ആനമതിൽ നിർമാണം വൈകുന്നു; അധിക ചെലവ് 31 കോടി രൂപ
text_fieldsകേളകം: ആറളം ഫാം പുനരധിവാസ മേഖലയെ കാട്ടാന ഭീഷണിയിൽനിന്നും സംരക്ഷിക്കുന്നതിനായി ആനമതിൽ നിർമിക്കുമെന്ന മന്ത്രിയുടെ പാഴ്പ്രഖ്യാപനത്തിനുശേഷം പൊലിഞ്ഞത് ആറു ജീവൻ. 2019 ജനുവരി ആറിന് അന്നത്തെ വകുപ്പ് മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ച ആനമതിൽ ചില ഉന്നത ഉദ്യോഗസ്ഥർ വൈകിപ്പിക്കുകയായിരുന്നു.
ആനമതിൽ പ്രവൃത്തിക്കുള്ള എസ്റ്റിമേറ്റ് പുതുക്കിയ വകയിൽ മാത്രം സർക്കാർ ഖജനാവിനു നഷ്ടം 31 കോടി രൂപയിലധികവും. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് തുക 55.234 കോടി രൂപയാണ് 550 മീറ്ററിൽ റെയിൽ വേലി ഉൾപ്പെടെ പത്തര കിലോമീറ്ററിൽ ആനമതിൽ പണിയാനുള്ള ചെലവ്. നേരത്തേ പത്തര കിലോമീറ്റർ മതിലും മൂന്ന് കിലോമീറ്റർ റെയിൽ വേലിയും 22 കോടി രൂപക്ക് പണിയാമെന്നു വ്യക്തമാക്കിയാണ് ഊരാളുങ്കൽ സൊസൈറ്റി എസ്റ്റിമേറ്റ് നൽകിയത്.
ആറളം ഫാമിൽ ആദിവാസി പുനരധിവാസം നടത്തിയ ശേഷം 2014ൽ തന്നെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഏപ്രിൽ 20ന് ബ്ലോക്ക് 15ൽ ചോമാനിയിൽ മാധവിയെയാണ് ആന കൊലപ്പെടുത്തിയത്. അടുത്ത മൂന്ന് വർഷം കൊണ്ട് അഞ്ച് പേരെ കൂടി ആന കൊലപ്പെടുത്തിയതോടെയാണ് എ.കെ. ബാലൻ ആനമതിൽ ഉടൻ പണിയുമെന്നു പ്രഖ്യാപിച്ചത്. ഒരു വർഷത്തിനകം മതിൽ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിച്ചവർക്കു തെറ്റി. ചില ഉന്നത ഉദ്യോഗസ്ഥർ മതിൽ പണി അനന്തമായി നീട്ടിക്കൊണ്ടുപോയി. ഇപ്പോൾ നിലവിൽ ആകെ 14 പേർ കാട്ടാനയുടെ കൊലവിളിക്ക് ഇരയായി.
ആനമതിൽ നിർമാണത്തിൽ നിലവിളി ഉയർന്നതോടെ ജില്ല പഞ്ചായത്തും ബജറ്റിൽ ഇതിനായി പ്രത്യേക തുക വകയിരുത്തി. കൂടാതെ വനാതിർത്തിയിൽ വന്യമൃഗങ്ങളുടെ ശല്യം തടയാൻ സൗരോർജ തൂക്കുവേലി പണിയാൻ ഒരു കോടിയും ജില്ല പഞ്ചായത്ത് തുക വകയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.