ഒടുവിൽ ആനമതിൽ; വൈകിയതിലൂടെ നഷ്ടമായത് നിരവധി ജീവനുകൾ
text_fieldsകേളകം: ആറളം ഫാമിലെ ആന മതിൽ പദ്ധതി അനന്തമായി നീണ്ടത് മൂലം നഷ്ടമായത് നിരവധി മനുഷ്യജീവനുകൾ. ആറളം കാർഷിക ഫാമിന്റെ വിളകളും പുനരധിവാസ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വൈര ജീവിതവുമാണ് ഇതോടൊപ്പം ഇല്ലാതായത്.
ആറളം ഫാം പുനരധിവാസ മേഖലയെ കാട്ടാന ഭീഷണിയിൽനിന്നു സംരക്ഷിക്കാനായി 2019 ജനുവരി ആറിനാണ് മന്ത്രി എ.കെ. ബാലൻ ആറളം ഫാമിലെത്തി ആനമതിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ചത്. 22 കോടി രൂപ അനുവദിക്കുകയും ചെയ്തു. നിരവധി പേരെ ആന കൊലപ്പെടുത്തിയതോടെയാണ് എ.കെ. ബാലൻ ആനമതിൽ ഉടൻ പണിയുമെന്നു ആറളത്തെത്തി പ്രഖ്യാപിച്ചത്.
ആറളം ഫാമും പുനരധിവാസ മേഖലയും ഉൾപ്പെടുന്ന 24 കിലോമീറ്റർ വരുന്ന ദൂരത്തിലാണ് വന്യജീവി പ്രതിരോധ സംവിധാനം വേണ്ടത്. ഇതിൽ എട്ട് കിലോമീറ്ററോളം ഇപ്പോൾ തന്നെ പ്രതിരോധ മതിലുണ്ട്. ബാക്കി വരുന്ന 16 കിലോമീറ്റർ നീളത്തിലാണ് പ്രതിരോധ മതിൽ നിർമിക്കേണ്ടത്.
ഇതിൽ തന്നെ ആറളം ഫാമും വന്യജീവി സങ്കേതവും തമ്മിൽ വേർതിരിക്കുന്ന 10.5 കിലോമീറ്റർ ദൂരം ആനകൾക്ക് തകർക്കാൻ കഴിയാത്തവിധം കനത്ത പ്രതിരോധ സംവിധാനം ഉണ്ടാക്കിയാൽ തന്നെ മേഖലയെ വന്യജീവി ശല്യത്തിൽ നിന്നും മുക്തമാക്കാൻ കഴിയുന്നതായിരുന്നു പദ്ധതി. 22 കോടി രൂപ അനുവദിച്ച് ഊരാളുങ്കൽ സൊസൈറ്റിക്ക് അനുവദിച്ച് ഭരണാനുമതി നൽകിയെങ്കിലും ടെൻഡറില്ലാതെ നൽകിയ പ്രവൃത്തിക്ക് ചില തടസ്സങ്ങൾ ഉണ്ടായി.
തുടർന്ന് പൊതുമരാമത്തു വകുപ്പിനെ പ്രവൃത്തി ഏൽപിച്ച് അനുവദിച്ച തുകയുടെ പാതി കൈമാറുകയും ചെയ്തു. ഇതിനിടയിൽ വനം ഉന്നത ഉദ്യോഗസ്ഥതലത്തിൽ ആന മതിലല്ലാതെ മറ്റേതെങ്കിലും സംവിധാനം മതിയാകുമോ എന്ന കാര്യം പഠിച്ചു വിലയിരുത്താൻ വിദഗ്ധ സമിതി ഫാമിലെത്തുകയും ഭരണാനുമതി ലഭിച്ച ആനമതിൽ നിർമാണപ്രവർത്തനം നിലക്കുകയും ചെയ്തു.
എട്ട് വർഷത്തിനിടെ 14 പേർ ആറളം ഫാമിൽ മാത്രം കാട്ടാന അക്രമത്തിൽ മരിക്കാനിടയായതും വൻ പ്രതിഷേധം ഉടലെടുക്കുകയും ചെയ്തതോടെയാണ് മന്ത്രിമാരടങ്ങുന്ന സംഘം ഫാമിലെത്തിയതും ആറളത്ത് ആന മതിൽ ഉടൻ നിർമിക്കാൻ തീരുമാനിക്കുകയും ചെയ്തത്.
പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് തുക 55.234 കോടി രൂപയാണ് റെയിൽ വേലി ഉൾപ്പെടെ പത്തര കിലോമീറ്ററിൽ ആന മതിൽ പണിയാനുള്ള ചെലവ്. നേരത്തേ പത്തര കിലോമീറ്റർ മതിലും മൂന്ന് കിലോമീറ്റർ റെയിൽ വേലിയും 22 കോടി രൂപക്ക് പണിയാമെന്നു വ്യക്തമാക്കിയാണ് ഊരാളുങ്കൽ സൊസൈറ്റി എസ്റ്റിമേറ്റ് നൽകിയത്. ആറളം ഫാമിൽ ആദിവാസി പുനരധിവാസം നടത്തിയ ശേഷം മുതൽ കാട്ടാനകളുടെ ആക്രമണം തുടങ്ങുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.
ഒരു വർഷത്തിനകം മതിൽ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിച്ചവർക്കു തെറ്റി. ചില ഉന്നത ഉദ്യോഗസ്ഥർ മതിൽ പണി അനന്തമായി നീട്ടിക്കൊണ്ടു പോയതായിരുന്നു കടമ്പയായത്. ആനമതിൽ പണിക്കുള്ള എസ്റ്റിമേറ്റ് പുതുക്കിയ വകയിൽ മാത്രം സർക്കാർ ഖജനാവിനു നഷ്ടം 31 കോടി രൂപയിലധികമാണ്. വനം വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് ആന മതിൽ നിർമാണം വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.
ആറളം ഫാമിൽ കൊന്നും കൊലവിളിച്ചും അക്രമാസക്തമായ കാട്ടാനകൾ എട്ട് വർഷത്തിനുള്ളിൽ ചവിട്ടിയരച്ചത് 14 ജീവനുകൾ. ഒടുവിലായി കാട്ടാനക്കൊമ്പിൽ ജീവൻ പൊലിഞ്ഞത് ഫാം ബ്ലോക്ക് പത്തിലെ രഘു (43) വിന്റെ ജീവൻ.
സുഹൃത്തിനോടൊപ്പം വിറകിന് പുറപ്പെട്ട രഘുവിനെ വീടിന്റെ വിളിപ്പാടകലെ വെച്ചാണ് കാട്ടാന അക്രമിച്ച് വക വരുത്തിയത്. ജനവാസ മേഖലയിൽ വട്ടമിടുന്ന കാട്ടാനകൾ ആറളം കാർഷിക ഫാം ഇല്ലാതാക്കി. ആദ്യഘട്ട പ്രഖ്യാപനത്തിൽ പദ്ധതി നടപ്പായിരുന്നെങ്കിൽ സർക്കാരിന് 31 കോടി രൂപയുടെ ലാഭവും അതിലുപരി നിരവധി മരണങ്ങളും തടയാനാകുമായിരുന്നു.
മാത്രമല്ല, വിള സമൃദ്ധമായ ആറളം ഫാം നാശോന്മുഖമാകില്ലായിരുന്നു. ആറ് വർഷം കൊണ്ട് ആറളം ഫാമിലെ കായ്ഫലമുള്ള എട്ടായിരം തെങ്ങുകളും കമുക്, കശുമാവ്, റബർ തോട്ടങ്ങളുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. നിലവിൽ കാട്ടാനകളുടെ പറുദീസയായ ആറളം ഫാമിൽ വിഹരിക്കുന്നത് എഴുപതോളം കാട്ടാനകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.