ഒന്നുകിൽ നായ് അല്ലെങ്കിൽ കുറുക്കൻ
text_fieldsകണ്ണൂർ: ജില്ലയിൽ തെരുവുനായ് ആക്രമണം തുടരുന്നു. കണ്ണൂർ എസ്.എൻ പാർക്കിനുസമീപം വെള്ളിയാഴ്ച രാവിലെ എട്ടുപേരെ തെരുവുനായ് കടിച്ചു. മേലെചൊവ്വ സ്വദേശിനി ഷീജ (47), കീഴ്പ്പള്ളിയിലെ ബൈജു (40), അന്തർ സംസ്ഥാന തൊഴിലാളികളായ ഷോദേവ് (47), സദര്‍നോ (25) തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്.
ജോലി ആവശ്യാർഥം രാവിലെ മുനീശ്വരന്‍ കോവിലിനുസമീപം നടന്നുപോവുകയായിരുന്ന തൊഴിലാളികള്‍ക്കാണ് കടിയേറ്റത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ഷീജയെ നായ് ആക്രമിച്ചത്.
പരിക്കേറ്റവരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നായ് പിടിത്തക്കാരെത്തി ഇവയെ പിടികൂടി പാപ്പിനിശ്ശേരി എ.ബി.സി കേന്ദ്രത്തിലേക്ക് മാറ്റി. പേവിഷബാധയുണ്ടോയെന്ന് നിരീക്ഷിക്കും. താഴെ ചമ്പാട്, മേലെ ചമ്പാട്, കാർഗിൽ ഭാഗങ്ങളിൽ ആറുപേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു.
താഴെ ചമ്പാട് ഇല്ലിക്കന്റവിടെ മഹമൂദ്, മുണ്ടോളയിൽ റമീസ്, സൽമ, അഷിൻരാജ്, കണിയാങ്കണ്ടി ജമീല, മേലെ ചമ്പാട്ടെ വിനോദ് എന്നിവർക്കാണ് കടിയേറ്റത്. വീട്ടിൽനിന്നാണ് പലർക്കും കടിയേറ്റത്. ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ കുറുക്കനെ നാട്ടുകാർ തല്ലിക്കൊന്നു.
പ്രദേശത്ത് രണ്ടുദിവസമായി ഭ്രാന്തൻ കുറുക്കന്റെ ആക്രമണം രൂക്ഷമാണ്. നിരവധി തെരുവുനായ്ക്കളെ കുറുക്കൻ കടിച്ചതായാണ് കരുതുന്നത്. കുട്ടികൾ അടക്കമുള്ളവർ പുറത്തിറങ്ങാൻ ഭയക്കുകയാണ്.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അശോകൻ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ശശിധരൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. കൂത്തുപറമ്പ്, പാനൂർ, മട്ടന്നൂർ, തളിപ്പറമ്പ് ഭാഗങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം പയ്യന്നൂരിൽ ഒരുമണിക്കൂറിനിടെ 10 പേരെയാണ് നായ് കടിച്ചത്.
ജില്ല പഞ്ചായത്ത് നേതൃത്വത്തില്‍ പടിയൂരിൽ തുടങ്ങിയ എ.ബി.സി കേന്ദ്രം പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് അപേക്ഷ ലഭിക്കുന്ന മുറക്ക് എ.ബി.സി സംഘമെത്തി നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കും.
കരുതൽ നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്
കണ്ണൂർ: നഗരത്തിൽ ആറുപേരെ കടിച്ച തെരുവുനായെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടി നിരീക്ഷണത്തിലാക്കി.
കണ്ണൂർ താളിക്കാവ് അമ്പലത്തിനു സമീപം നാലുപേരെ കടിച്ച നായെ പിടികൂടുന്നതിനുള്ള ശ്രമത്തിനിടെ രണ്ടു ദൗത്യസേന അംഗങ്ങൾക്കുകൂടി കടിയേറ്റു.
വരുതിയിലാക്കിയ നായെ പാപ്പിനിശ്ശേരി മൃഗാശുപത്രിയോടനുബന്ധിച്ചുള്ള താൽക്കാലിക അഭയകേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കി. ജില്ലാതല എ.ബി.സി നിരീക്ഷണ സെൽ അംഗങ്ങളായ സീനിയർ വെറ്ററിനറി സർജൻ ഡോ. പി.കെ പത്മരാജ്, ഡോ. സുഷമ പ്രഭു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇതിനിടെ പയ്യന്നൂർ, കരിവെള്ളൂർ പ്രദേശങ്ങളിൽ കഴിഞ്ഞദിവസം പരിഭ്രാന്തി പരത്തിയ തെരുവുനായ്ക്കളെ ജില്ല പഞ്ചായത്ത് എ.ബി.സി സെല്ലിലെ പ്രവർത്തകർ പിടികൂടി പടിയൂർ സെൻററിലെ കേന്ദ്രത്തിലേക്കു മാറ്റി. പ്രാഥമിക നിരീക്ഷണത്തിനുശേഷം ഇവയെ വന്ധ്യംകരണവും വാക്സിനേഷനും നടത്തി ആവാസവ്യവസ്ഥയിൽ തുറന്നുവിടും.
നിയമാനുസൃതമായ മാർഗങ്ങളിലൂടെ തെരുവുനായ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, എ.ബി.സി ജില്ല നിർവഹണ ഉദ്യോഗസ്ഥൻ ഡോ. അജിത് ബാബു എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.