എടക്കാട്ടെ പ്രതിമാസ സാഹിത്യ സദസ്സ് 50ലേക്ക്
text_fieldsകണ്ണൂർ: അനൗപചാരികവും വ്യത്യസ്തവുമായ ശൈലിയിൽ സാഹിത്യ സംഘാടനം നടത്തി ശ്രദ്ധേയമായ എടക്കാട് സാഹിത്യവേദി അമ്പതാം മാസത്തിലേക്ക് കടക്കുന്നു. 2017 മേയ് 21ന് ഏതാനും സാഹിത്യ പ്രേമികളുടെ ഒത്തുചേരലിൽ രൂപം കൊണ്ട എടക്കാട് സാഹിത്യവേദി, ഏതെങ്കിലും രാഷ്ട്രീയ, ജാതിമത ചായ്വുകളില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ്. കോവിഡ് കാലഘട്ടത്തിലൊഴികെ ഒരു മാസവും മുടങ്ങാതെ ഇന്നോളം നടന്നുവന്ന സാഹിത്യസദസ്സിൽ ഒരു വിഷയവും ഒരു മുഖ്യാതിഥിയും ഉണ്ടാകും. ചർച്ചകളും സംവാദങ്ങളും കവിത - കഥ അവതരണവുമൊക്കെയായി നടക്കുന്ന പരിപാടികളിൽ സമീപ പ്രദേശത്തുള്ളവർ മാത്രമല്ല വിദൂരങ്ങളിൽ നിന്നുപോലും സാഹിത്യ കുതുകികൾ എത്താറുണ്ട്.
സംഘടനാപരമായ ഔപചാരികതകൾ കൂടാതെ, എഴുത്തുകാരുടെയും സാഹിത്യ തൽപരരുടെയും തികച്ചും സൗഹൃദപരമായ കൂട്ടായ്മയായി പ്രവർത്തിക്കുന്നു എന്നത് പ്രധാന സവിശേഷതയാണ്. സാഹിത്യവേദിക്ക് കമ്മിറ്റിയോ ഭാരവാഹികളോ അംഗത്വമോ വരിസംഖ്യയോ ഇല്ല. ഏറ്റവും മുതിർന്ന എഴുത്തുകാർ മുതൽ നവാഗതർക്ക് വരെ തുല്യപരിഗണന ലഭിക്കുന്നു. ഓരോ പ്രതിമാസ പരിപാടിയിലും ഓരോരുത്തർ മാറിമാറി സ്വാഗത ഭാഷകരും അധ്യക്ഷരുമായി വരുന്നു. സാധാരണ ചെലവുകൾ കൂട്ടായ്മയിലെ എഴുത്തുകാർ വീതിച്ച് വഹിക്കുന്നു. വാർഷിക പരിപാടിക്ക് മാത്രമേ പൊതു ധനസമാഹരണം നടത്തുകയുള്ളൂ. വിവിധ പരിപാടികളിലായി സച്ചിദാനന്ദൻ, എം. മുകുന്ദൻ, കെ.പി. രാമനുണ്ണി, എൻ. പ്രഭാകരൻ, പ്രഫ. എം.എ. റഹിമാൻ, പി.കെ. പാറക്കടവ്, കുരീപ്പുഴ ശ്രീകുമാർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വി.ആർ. സുധീഷ്, പവിത്രൻ തീക്കുനി, വി.എസ്. അനിൽകുമാർ, എൻ. ശശിധരൻ, ഡോ. എ.ടി. മോഹൻരാജ് തുടങ്ങിയവർ സംബന്ധിച്ചിട്ടുണ്ട്.
ഓരോ വർഷവും വ്യത്യസ്ത സാഹിത്യ ശാഖകൾക്കായി അഷ്റഫ് ആഡൂർ സാഹിത്യ പുരസ്കാരം നൽകി വരുന്നു. 15000 രൂപയും ശിൽപവും അടങ്ങുന്ന അവാർഡ് വിനോയ് തോമസ്, ആർ. രാജശ്രീ, പ്രദീപ് രാമനാട്ടുകര എന്നിവർക്കാണ് ഇതുവരെ ലഭിച്ചത്. എല്ലാ വർഷവും വിദ്യാർഥി യുവജനങ്ങൾക്കായി ജില്ലതല സാഹിത്യരചന മത്സരങ്ങൾ നടത്തുന്നു. ഭൂമിക എന്ന പേരിൽ വാർഷിക മാഗസിനും പ്രസിദ്ധീകരിച്ചു വരുന്നു. കഴിഞ്ഞ ആറുവർഷങ്ങൾക്കിടയിൽ എടക്കാട് സാഹിത്യവേദി അംഗങ്ങളുടെ മുപ്പതോളം പുസ്തകങ്ങൾ വ്യത്യസ്ത പ്രസാധകരിലൂടെ പുറത്തിറങ്ങിയിട്ടുണ്ട്. തലമുതിർന്ന എഴുത്തുകാരനും അക്കാദമി പുരസ്കാര ജേതാവുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട്, പ്രശസ്ത വിവർത്തകൻ ഷാഫി ചെറുമാവിലായി, ബാലസാഹിത്യകാരി അംബുജം കടമ്പൂര്, രവീന്ദ്രൻ കിഴുന്ന, സതീശൻ മോറായി, ഡോ. എ.ടി. മോഹൻരാജ്, ഡോ. എ. വത്സലൻ, കളത്തിൽ ബഷീർ തുടങ്ങി അമ്പതോളം എഴുത്തുകാരാണ് വേദിയിലുള്ളത്. എം.കെ. അബൂബക്കർ കോഓഡിനേറ്ററായി പ്രവർത്തിക്കുന്നു.
എടക്കാട് സാഹിത്യവേദിയുടെ അമ്പതാമത് സാഹിത്യസദസ്സ് ‘അയിമ്പത്’ ഡിസംബർ 24 ന് ഉച്ചക്ക് 2.30 ന് എടക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ കവി സുകുമാരൻ ചാലിഗദ്ധ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.