കാത്തിരിപ്പിനുശേഷം കുടക് തൂത്തുവാരി കോൺഗ്രസ്
text_fieldsകണ്ണൂർ: രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ബി.ജെ.പിയുടെ സ്വന്തം ജില്ലയായ കുടക് തൂത്തുവാരി കോൺഗ്രസ്. ജില്ലയിലെ വിരാജ്പേട്ട, മടിക്കേരി മണ്ഡലങ്ങൾ കോൺഗ്രസ് തിരിച്ചു പിടിച്ചു. മടിക്കേരിയിലെ നിലവിലെ ബി.ജെ.പി എം.എൽ.എയായിരുന്ന എം.പി. അപ്പച്ചു രഞ്ജനെ 4700 വോട്ടുകൾക്കാണ് കുടകിലെ മരുമകൻ എന്നറിയപ്പെടുന്ന കോൺഗ്രസിലെ ഡോ. മന്ദർ ഗോഡ പരാജയപ്പടുത്തിയത്.
വിരാജ്പേട്ട മണ്ഡലത്തിൽ കോൺഗ്രസിലെ എ.എസ്. പൊന്നണ്ണ 4291 വോട്ടുകൾക്കാണ് നിലവിലെ ബി.ജെ.പിയുടെ എം.എൽ.എയായിരുന്ന കെ.ജി. ബൊപ്പയ്യയെ തോൽപ്പിച്ചത്.
ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ബി.ജെ.പി ജയിച്ചു കയറുന്ന കുടകിൽ കോൺഗ്രസിന്റെ കേഡർ സ്വഭാവമുള്ള തെരഞ്ഞെടുപ്പ് പര്യടനവും കേരള നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമാണ് ഇത്തവണ അട്ടിമറി വിജയത്തിന് സഹായിച്ചത്.
കോൺഗ്രസിന് കാര്യമായ രീതിയിൽ സംഘടന സംവിധാനമില്ലാത്ത കുടകിൽ മികച്ച സ്ക്വാഡ് സംവിധാനത്തോടെ പ്രവർത്തിച്ചതും ഇരു മണ്ഡലങ്ങളും പിടിക്കാൻ ഏറെ സഹായകമായി.
വ്യാപാരത്തിനും മറ്റുമായി കുടകിലേക്ക് കുടിയേറിപ്പാർത്ത നിരവധി പേർക്ക് കുടകിലാണ് വോട്ട്. വീരാജ്പേട്ടയിൽമാത്രം ആകെയുള്ള വോട്ടർമാരിൽ 50 ശതമാനവും മലയാളികളാണ്. ഇവരുടെ വോട്ടുകൾ പരമാവധി പെട്ടിയിലാക്കാൻ ആവശ്യമായ ഇടപെടലുകളും കോൺഗ്രസ് നടത്തി.
15 വർഷമായി ബി.ജെ.പിയുടെ എം.പി. അപ്പച്ചു രഞ്ജനും മകെ.ജി ബൊപ്പയ്യയും മടിക്കേരി, വിരാജ്പേട്ട മണ്ഡലങ്ങളിലെ എം.എൽ.എമാരാണ് ഇത്തവണയും കുടക് ജില്ല പിടിക്കാൻ ബി.ജെ.പി ക്യാമ്പ് വൻപ്രചാരണ പരിപാടികളാണ് നടത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കൾ കുടകിലെത്തിയിരുന്നു. കോൺഗ്രസിന് വേണ്ടി ഡി.കെ. ശിവകുമാറും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി.
കുടകിൽ യുവാക്കൾക്ക് മത്സരിക്കാൻ അവസരം നൽകിയതും വിജയത്തിന് നിർണായക പങ്ക് വഹിച്ചെന്നാണ് വിലയിരുത്തൽ. പൊന്നമ്പട്ട താലൂക്കിലെ ഹുദിക്കേരി സ്വദേശിയ എ.എസ്. പൊന്നണ്ണ മുതിർന്ന കോൺഗ്രസ് നേതാവായ എ.കെ. സുബ്ബയ്യയുടെ മകനാണ്.
കോൺഗ്രസ് ലീഗൽ സെൽ സംസ്ഥാന പ്രസിഡന്റായ ഇദ്ദേഹം മൂന്നു വർഷമായി മണ്ഡലത്തിൽ സജീവമാണ്. ഭൂസമരത്തിലടക്കം പങ്കെടുത്ത ഇദ്ദേഹം താഴെതട്ടിൽ ഓളമുണ്ടാക്കി.
പൊന്നണ്ണയിലൂടെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടക് ജനത. സംഘർഷ സാധ്യതയുള്ളതിനാൽ നിരോധാനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും കുടകിൽ നിരവധി പ്രവർത്തകരാണ് ആഹ്ലാദ പ്രകടനത്തിനായി ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.