പാൽചുരത്ത് അഗ്നിബാധ: 25 ഏക്കർ കൃഷിയിടം കത്തി
text_fieldsകൊട്ടിയൂർ: പാൽച്ചുരം പുതിയങ്ങാടി മേമലയിൽ കൃഷിയിടത്തിൽ വൻ അഗ്നിബാധ. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് കൃഷിയിടത്തിൽ തീപിടിത്തം ഉണ്ടായത്. മേമലയിലെ സ്വകാര്യ വ്യക്തിയുടെ തേക്കിൻ കാട്ടിലാണ് ആദ്യം തീപടർന്നതായി നാട്ടുകാർ കണ്ടത്.
ഇതേ തുടർന്ന് വനംവകുപ്പ്, അഗ്നിരക്ഷാ സേന, പൊലീസ് സംഘം സ്ഥലത്തെത്തി. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, പഞ്ചായത്തംഗം ഷാജി പൊട്ടയിൽ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ നാട്ടുകാർ പച്ചക്കമ്പുകൾ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും കൃഷിയിടത്തിലെ മറ്റിടങ്ങളിൽ കൂടി തീ ആളിപ്പടർന്നതോടെ നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്ത അവസ്ഥയിലായി.
അഗ്നിരക്ഷാ സേനയുടെ വാഹനം തീപടർന്ന സ്ഥലത്തേക്ക് എത്തിക്കാനാവാത്തതും ബുദ്ധിമുട്ടായി. വനത്തിലേക്ക് തീപടരാനുള്ള സാധ്യത കണക്കിലെടുത്ത് വനത്തിന്റെ അതിർത്തി ഭാഗത്തെ കാടുകൾ വെട്ടിതെളിക്കുകയായിരുന്നു. പ്രദേശത്തെ ചോലമറ്റം ജേക്കബ്, മേമുട്ടം നാരായണൻ, പുന്നക്കപ്പടവിൽ ആന്റണി തുടങ്ങി നിരവധി ആളുകളുടെ ഏക്കറുകണക്കിന് കൃഷിടങ്ങളാണ് കത്തി നശിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തെ തുടർന്നാന്ന് തീയണക്കാനായത്. പ്രദേശത്തെ 25 ഏക്കറയോളം കൃഷിയിടത്തിൽ തീ പടർന്നതായി പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.