സാമ്പത്തിക തട്ടിപ്പ്; ധനകോടി ചിറ്റ്സിനെതിരെ പൊലീസ് അന്വേഷണം വിപുലമാക്കുന്നു
text_fieldsതലശ്ശേരി: നിക്ഷേപകരെ കബളിപ്പിച്ച് കോടികൾ തട്ടിയ ധനകോടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ എല്ലാ ശാഖകളും ഇപ്പോൾ നിശ്ചലമാണ്.
സാമ്പത്തിക തട്ടിപ്പ് കേസിൽ എം.ഡി യോഹന്നാൻ മറ്റത്തിൽ ഉൾപ്പെടെയുളളവർ പിടിയിലായെങ്കിലും നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടുന്നതിനുള്ള നടപടി അനിശ്ചിതത്വത്തിലാണ്. ഒളിവിൽ പോയ യോഹന്നാൻ മറ്റത്തിലിനെ ബംഗളൂരുവിൽ നിന്നാണ് സുൽത്താൻ ബത്തേരി പൊലീസ് പിടികൂടിയത്. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി 20 കോടിയോളം രൂപയാണ് കമ്പനി നിക്ഷേപകർക്ക് തിരികെ കൊടുക്കാനുള്ളത്.
ജീവനക്കാരിൽ ഒരുപാട് പേർക്ക് ശമ്പളവും കൊടുക്കാനുണ്ട്. ഡയറക്ടർ ബോർഡ് അംഗമായ സജി സെബാസ്റ്റ്യൻ കഴിഞ്ഞമാസം കീഴടങ്ങിയിരുന്നു. ധനകോടി ചിറ്റ്സിൽ പണം നിക്ഷേപിച്ച നൂറുകണക്കിന് പേർക്ക് കാലാവധി പൂർത്തിയായിട്ടും പണം തിരികെ ലഭിച്ചിരുന്നില്ല.
പണം കിട്ടാനുള്ളവർക്ക് സ്ഥാപനം നൽകിയ ചെക്കുകൾ ബാങ്കിൽ പണമില്ലാത്തതിനെ തുടർന്ന് മടങ്ങിയതോടെയാണ് സംഭവം പുറത്തായത്. ഇതോടെ നിക്ഷേപകർ ജില്ല കലക്ടർക്കും മുഖ്യമന്ത്രിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകി. പ്രതിസന്ധി രൂക്ഷമായതോടെയാണ് ധനകോടി ചിറ്റ്സിലെ ജീവനക്കാരും വെട്ടിലായത്. വിവിധ ബ്രാഞ്ചുകളില് ഇടപാടുകാർ കലക്ഷൻ ഏജന്റുമാരെയും മറ്റ് ജീവനക്കാരെയും പിടിച്ചുവെച്ച് പണം ആവശ്യപ്പെട്ടിരുന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകാതെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഒളിച്ചോടിയെന്നാണ് ജീവനക്കാർ പറഞ്ഞത്.
രണ്ട് വർഷം മുമ്പ് ധനകോടി ചിറ്റ്സിലെ ബ്രാഞ്ചുകളിൽ ജി.എസ്.ടി വിഭാഗം റെയ്ഡ് നടത്തിയിരുന്നു.
പരാതികൾ ഉയർന്നിട്ടും സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കാതിരുന്നതാണ് കോടികളുടെ തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് ആക്ഷേപം. കണ്ണൂർ ജില്ലയിൽ നാലിടത്തായി ധനകോടി ചിറ്റ്സിന് ശാഖകളുണ്ട്. തലശ്ശേരിയിൽ ചിറക്കര ടി.സി റോഡിലെ എ.ആർ കോംപ്ലക്സിലാണ് ശാഖ പ്രവർത്തിക്കുന്നത്. സ്ഥാപനം അടച്ചിട്ടതോടെ പൊലീസ് സ്റ്റേഷനിൽ നിരവധി നിക്ഷേപകരാണ് പരാതിയുമായി എത്തുന്നത്. നേരത്തേ ലഭിച്ച പരാതിയിൽ 33 കേസുകളാണ് തലശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്.
പുതുതായി 20 കേസുകളും രജിസ്റ്റർ ചെയ്യുമെന്ന് അന്വേഷണ ഉദ്യോസ്ഥനായ സി.ഐ എം. അനിൽ പറഞ്ഞു. അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. എം.ഡി യോഹന്നാൻ മറ്റത്തിൽ, ഡയറക്ടർമാരായ സജി സെബാസ്റ്റ്യൻ, ജോർജ് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. തലശ്ശേരിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.
ഇതിനായി ജില്ല സെഷൻസ് കോടതിയിൽ തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കുമെന്ന് സി.ഐ എം. അനിൽ പറഞ്ഞു.
ഇരിട്ടി പയഞ്ചേരിമുക്ക് തവക്കൽ കോംപ്ലക്സ്, കണ്ണൂർ തളാപ്പ് മറീന കോംപ്ലക്സ്, കൂത്തുപറമ്പ് ആലക്കണ്ടി സൂപ്പർ മാർക്കറ്റ് പരിസരം എന്നിവിടങ്ങളിലാണ് ധനകോടിക്ക് ജില്ലയിൽ ബ്രാഞ്ചുകളുള്ളത്.
വിവിധ ജില്ലകളിലായി മൊത്തം 22 ബ്രാഞ്ചുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.