അതിഥി തൊഴിലാളികൾക്ക് ഫെസിലിറ്റേഷന്‍ കേന്ദ്രം തുറന്നു
text_fieldsകണ്ണൂർ: അതിഥി തൊഴിലാളികള്‍ക്കായി ജില്ലയില്‍ ഫെസിലിറ്റേഷന്‍ കേന്ദ്രം ഒരുങ്ങി. കണ്ണൂര്‍ താവക്കര യൂനിവേഴ്സിറ്റി റോഡിന് സമീപമുള്ള കെട്ടിടത്തിലാണ് ഫെസിലിറ്റേഷന്‍ ഓഫിസ് സജ്ജമാക്കിയത്. ജില്ല ലേബര്‍ ഓഫിസിന്റെ കീഴില്‍ ലേബര്‍ എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍ക്കാണ് കേന്ദ്രത്തിന്റെ ചുമതല. അതിഥി തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ചൂഷണങ്ങള്‍, നിയമപരമായ പ്രശ്നങ്ങള്‍, അവരുടെ അവകാശങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ തുടങ്ങി ഇവരുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും ഇവിടെ പരിഹാരമുണ്ടാകും.
തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും തൊഴിലവകാശങ്ങളും അതിഥി തൊഴിലാളികള്‍ക്കും ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി വി. ശിവന്‍കുട്ടി കേന്ദ്രം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ഒരുക്കുന്നതിന് തൊഴില്‍ വകുപ്പ് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാറിന്റെ രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടന പരിപാടി നടത്തിയത്. രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ല ലേബര്‍ ഓഫിസര്‍ കെ.എ. ഷാജു എന്നിവര്‍ സംബന്ധിച്ചു. നിലവില്‍ താല്‍ക്കാലികമായി ഒരു മുറിയാണ് ഫെസിലിറ്റേഷന്‍ സെന്ററാക്കി മാറ്റിയത്. പിന്നീട് സിവില്‍ സ്റ്റേഷനില്‍ സൗകര്യം ലഭിച്ചാല്‍ ലേബര്‍ ഓഫിസിനടുത്ത് ഫെസിലിറ്റേഷന്‍ സെന്റര്‍ മാറ്റുമെന്ന് ജില്ല ലേബല്‍ എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.