മുഖം മിനുക്കാനൊരുങ്ങി എടക്കാട്
text_fieldsഎടക്കാട്: സൗന്ദര്യവത്കരണ പദ്ധതിയിലൂടെ എടക്കാട് മുഖം മിനുക്കുകയാണ്. മുഖ്യമന്ത്രിയുടെ തനത് ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെ പ്രധാന ബസാറുകൾ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് എടക്കാട് ബസാറും മാറ്റത്തിനൊരുങ്ങുന്നത്.
കണ്ണൂരിലെ ഏറ്റവും പഴക്കംചെന്ന ബസാറുകളിലൊന്നാണ് എടക്കാട്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വിശാലമായ ബസ് കാത്തിരിപ്പു കേന്ദ്രം, കൺവെൻഷൻ ഗ്രൗണ്ട്, ശൗചാലയം, ഇന്റർലോക്കിൽ നിർമിക്കുന്ന നടപ്പാത, യാത്രക്കാരുടെ സുരക്ഷക്ക് കൈവരി തുടങ്ങിയവയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.
കൈവരിയിൽ പൂച്ചട്ടികളിൽ വിവിധ തരം ചെടികളും വെച്ചുപിടിപ്പിക്കും. ദേശീയപാത 66 പടിഞ്ഞാറ് ദിശയിൽ കൂടി കടന്നുപോവുകയും ബസാറിൽ എത്തിപ്പെടാൻ അടിപ്പാത യാഥാർഥ്യമാവുകയും ചെയ്തത് എടക്കാട് ബസാറിന്റെ പഴമയുടെ വീണ്ടെടുപ്പു കൂടിയാണെന്ന് നാട്ടുകാർ പറയുന്നു.
ദേശീയപാത നിർമാണം പുരോഗമിക്കവെ നാട്ടുകാർ നടത്തിയ ജനകീയ പ്രക്ഷോഭത്തിലൂടെയാണ് അടിപ്പാത യാഥാർഥ്യമായത്. വിവിധ പ്രദേശത്തുള്ളവർ എടക്കാട് ബസാറിനെ ആശ്രയിക്കുന്നതോടെ വ്യാപാര മേഖല ഉൾപ്പെടെ കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.