പണിമുടക്കി ഇ-വാഹനങ്ങൾ പരിശോധന പാതിവഴിയിൽ
text_fieldsകണ്ണൂർ: വാഹനങ്ങളിലെയും നിരത്തിലെയും നിയമലംഘനങ്ങൾ കണ്ടെത്താൻ ഉണർന്നുപ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന് പാരയായി ഇ-വാഹനങ്ങളുടെ പണിമുടക്ക്. കാതടപ്പിച്ചും കണ്ണടപ്പിച്ചും ഒച്ചയുണ്ടാക്കിയും വെളിച്ചം മിന്നിച്ചും പറക്കുന്ന വാഹനങ്ങൾക്ക് പിന്നാലെ പായുമ്പോൾ ഉദ്യോഗസ്ഥരുടെ ഇലക്ട്രിക് വാഹനങ്ങൾ പാതിവഴിയിൽ കിതക്കുകയാണ്.
ഒറ്റത്തവണ ചാര്‍ജില്‍ 312 കിലോമീറ്റര്‍വരെ ഓടാന്‍ കഴിയുമെന്ന ഉറപ്പിൽ 2020ലാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 65 ഇലക്ട്രിക് എസ്.യു.വികൾ മോട്ടോർ വാഹന വകുപ്പ് സ്വന്തമാക്കിയത്.
എന്നാൽ, 150 കിലോമീറ്റർ മാത്രമാണ് ശരാശരി ഓടാനാവുന്നത്. സമതലമല്ലാതെ കയറ്റവും ഇറക്കവും നിറഞ്ഞ റോഡുകളാണെങ്കിൽ കണക്കുകൾ വീണ്ടും താഴേക്കാവും.
ജില്ലയിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിനായി അഞ്ച് ഇലക്ട്രിക് വാഹനങ്ങളാണ് ഉള്ളത്. താലൂക്ക് തലത്തിൽ ഓരോന്നുവീതവും ജില്ലതലത്തിലും സ്ക്വാഡുകളായാണ് നിരത്തിലെ പരിശോധന. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ തിരക്കിട്ട പരിശോധനകളാണ് നടക്കുന്നത്. നിയമലംഘനം നടത്തി രക്ഷപ്പെടുന്ന വാഹനങ്ങളെ പിന്തുടർന്ന് പിടികൂടേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തരം ചെയ്സുകളിൽ ചാർജ് തീർന്ന് റോഡിൽ കിടക്കാനാണ് മിക്കപ്പോഴും ഉദ്യോഗസ്ഥരുടെ വിധി. സംഭവം പലപ്പോഴും ആരും അറിയുന്നില്ലെന്നു മാത്രം. പകരം വണ്ടിയെത്തിച്ചാണ് പരിശോധന തുടരാനാവുക.
താലൂക്ക് തലത്തിലും ജില്ല തലത്തിലും പരിശോധന നടത്തുന്ന വാഹനങ്ങൾക്ക് ദിവസം 150 കിലോമീറ്ററിലേറെ സഞ്ചരിക്കാനുണ്ട്. കണ്ണൂർ ഒഴികെയുള്ള താലൂക്കുകളിലെല്ലാം മലയോര മേഖലയുൾപ്പെട്ടതിനാൽ പലപ്പോഴും ഫുൾ ചാർജിൽ പോലും ഓട്ടം പാതിവഴിയിലാവും. ഇ-വാഹനങ്ങൾ രാത്രി 10 മണിക്കൂർ ചാർജ് ചെയ്താൽ മാത്രമേ ബാറ്ററി നിറയൂ. സബ് ആർ.ടി ഓഫിസുകളിലും ആർ.ടി.ഒ, എൻഫോഴ്സ്മെന്റ് വിഭാഗം ഓഫിസുകളിലും ചാർജിങ് സംവിധാനമുണ്ടെങ്കിലും പകൽ വൈദ്യുതി ഉപഭോഗം കൂടുതലായതിനാൽ ചാർജ് ചെയ്യൽ പ്രാവർത്തികമല്ല. വാഹനങ്ങൾ വാങ്ങുന്ന സമയത്ത് എട്ടു വർഷം പരിപാലനം സൗജന്യമായി നൽകുമെന്ന് നിർമാണ കമ്പനി ഉറപ്പുനൽകുന്നുണ്ടെങ്കിലും നടപ്പാകാറില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പല വണ്ടികൾക്കും ബാറ്ററിക്ക് പ്രശ്നവുമുണ്ട്. ജില്ലയിലെ ഒരു വണ്ടി 13 തവണയാണ് തകരാറിലായത്. ബാറ്ററി മാറ്റണമെന്നാണ് അവസാനം ലഭിച്ച വിവരം. സംസ്ഥാന തലത്തിൽ ലഭിച്ച 65 വണ്ടികളിൽ 15 എണ്ണത്തിന് ഈ പ്രശ്നമുണ്ടെന്ന് വകുപ്പിലുള്ളവർ സമ്മതിക്കുന്നു. പതിവുപോലെ അവധിദിവസമായ ഞായറാഴ്ചയും എൻഫോഴ്സ്മെന്റ് വിഭാഗം നിരത്തിലിറങ്ങി 200ലധികം വാഹനങ്ങളാണ് പരിശോധിച്ചത്. 1.19 ലക്ഷം രൂപ പിഴയുമീടാക്കി. ഇ-വാഹനത്തിന്റെ ചാർജ് തീർന്നതിനാലാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.