഓഫിസുകളുടെ പരിധിയിൽ 480 പേർക്ക് ഒരു ദിവസം ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുക്കാൻ അവസരമുണ്ട്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് ഓഫിസുകളിൽ 120 വീതവും ഇരിട്ടിയിലും പയ്യന്നൂരും 60 വീതവുമാണ് സ്ലോട്ടുകൾ അനുവദിക്കുന്നത്.
ഓൺലൈനിൽ സ്ലോട്ട് നൽകിയാണ് അപേക്ഷകർക്ക് ടെസ്റ്റിന് ദിവസം നൽകുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വിദേശത്ത് പോകാനും സർക്കാർ സർവിസുകളിൽ ഡ്രൈവറായി നിയമനം ലഭിക്കാനും അടക്കം നിരവധി ഉദ്യോഗാർഥികളാണ് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷ നൽകുന്നത്. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞശേഷം മൂന്ന് മാസത്തോളം കഴിഞ്ഞാണ് ഡ്രൈവിങ് ടെസ്റ്റിന് അവസരം ലഭിക്കുന്നത്.
പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതോടെ ഇതിനിയും വൈകും. ആധുനിക രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് വകുപ്പ് തീരുമാനം. എന്നാൽ, ഇതിനാവശ്യമായ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകൾ ജില്ലയിൽ ഇല്ല. കണ്ണൂരും തളിപ്പറമ്പിലും മാത്രമാണ് സർക്കാറിന് കീഴിൽ ഇത്തരം ഗ്രൗണ്ടുകൾ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.