കണ്ണൂർ നഗരത്തിൽ ഇനിമേളകളുടെ മേളം
text_fieldsകണ്ണൂർ: ക്രിസ്മസും പുതുവത്സരവും വരവേൽക്കാൻ ആഘോഷ മേളകളുമായി കണ്ണൂർ. നഗരത്തിന്റെ ഹൃദയഭാഗമായ പൊലീസ് മൈതാനത്ത് വാണിജ്യ-വിനോദ മേളകൾക്ക് തുടക്കമായി. പയ്യാമ്പലം, ചാൽ ബീച്ച്, മട്ടന്നൂർ പഴശ്ശി പാർക്ക് തുടങ്ങിയ വിനോദ കേന്ദ്രങ്ങളിൽ ദിേനന കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച പൊലീസ് മൈതാനത്ത് ആരംഭിച്ച കൈത്തറി വസ്ത്ര പ്രദർശന വിപണന മേളയിൽ തിരക്കായി വരുന്നതേയുള്ളൂ. ‘കാഴ്ച’ എക്സിബിഷനടക്കം സമീപത്തുതന്നെ ചെറുതും വലുതുമായ വാണിജ്യ വിനോദമേളകളും ഇന്നലെ മുതൽ തുടങ്ങി.
മേളകൾ സജീവമാവുന്നതോടെ കൈത്തറിമേളയിലും ആൾത്തിരക്കാവുമെന്ന് സ്റ്റാളുകളിലുള്ളവർ പറഞ്ഞു. കണ്ണൂരിലെ വിവിധ കൈത്തറി സംഘങ്ങൾക്ക് പുറമേ ജില്ലക്ക് പുറത്തുള്ള പ്രമുഖ സംഘങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഹാൻഡെക്സ്, ഹാൻവീവ് എന്നിവരുടെ സ്റ്റാളുകളുമുണ്ട്. കൈത്തറി സംഘങ്ങളുടെ ഉൽപന്നങ്ങൾ 20 ശതമാനം റിബേറ്റോടെയാണ് വിൽക്കുന്നത്. ഖാദി മേളയും നേരത്തെ ആരംഭിച്ചിരുന്നു.
ജനകീയ കൂട്ടായ്മയിൽ സംഘടിപ്പിക്കുന്ന ചാൽ ബീച്ച് മഹോത്സവം വ്യാഴാഴ്ച തുടങ്ങി. എല്ലാ ദിവസവും രാത്രി 7.30ന് കേരളത്തിലെ പ്രശസ്തമായ ട്രൂപ്പുകളും ബാൻഡുകളും അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറുന്നുണ്ട്.
ഇതിനു പുറമെ അമ്യൂസ്മെന്റ് പാർക്കുകൾ, ഫുഡ് കോർട്ട്, ഫ്ലവർഷോ എന്നിവയുമുണ്ട്. പയ്യാമ്പലം ബീച്ച് റോഡിൽ വ്യാഴാഴ്ച ആരംഭിച്ച ‘ഡിസ്നി വേവ്സ്' അഡ്വഞ്ചർ-അമ്യൂസ്മെന്റ് പാർക്കിലും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 31 വരെ കലാപരിപാടികൾ അരങ്ങേറും. പഴശ്ശി ഡാം ഗാർഡൻ, മുഴപ്പിലങ്ങാട് ബീച്ച് തുടങ്ങി ജില്ലയിലെ ഇതര വിനോദസഞ്ചാര കേന്ദ്രങ്ങളിലു വിവിധ പരിപാടികൾ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.