ബംഗളൂരു എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടൽ; തീരുമാനം റദ്ദാക്കാൻ സമ്മർദം
text_fieldsകണ്ണൂർ: മംഗളൂരു വഴി സർവിസ് നടത്തുന്ന ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയ റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ കർണാടകയിൽ പ്രതിഷേധം. ദക്ഷിണ കന്നട എം.പിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ നളിൻകുമാർ കട്ടീൽ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി.
ട്രെയിനിൽ 22 കോച്ചുകളുണ്ടെങ്കിലും എപ്പോഴും കനത്ത വെയിറ്റ്ങ് ലിസ്റ്റാണെന്നും കോഴിക്കോട് വരെ ട്രെയിൻ നീട്ടിയാൽ മംഗളൂരുവിലെ പൊതുജനങ്ങൾക്ക് ലഭ്യമായ സീറ്റുകളും ബർത്തുകളും കുറയുന്നതിനാൽ മേഖലയിലെ പൊതുജനങ്ങൾ തീരുമാനത്തെ എതിർക്കുകയാണെന്നും എം.പി പറയുന്നു. ട്രെയിൻ ആദ്യം ബംഗളൂരുവിനും മംഗളൂരുവിനും ഇടയിലാണ് സർവിസ് നടത്തിയത്. പിന്നീടാണ് കണ്ണൂരിലേക്ക് നീട്ടിയത്. ഈ മേഖലയിലെ ജനങ്ങളെ നിരാശരാക്കി ട്രെയിൻ കോഴിക്കോട് വരെ നീട്ടാൻ റെയിൽവേ ബോർഡ് ഉത്തരവിട്ടത് പ്രദേശത്തെ പൊതുജനങ്ങൾ എതിർക്കുന്നതായും നളിൻകുമാർ നിവേദനത്തിൽ പറഞ്ഞു.
കോഴിക്കോട് വരെ ട്രെയിൻ നീട്ടുമെന്ന റെയിൽവേയുടെ തീരുമാനത്തിലൂടെ ദുരിതയാത്രക്ക് അൽപം അറുതിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ. തലശ്ശേരി, വടകര, കൊയിലാണ്ടി സ്റ്റേഷനുകളിൽ അനുവദിച്ച സ്റ്റോപ്പ് കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടുന്ന തരത്തിലായിരുന്നു. ഇതിന് തുരങ്കം വെക്കുന്ന നിലയിലാണ് ദക്ഷിണ കന്നട എം.പിയുടെ ഇടപെടലെന്നാണ് യാത്രക്കാർ പറയുന്നത്. അടുത്തദിവസം തന്നെ പുതിയ ഷെഡ്യൂൾ പ്രകാരം ട്രെയിൻ ഓടിത്തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചതിനിടയിലാണ് പുതിയ നീക്കം.
നേരത്തേ ട്രെയിൻ കോഴിക്കോട് വരെ നീട്ടാനുള്ള നിർദേശത്തിന് ഇന്ത്യൻ റെയിൽവേ ടൈം ടേബിൾ കമ്മിറ്റി അംഗീകാരം നൽകിയെങ്കിലും നടപടിയായിരുന്നില്ല. നളിൻകുമാറിന്റെയും കർണാടക ലോബിയുടെയും ഇടപെടലിനെ തുടർന്നാണ് ഈ തീരുമാനം അട്ടിമറിക്കപ്പെട്ടതെന്ന് ആരോപണമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.