കൈപൊള്ളിച്ച് പച്ചക്കറി; തിരിച്ചടിയായത് ഇതര സംസ്ഥാനങ്ങളിലെ മഴ
text_fieldsശ്രീകണ്ഠപുരം: പാചകവാതക വിലവർധനക്കു പിന്നാലെ പച്ചക്കറിക്കും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും വില കുതിച്ചുകയറിയതോടെ അടുക്കളയിൽ കണ്ണീർപാചകം. വില വർധന വീടുകൾക്ക് പുറമെ ഹോട്ടലുകളെയും ബാധിക്കാൻ തുടങ്ങി. വിവാഹ സീസൺ തുടങ്ങിയതും ശബരിമല വ്രതക്കാലമായതിനാലും പച്ചക്കറിക്കുള്ള ആവശ്യം വർധിച്ചിരുന്നു.
വില വർധന ഇവിടെയും തിരിച്ചടിയാവും. മാസങ്ങളായി വിലവർധനയിൽ നാമമാത്ര വ്യത്യാസമാണുണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ നാലുദിവസംകൊണ്ടാണ് കുതിച്ചുചാട്ടമുണ്ടായത്. വിലയിൽ മുന്നിലെത്തിയത് തക്കാളിയാണ്. കിലോഗ്രാമിന് 30-40 രൂപയുണ്ടായിരുന്ന തക്കാളിക്ക് വ്യാഴാഴ്ച റീട്ടെയിൽ വില കിലോക്ക് 86 രൂപയായാണ് ഉയർന്നത്. ഇതോടെ ഇരട്ടിയിലധികം വിലയാണ് തക്കാളിക്കുണ്ടായിട്ടുള്ളത്.
സവാളക്ക് കി.ഗ്രാമിന് 35 രൂപയാണ് വില. 40 കടന്നിടത്തുനിന്നാണ് 32ലെത്തി വീണ്ടും ഉയർന്നുതുടങ്ങിയത്. ഉരുളക്കിഴങ്ങ്-30, വെണ്ട-70, ബീൻസ്-60, മുളക്- 50-60, മുരിങ്ങ-130, കാരറ്റ്-55, പയർ-75, പാവക്ക-60, വെള്ളരി-35, കോവക്ക-60, ഇളവൻ-32 എന്നിങ്ങനെയാണ് നിലവിലെ കി.ഗ്രാം വില. നാലുദിവസം മുമ്പ് 70 രൂപയായിരുന്നിടത്തുനിന്നാണ് മുരിങ്ങ 130ലേക്ക് കുതിച്ചത്. 50 രൂപയിൽനിന്നാണ് പയർ 75ലെത്തിയത്. 50 രൂപയായിരുന്ന പാവക്ക 60ലും 20 രൂപയുടെ വെള്ളരി 35ലും 40െൻറ കോവക്ക 60ലും 20െൻറ ഇളവൻ 32ലേക്കും ഓടിക്കയറി.
മറ്റ് അനാദിസാധനങ്ങൾക്കും വില വർധനയുണ്ടായിട്ടുണ്ട്. നേരിയ വർധനയാണ് അനാദിസാധനങ്ങൾക്കുണ്ടായതെങ്കിലും പച്ചക്കറി ചതിച്ചതിനാൽ ദുരിതം ഏറെയാണ്. പാചകവാതക വില വർധനയും വിറക് ക്ഷാമവും വേറെയുണ്ട്. കനത്ത മഴയിൽ റബർ ടാപ്പിങ് സീസൺ പോലും നഷ്ടപ്പെട്ട കർഷകർക്ക് മുന്നിൽ വിലക്കയറ്റം കണ്ണീർക്കയമാണ് സമ്മാനിച്ചത്. മറ്റു വിളകൾ പലതും രോഗബാധയും വിലയിടിവും കാരണം കർഷകസ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തിയിരുന്നു.
തിരിച്ചടിയായത് ഇതര സംസ്ഥാനങ്ങളിലെ മഴ
ഇതര സംസ്ഥാനങ്ങളിൽനിന്നാണ് പ്രധാനമായും പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും ഇവിടേക്ക് വരുന്നത്. തമിഴ്നാട്ടിലും കർണാടകയിലും ഉൾപ്പെടെ പേമാരി വന്നപ്പോൾ കേരളത്തിലേക്കുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെയും മറ്റും വില കുതിച്ചുകയറാൻ കാരണമായതെന്ന് വ്യാപാരികൾ പറയുന്നു.
വിലവർധന വിൽപനയെ കാര്യമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ വാങ്ങിയിരുന്നതിെൻറ കാൽഭാഗം സാധനങ്ങൾ മാത്രമാണ് ജനങ്ങൾ നിലവിൽ വാങ്ങുന്നത്. കടകളിൽ വിലക്കയറ്റത്തെ ചൊല്ലിയുള്ള തർക്കവും ഉണ്ടാവുന്നുണ്ട്. ഇന്ധനവില വർധനക്കു പിന്നാലെ നിത്യോപയോഗ സാധനവിലയും കൂടിയത് ജനജീവിതത്തെ കാര്യമായി ബാധിച്ചിരിക്കയാണ്. കോവിഡ് പ്രതിസന്ധിയെ മറികടക്കും മുേമ്പ സകല മേഖലയിലും വിലക്കയറ്റം വന്നതോടെ ഉൾഗ്രാമങ്ങളിലടക്കം കഴിയുന്ന സാധാരണക്കാർ എന്തു ചെയ്യണമെന്നറിയാതെ തികഞ്ഞ നിരാശയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.