ചൂടാണേ, സൂക്ഷിക്കണം
text_fieldsകണ്ണൂർ: പുറത്തിറങ്ങാനാകാതെ കണ്ണൂർ തിളക്കുന്നു. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ ചൂടു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ടെന്നും ജനം ജാഗ്രത പുലര്‍ത്തണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സൂര്യാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം മാഹി പന്തക്കൽ സ്വദേശി മരിച്ചിരുന്നു. 36.7 ഡിഗ്രി സെൽഷ്യസാണ് കണ്ണൂരിൽ തിങ്കളാഴ്ച രേഖപ്പെടുത്തിയ ചൂട്. കൂടുതല്‍ സമയം വെയിലത്ത് ചെലവഴിക്കുമ്പോള്‍ സൂര്യാതപം കൊണ്ട് പൊള്ളല്‍ ഉണ്ടാകാനിടയുണ്ട്. അങ്ങനെ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് തണലിലേക്ക് മാറണം. ധാരാളം വെള്ളം കുടിക്കുക, പൊള്ളലേറ്റ ഭാഗത്ത് തണുത്ത വെള്ളം സാവധാനം ഒഴിക്കുകയും, തണുത്ത വെള്ളത്തില്‍ മുക്കിയ സ്പോഞ്ച് കൊണ്ട് മൃദുവായി തുടക്കുകയും ചെയ്യണം. പേശി വലിവ്മൂലം കൈകാലുകള്‍, സന്ധികള്‍ പൂര്‍ണമായും നിവര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം.
കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ശരീര ശോഷണം ഉണ്ടാകാം. ക്ഷീണം, കഠിനമായ വിയര്‍പ്പ്, തലകറക്കം, തലവേദന, പേശി വലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുകയും കടും മഞ്ഞ നിറമാവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ചര്‍മം, ശക്തിയായ തലവേദന, തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അപസ്മാരം, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. അടിയന്തര ചികിത്സ ആവശ്യമായ ഒരു അവസ്ഥാ വിശേഷമാണിത്.
പ്രായമുള്ളവര്‍, കുഞ്ഞുങ്ങൾ, കുട്ടികള്‍, ഗര്‍ഭിണികള്‍, പോഷകാഹാരക്കുറവുള്ളവര്‍, പ്രമേഹം, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗം മുതലായ രോഗമുള്ളവര്‍ എന്നിവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാതപമേറ്റാല്‍ പോലും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാം.വെയിലത്ത് പണിയെടുക്കുന്നവര്‍, വളരെ കുറച്ചു വെള്ളം കുടിക്കുന്നവര്‍, തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും താല്‍ക്കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്നവര്‍, കൂടുതല്‍ സമയവും പുറത്തു ജോലിചെയ്യുന്ന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകടസാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു.
സൂര്യാഘാതമുണ്ടായാൽ...
തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്ത് തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കണം. ഫാന്‍, എസി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക, ധാരാളം പാനീയം കുടിക്കുക. ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഒ.ആര്.എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങ വെള്ളം, കരിക്കിന് വെള്ളം എന്നിവ കുടിക്കുന്നത് കൂടുതല്‍ ഉചിതമായിരിക്കും.ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരിക്കുകയോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തണം. കൂടുതല്‍ സമയം സൂര്യപ്രകാശം നേരിട്ട് ഏല്ക്കുന്ന ആളുകള്‍ക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ ബാധിക്കാന്‍ സാധ്യത കൂടുതല്‍. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഉച്ചസമയം വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കേണ്ടതാണ്.ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുട്ടികളെ അതികഠിനമായ വെയിലുള്ള സമയങ്ങളില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.