കേളകം ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു
text_fieldsകണ്ണൂർ: കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ട് മരിച്ച രണ്ടുപേരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. അടിയന്തര സഹായമെന്ന നിലയില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് 25000 രൂപ വീതം കൈമാറും. അപകടത്തിൽ മരിച്ച കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് അടിയന്തിര സഹായം നൽകുക.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. രണ്ട് അഭിനേത്രികള്‍ മരണപ്പെട്ട സംഭവം ഏറെ വേദനാജനകമാണെന്ന് മന്ത്രി അനുശോചിച്ചു. മരണപ്പെട്ടവരുടെ ഭൗതികശരീരം കൊണ്ടുപോകുവാനും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ക്കുമായുള്ള ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേരള സംഗീത നാടക അക്കാദമിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ മിനിബസ് ആണ് കേളകം മലയാംപടി റോഡിലെ ‘എസ്’ വളവിൽ ഇന്ന് പുലർച്ചെ നാലുമണിയോടെ അപകത്തിൽപെട്ടത്. ബസിലുണ്ടായിരുന്ന കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. 12 പേർക്ക് പരിക്കേറ്റിരുന്നു.
കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന മിനി ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഏഴു പേരെ ചുങ്കക്കുന്ന് കമില്ലസ് ആശുപത്രിയിലും അഞ്ചുപേരെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.