കണ്ണൂരിനെ മയക്കാൻ 'സൂപ്പര്‍മാനും മോളിയും'
text_fieldsകണ്ണൂർ: കള്ളും കഞ്ചാവും ലഹരിപകരുന്ന കാലമൊക്കെ കഴിഞ്ഞു. അതിമാരക ന്യൂജെൻ രാസ ലഹരി മരുന്നുകളുടെ പിന്നാലെയാണ് വിതരണക്കാരും ഉപയോഗിക്കുന്നവരും. നഗരങ്ങളില്‍ രഹസ്യമായി നടത്തുന്ന ഡി.ജെ പാര്‍ട്ടികളില്‍ പ്രധാനമായും ഉപയോഗിക്കുന്ന എം.ഡി.എം.എ (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ), എല്‍.എസ്.ഡി (ലൈസർജിക് ആസിഡ് ഡൈഈതലമൈഡ്) തുടങ്ങിയ മയക്കുമരുന്നുകൾ ജില്ലയിലെ മുക്കിലും മൂലയിലും വരെ സുലഭമായി ലഭിച്ചുതുടങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണ് തിങ്കളാഴ്ച കണ്ണൂരിൽ നടന്നത്. 1.95കിലോ എം.ഡി.എം.എ, 67ഗ്രാം ബ്രൗൺഷുഗർ, ഏഴര ഗ്രാം ഒ.പി.എം എന്നിവ സഹിതം മുഴപ്പിലങ്ങാട് സ്വദേശികളായ ദമ്പതികളെയാണ് പൊലീസ് പിടികൂടിയത്.
തോട്ടൻറവിട ഹൗസിൽ അഫ്സൽ (33), ഭാര്യ ബൾകീസ് ചരിയ (31) എന്നിവരെയാണ് കണ്ണൂർ നഗരത്തിലെ തെക്കിബസാറിൽ പൊലീസ് അറസ്റ്റുചെയ്തത്. പ്രതികളിൽ നിന്ന് 1.95കിലോ എം.ഡി.എം.എ, 67ഗ്രാം ബ്രൗൺഷുഗർ, ഏഴര ഗ്രാം ഒ.പി.എം എന്നിവ പിടിച്ചെടുത്തു. വിപണിയിൽ രണ്ടു കോടിയിലേറെ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കൊറിയർ സർവിസ് വഴി ബസിലൂടെ പാർസലായി മയക്കുമരുന്നുകൾ നഗരത്തിൽ എത്തിച്ച് വിൽപന നടത്തിവരുകയായിരുന്നു ദമ്പതികൾ. കർണാടകയിൽനിന്ന് ബസ്, ലോറി മാർഗമാണ് രാസ ലഹരി മരുന്നുകൾ കേരളത്തിലെത്തുന്നത്. അതിർത്തികളിൽ പലപ്പോഴും മതിയായ പരിശോധനകൾ ഇല്ലെന്നും പരാതിയുണ്ട്.
എക്സൈസ് പിടികൂടിയത് 41.465 ഗ്രാം എം.ഡി.എം.എ
41.465 ഗ്രാം എം.ഡി.എം.എയാണ് ഈ വർഷം എക്സൈസ് പിടികൂടിയത്. 0.1586 ഗ്രാം എൽ.എസ്.ഡിയും എക്സൈസ് വലയിലായി. കഴിഞ്ഞ വർഷം 538 മി.ഗ്രാം എൽ.എസ്.ഡിയും 160.49 ഗ്രാം എം.ഡി.എം.എയുമാണ് ജില്ലയിൽ എക്സൈസ് പിടികൂടിയത്. ഇവക്ക് ലക്ഷങ്ങൾ വിലവരും.
2.50 ലക്ഷം രൂപയുടെ അതിമാരക എൽ.എസ്.ഡി സ്റ്റാമ്പുമായി കഴിഞ്ഞവർഷം ഡിസംബറിൽ രണ്ടുപേർ കണ്ണൂരിൽ എക്സൈസ് പിടിയിലായിരുന്നു. പയ്യാമ്പലം ബീച്ചിലെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യംവെച്ചാണ് ഇവർ മയക്കുമരുന്നെത്തിച്ചത്. 25ന് താഴെയുള്ള യുവാക്കൾക്കിടയിലാണ് ഇവയുടെ ഉപയോഗം കൂടുതലെന്നാണ് കണ്ടെത്തൽ.
സാധാരണക്കാർക്കിടയിൽ സജീവമാകാത്ത ഇവയുടെ ഉപയോഗം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് പഠനം. മനുഷ്യന്റെ സംവേദനത്തെയും ചിന്തയെയും മാറ്റിമറിക്കാൻ കഴിവുള്ളവയാണ് ന്യൂജെൻ ലഹരിമരുന്നുകൾ. യഥാർഥമല്ലാത്ത കാഴ്ചകൾ കാണുന്നതായും തോന്നും. ഒരുഗ്രാം കൈവശംവെച്ചാൽപോലും 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ലക്ഷ്യം വിനോദസഞ്ചാരികളും വിദ്യാർഥികളും
ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടാണ് അതിമാരക ന്യൂജെൻ രാസ ലഹരി മരുന്നുകൾ എത്തുന്നത്. പേപ്പര്‍, സൂപ്പര്മാന്, മോളി, പേപ്പർ, ലാല, ആലീസ് തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുന്നത്. പഴ്സുകളിലും പുസ്തകങ്ങളിലുമായി എളുപ്പത്തിൽ സൂക്ഷിക്കാനാവുന്നതിനാൽ എൽ.എസ്.ഡിയും എം.ഡി.എം.എയും കണ്ടെത്താൻ പ്രയാസമാണ്. കാര്യമായ മണമോ പ്രത്യക്ഷ ലക്ഷണങ്ങളോ ഇല്ലാത്തതിനാൽ മറ്റുള്ളവർക്കും കണ്ടെത്താൻ ബുദ്ധിമുട്ടാണ്.
പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകൾ കേന്ദ്രീകരിച്ച് ഇത്തരം മരുന്നുകൾ വിൽക്കാൻ പ്രത്യേകം സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. സഞ്ചാരികൾ പങ്കെടുക്കുന്ന ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ലഹരി പദാർഥങ്ങൾ എത്തിക്കുന്ന പ്രത്യേക ഏജന്റുമാർ തന്നെ ജില്ലയിലുണ്ട്. നഗരങ്ങളില്‍ രഹസ്യമായി നടത്തുന്ന ഡി.ജെ പാര്‍ട്ടികളിലും സ്ഥിരസാന്നിധ്യം.
ജില്ലയിലെ ചില കോളജുകളിലെ ഹോസ്റ്റലുകളിലും മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന് വിവരമുണ്ട്. സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നതിനാൽ അധികൃതർക്കും കണ്ടെത്താൻ ബുദ്ധിമുട്ടാണ്.
പണം സ്വീകരിക്കുന്നതും ഓൺലൈനായിതന്നെ. മെഡിക്കൽ വിദ്യാർഥികൾ അടക്കം രാസ ലഹരി മരുന്നുകൾക്ക് അടിമകളാണെന്നതാണ് ഞെട്ടിക്കുന്ന വിവരം. മണിക്കൂറുകൾ നീണ്ട പഠനത്തിനും പരിശീലനത്തിനുമിടയിൽ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതായി കരുതുന്നു. കണ്ണൂർ സിറ്റി, ആയിക്കര, ഉരുവച്ചാൽ, കൊടപ്പറമ്പ്, മരക്കാർകണ്ടി, തയ്യിൽ, കണ്ണൂക്കരകുളം, സൗത്ത് റെയിൽവേ സ്റ്റേഷൻ, തലശ്ശേരി കടൽപാലം, മട്ടാമ്പ്രം തുടങ്ങിയ ഭാഗങ്ങളിൽ മയക്കുമരുന്ന് സംഘങ്ങൾ സജീവമാണ്. പ്രതികരിക്കുന്നവർക്കെതിരെ അക്രമം അഴിച്ചുവിടുന്നതിനാൽ പലരും മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ പരാതിപറയാറില്ല.
ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന മത്സ്യവണ്ടികളിൽ മയക്കുമരുന്ന് കടത്തുണ്ടെന്നും പരാതിയുണ്ട്. പലപ്പോഴും പൊലീസിനും എക്സൈസിനും കടക്കാനാവാത്ത കടലിടുക്കുകളും കുന്നിൻപുറങ്ങളുമാണ് ഇത്തരം സംഘങ്ങൾ കേന്ദ്രീകരിക്കുന്നത്.
മരുന്ന് എത്തിക്കുന്നത് ബന്ധു; അന്വേഷണം ബംഗളൂരുവിലേക്ക്
കണ്ണൂർ: രണ്ടുകോടിയിലധികം വിലവരുന്ന എം.ഡി.എം.എയുമായി മുഴപ്പിലങ്ങാട് സ്വദേശികളായ ദമ്പതികൾ പിടിയിലായ സംഭവത്തിൽ അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. തോട്ടൻറവിട ഹൗസിൽ അഫ്സൽ, ഭാര്യ ബൾകീസ് ചരിയ എന്നിവരെയാണ് കണ്ണൂർ നഗരത്തിലെ തെക്കിബസാറിൽ തിങ്കളാഴ്ച പൊലീസ് അറസ്റ്റുചെയ്തത്.
ഇവരുടെ ബന്ധു തെക്കി ബസാർ സ്വദേശി നിസാമാണ് ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് പാർസൽ അയക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളെ കണ്ടെത്താനാണ് പൊലീസിെൻറ ശ്രമം. ഇതിനായി അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിച്ചു. ഇയാൾ ബംഗളൂരുവിലാണ് താമസം. ബൽക്കീസിന് അയച്ച സന്ദേശങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നിസാമിെൻറ തെക്കീബസാറിലെ കട കേന്ദ്രീകരിച്ചാണ് പാർസലുകൾ എത്തിയിരുന്നത്.
നേരത്തേയും നിരവധി തവണ ഈ സംഘം മയക്കുമരുന്ന് കടത്തിയിട്ടുണ്ട്. മൂന്നുമാസം മുമ്പ് മുഴപ്പിലങ്ങാട് റോഡിൽ ഉപേക്ഷിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയിരുന്നു. ഓട്ടോഡ്രൈവർ വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് പൊതിയിൽ എം.ഡി.എം.എയാണെന്ന് മനസ്സിലായത്. ബൽക്കീസാണ് ഇതിന് പിന്നിലെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് ആവശ്യക്കാരെ നേരിൽകാണാതെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പൊതി ഉപേക്ഷിച്ചുപോകുന്നതായിരുന്നു ഇവരുടെ രീതി. പൊതിയിരിക്കുന്ന സ്ഥലത്തെ കുറിച്ച് വിവരം ചിത്രം സഹിതം ആവശ്യക്കാർക്ക് അയച്ചുകൊടുത്താണ് വിൽപന നടത്തിയിരുന്നത്. പണം ഓൺലൈനിലായാണ് സ്വീകരിച്ചിരുന്നത്. സംഭവത്തിന് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസിന് വിവരമുണ്ട്.
രണ്ടുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
കണ്ണൂർ: രണ്ടുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ. ഒഡിഷ നയാഗ്ര സ്വദേശി നിരഞ്ജ പ്രദാനാണ് എക്സൈസ് പിടിയിലായത്. കണ്ണൂർ എക്സസൈസ് റേഞ്ച് ഓഫിസ് ഇൻസ്പെക്ടർ സിനു കൊയില്യത്തിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് താവക്കരയിൽ യുവാവ് അറസ്റ്റിലായത്. എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.