ഫസൽ വധം: ഒന്നരപ്പതിറ്റാണ്ടിനിപ്പുറവും അവസാനിക്കാത്ത അന്വേഷണം
text_fieldsകണ്ണൂർ: തലശ്ശേരി ഫസൽ കൊല്ലപ്പെട്ടിട്ട് ഒന്നരപ്പതിറ്റാണ്ട് തികയുേമ്പാഴും കേസിൽ അന്വേഷണം അവസാനിക്കുന്നില്ല. കേരള പൊലീസ്, ക്രൈംബ്രാഞ്ച്, സി.ബി.ഐ എന്നിങ്ങനെ പല സംഘങ്ങൾ പലപ്പോഴായി അന്വേഷിച്ച കേസിലാണ് ഹൈകോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 2006 ഒക്ടോബർ 22ന് പുലർച്ചെ നാലിനാണ് എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസൽ തലശ്ശേരി സെയ്ദാർപള്ളിക്കു സമീപം പത്രവിതരണത്തിനിടെ കൊല്ലപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുള്ള എതിര്‍പ്പു മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം.
തലശ്ശേരി സി.ഐ ആയിരുന്ന പി. സുകുമാരെൻറ നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണം ദിവസങ്ങൾക്കകം തന്നെ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മൂന്ന് സി.പി.എം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തുവെങ്കിലും അറസ്റ്റ് ചെയ്തില്ല. ഇതേത്തുടർന്ന് അന്വേഷണം ഇഴയുന്നുവെന്ന പരാതിയുമായി കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഫസലിെൻറ ഭാര്യ മറിയു ഹൈകോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരം 2010 ജൂലൈ ആറിനാണ് കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണത്തിലാണ് സി.പി.എം ജില്ല നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതികളായത്. രണ്ടു ഘട്ടങ്ങളിലായി മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത സി.ബി.ഐ കാരായിമാർക്കെിരെ ഗൂഢാലോചന കുറ്റം ചുമത്തി 2012 ജൂൺ 12ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു.
അറസ്റ്റിലായ കാരായി രാജനും കാരായി ചന്ദ്രശേഖരനും എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയിൽ ഹൈകോടതിയിൽനിന്ന് ജാമ്യം ലഭിച്ചു. ഇതേത്തുടർന്ന് ഒമ്പത് വർഷമായി ഇവർ കണ്ണൂരിൽനിന്ന് വിട്ടുനിൽക്കുകയാണ്. കേസിൽ വിചാരണ നടപടികൾ പുരോഗമിക്കവെയാണ്, താനുൾപ്പെടുന്ന ആർ.എസ്.എസ് സംഘമാണ് ഫസലിനെ കൊന്നതെന്ന വെളിപ്പെടുത്തലുമായി ആർ.എസ്.എസ് പ്രവർത്തകൻ മാഹി ചെമ്പ്ര സ്വദേശി സുബീഷ് 2016 നവംബർ 20ന് രംഗത്തെത്തിയത്. സി.പി.എം പ്രാദേശിക നേതാവ് പടുവിലായി മോഹനൻ വധക്കേസിൽ പിടിയിലായി ചോദ്യം ചെയ്യലിന് വിധേയനായപ്പോഴാണ് സുബീഷ് പൊലീസ് മുമ്പാകെ ഇക്കാര്യം ആദ്യം തുറന്നുപറഞ്ഞത്.
ഫസലിനെ കൊലപ്പെടുത്തിയ വിവരം തലശ്ശേരി ആർ.എസ്.എസ് കാര്യാലയത്തിലെത്തി അറിയിച്ചിരുന്നതായും ആയുധങ്ങൾ മാറ്റിയത് പ്രാദേശിക നേതാവ് തിലകനായിരുന്നെന്നും സുബീഷിേൻറതായി പുറത്തുവന്ന കുറ്റസമ്മത മൊഴിയുടെ വിഡിയോയിൽ പറയുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഫസൽ വധം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം രംഗത്തുവന്നു. എന്നാൽ, പോപുലർ ഫ്രണ്ടും ഫസലിെൻറ ഭാര്യ മറിയുവും സുബീഷിെൻറ വെളിപ്പെടുത്തൽ മുഖവിലക്കെടുക്കുന്നില്ല. ഈ അവസരത്തിലാണ് സി.പി.എമ്മിെൻറ ആവശ്യം ഏറ്റെടുത്ത് ഫസലിെൻറ സഹോദരന് അബ്ദുല്‍ സത്താര്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.
തുടരന്വേഷണത്തിലൂടെ കാരായിമാരെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയാണ് സി.പി.എം പുലർത്തുന്നത്. എന്നാൽ, നേരത്തേ കേസന്വേഷിച്ച സി.ബി.ഐ തന്നെയാണ് തുടരന്വേഷണവും നടത്തുക. സുബീഷിെൻറ വെളിപ്പെടുത്തൽ സി.ബി.ഐ സംഘത്തിെൻറ മുന്നിൽ നേരത്തേ വന്നതാണ്. അത് പ്രാഥമിക പരിശോധനയിൽ തള്ളുകയാണുണ്ടായത്. കോടതി നിർദേശപ്രകാരമുള്ള തുടരന്വേഷണത്തിൽ അതിനപ്പുറം എന്തെങ്കിലും സംഭവിക്കുമോയെന്നത് കണ്ടറിയണം. കാരണം, സുബീഷിെൻറ വെളിപ്പെടുത്തൽ അംഗീകരിക്കേണ്ടി വന്നാൽ ഫസൽ കേസിൽ സി.ബി.ഐയുടെ ഇതുവരെയുള്ള അന്വേഷണവും കുറ്റപത്രവുമെല്ലാം അസാധുവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.