വിശുദ്ധ വചനങ്ങൾക്ക് ശെഹ്ബയുടെ കൈപ്പട
text_fieldsകണ്ണൂർ: കണ്ണൂർ സിറ്റി സ്വദേശിനി കൊടപ്പറമ്പ് അൽ ഹംദിലെ ഫാത്തിമ ശെഹ്ബ പാരായണം ചെയ്യുന്നത് 'സ്വന്തം ഖുർആൻ'. വിശുദ്ധ ഗ്രന്ഥത്തിെൻറ മനോഹരമായ കൈയെഴുത്ത് പ്രതി തയാറാക്കിയിരിക്കുകയാണ് ഈ ബിരുദ വിദ്യാർഥിനി. അച്ചടിച്ച് പുറത്തിറക്കുന്ന ഖുർആെൻറ അതേ കെട്ടിലും മട്ടിലുമാണ് കൈ കൊണ്ടെഴുതിയ ഖുർആൻ. സ്കെച്ച് പേപ്പറിൽ സാധാരണ കറുത്ത മഷി പേനകൊണ്ടാണ് എഴുത്ത്. കവറും ബോർഡറും മനോഹരമാക്കുന്നതിന് ഗ്ലിറ്റർ പേന ഉപയോഗിച്ചു. എല്ലാം ചേർന്ന് അച്ചടിയെ വെല്ലുംവിധം മനോഹരമാണ് ശെഹ്ബയുടെ കൈയെഴുത്ത്.
പ്രവാചകൻ മുഹമ്മദിെൻറ അനുയായികൾ മനഃപാഠമാക്കിയാണ് ആദ്യകാലത്ത് ഖുർആൻ പ്രചരിച്ചത്. പിന്നീട് ക്രോഡീകരിച്ച് പുസ്തക രൂപത്തിലായപ്പോൾ തയാറാക്കപ്പെട്ട കൈയെഴുത്ത് പ്രതികൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ മ്യൂസിയങ്ങളിലും ലൈബ്രറികളിലും സൂക്ഷിച്ചിട്ടുണ്ട്. അച്ചുകൂടങ്ങളും ആധുനിക പ്രിൻറിങ് സംവിധാനങ്ങളും വന്നേതാടെ ഖുർആെൻറ പുതിയ കൈയെഴുത്ത് പ്രതികൾ അപൂർവമാണ്. സ്കൂളിൽ അറബി കാലിഗ്രഫി മത്സരങ്ങളിൽ പങ്കെടുത്ത പരിചയമാണ് ഖുർആൻ പകർത്തിയെഴുതാൻ പ്രേരണയായതെന്ന് ശെഹ്ബ പറഞ്ഞു. ഒരു വർഷവും രണ്ടു മാസവും കൊണ്ടാണ് എഴുതി പൂർത്തിയാക്കിയത്.
എഴുതിത്തീർത്ത ഓരോ വരിയും വാക്കും പരിശോധിച്ച് തെറ്റുകളില്ലെന്ന് ഉറപ്പുവരുത്തിയത് മതാപിതാക്കളും ബന്ധുക്കളും ചേർന്നാണ്. ഒമാനിൽ പ്രവാസിയായ അബ്ദുൽ റഹൂഫിെൻറയും നാദിയയുടെയും മകളാണ്. പത്താംതരം വരെ പഠിച്ചത് ഒമാൻ ഇന്ത്യൻ സ്കൂളിലാണ്. കണ്ണൂർ ഡി.ഐ.എസിൽനിന്ന് പ്ലസ് ടു പൂർത്തിയാക്കി. ഇപ്പോൾ ഇൻറീരിയർ ഡിസൈനിങ് വിദ്യാർഥിനിയാണ്. സമൂഹ മാധ്യമങ്ങളിൽ ശെഹ്ബക്ക് അനുമോദന പ്രവാഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.