തെരഞ്ഞെടുപ്പ്: ജില്ലയിൽ അവസാനഘട്ട ഒരുക്കമായി
text_fieldsകണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടുയന്ത്രങ്ങളില് സ്ഥാനാര്ഥികളുടെ പേര് സെറ്റ് ചെയ്യുന്ന പ്രവൃത്തി ജില്ലയില് ആരംഭിച്ചു. 20 കേന്ദ്രങ്ങളിലെ ഗ്രാമപഞ്ചായത്തുകള്, കണ്ണൂര് കോര്പറേഷന്, 11 ബ്ലോക്ക് പഞ്ചായത്തുകള്, എട്ട് നഗരസഭകള് എന്നിവിടങ്ങളിലേക്കുള്ള വോട്ടുയന്ത്രങ്ങളുടെ കമീഷനിങ് ആണ് നടക്കുന്നത്. വിവിധ പഞ്ചായത്തുകളിലായി 2385, നഗരസഭകളില് 410, കോര്പറേഷനില് 190 എന്നിങ്ങനെ 2985 വോട്ടുയന്ത്രങ്ങളാണ് വിതരണം ചെയ്യുന്നത്.
കോര്പറേഷനിലും നഗരസഭകളിലും വോട്ടുയന്ത്രങ്ങളുടെ 25 ശതമാനവും പഞ്ചായത്തുകളില് രണ്ട് ശതമാനവും റിസര്വായി നല്കുന്ന വോട്ടുയന്ത്രങ്ങള് ഉൾപ്പെടെയാണിത്.ജില്ലയില് ഏറ്റവും കൂടുതല് പോളിങ് സ്റ്റേഷനുകളുള്ള തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് (270) നല്കുന്നത് 320 കണ്ട്രോള് യൂനിറ്റുകളും 960 ബാലറ്റ് യൂനിറ്റുകളുമാണ്. 50 കണ്ട്രോള് യൂനിറ്റുകള് റിസര്വായി സൂക്ഷിക്കും.
ഏറ്റവും കുറവ് പോളിങ് ബൂത്തുകളുള്ള പാനൂര് ബ്ലോക്കിലെ 118 ബൂത്തുകളിലേക്കായി റിസര്വടക്കം 140 കണ്ട്രോള് യൂനിറ്റുകളാണ് സജ്ജമാക്കിയിട്ടുള്ളത്. കണ്ണൂര് കോര്പറേഷനിലേക്ക് 190 യന്ത്രങ്ങളാണ് നല്കുക. ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യയിലെ എൻജിനീയര്മാര് യന്ത്രങ്ങളുടെ പരിശോധന പൂര്ത്തിയാക്കിയ ശേഷമാണ് കമീഷന് ചെയ്തത്. ഡിസംബര് 11ന് കമീഷനിങ് പൂര്ത്തിയാകും.
നിലവില് വോട്ടുയന്ത്രങ്ങള് ബ്ലോക്കുതല വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. 13ന് രാവിലെ എട്ടു മുതല് വോട്ടുയന്ത്രങ്ങള് ഉൾപ്പെടെ തെരഞ്ഞെടുപ്പ് സാമഗ്രികള് പോളിങ് ഉദ്യോഗസ്ഥര്ക്ക് വിതരണം ചെയ്യും.വോട്ടുയന്ത്രങ്ങള് ലിങ്ക് ഇറര് പോലുള്ള തകരാറുകള് ഉണ്ടായാല് പരിഹരിക്കുന്നതിനുള്ള നിർദേശങ്ങള് തെരഞ്ഞെടുപ്പ് കമീഷന് നല്കുന്ന ഹാൻഡ് ബുക്കില് നല്കിയിട്ടുണ്ട്.
അതിനു പുറമെ വരുന്ന സാങ്കേതിക തകരാറുകള് പരിശോധിക്കാന് പ്രത്യേക സംഘത്തെയും തയാറാക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് സാമഗ്രികളുടെയും വോട്ടുയന്ത്രങ്ങളുടെയും ചുമതലയുള്ള നോഡല് ഓഫിസര് കൂടിയായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര് ടി.ജെ. അരുണ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.