തെരുവ് കച്ചവടക്കാരോട് കോവിഡ് കാലത്തുള്ള പൊലീസിൻെറ ക്രൂരത അവസാനിപ്പിക്കണമെന്ന്
text_fieldsകണ്ണൂർ: ജീവിതത്തിൻെറ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവസാനത്തെ അത്താണിയായി വെയിലത്തും മഴയത്തും തെരുവിൽ മല്ലിടുന്ന തെരുവ് കച്ചവടക്കാരോട് കോവിഡിൻെറ മറവിൽ പൊലീസ് നടത്തുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി (വി.കെ.കെ.എസ്. - എഫ്.ഐ.ടി.യു.) കണ്ണൂർ ജില്ല എക്സിക്യൂട്ടീവ് യോഗം.
കഴിഞ്ഞ ദിവസം കണ്ണൂർ മാർക്കറ്റിൽ തെരുവ് കച്ചവടക്കാർക്കെതിരെ പൊലീസ് നടത്തിയ അഴിഞ്ഞാട്ടം മാപ്പർഹിക്കുന്നില്ല. ഹൃദയ രോഗിയായ കച്ചവടക്കാരൻ വിൽപനക്ക് വെച്ചിരുന്ന പഴങ്ങളെല്ലാം നീതിയും നിയമവും പരിപാലിക്കേണ്ടവർ തന്നെ നശിപ്പിക്കുന്ന കാഴ്ച മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ലോക്ഡൗൺ മൂലം ദീർഘകാലം വീട്ടിലിരിക്കേണ്ട കച്ചവടക്കാരൻ ഗതിമുട്ടിയപ്പോഴാണ് കടം വാങ്ങിയ ഫ്രൂട്ട്സുമായി തെരുവിലെത്തിയത്. സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭങ്ങൾക്ക് വഴിയോര കച്ചവട ക്ഷേമ സമിതി നേതൃത്വം കൊടുക്കുമെന്നും യോഗം പ്രസ്താവനയിൽ അറിയിച്ചു.
ജില്ല പ്രസിഡൻറ് എൻ.എം. ശഫീഖ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുബൈർ ഇരിട്ടി ഉദ്ഘാടനം ചെയ്തു. ജില്ല കമ്മറ്റിയംഗങ്ങളായ അബ്ദു സമദ് കണ്ണൂർ, റീത്ത വാരം, ഹാഷിം പുതിയതെരു, അബ്ദു റഊഫ് മാഹി എന്നിവർ സംസാരിച്ചു. ശിഹാബുദ്ധീൻ പി. സ്വാഗതവും സീന ചിറക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.