കർമനിരതരായി അഗ്നിരക്ഷാസേന
text_fieldsകണ്ണൂർ: അറബിക്കടലിലെ ന്യൂനമർദത്തെ തുടർന്ന് രണ്ടുദിവസമായി വീശിയടിച്ച കാറ്റിലും മഴയിലും കടലേറ്റത്തിലും കരുതലായി അഗ്നിരക്ഷസേന. കോവിഡ് ഭീതിയെ തുടർന്ന് മൂന്നിൽ ഒന്ന് ജീവനക്കാരുമായാണ് സേന പ്രവർത്തിക്കുന്നതെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ മാതൃകാപരമായ ഇടപെടലാണ് നടത്തിയത്. കടപുഴകിയ ചെറുതും വലുതുമായ നിരവധി മരങ്ങളാണ് വെള്ളി, ശനി ദിവസങ്ങളിൽ മുറിച്ചുമാറ്റിയത്. കണ്ണൂർ സ്റ്റേഷെൻറ പരിധിയിൽമാത്രം വലിയ ആറ് മരങ്ങളാണ് ശനിയാഴ്ച പകൽ മുറിച്ചുമാറ്റിയത്. തോട്ടട കിഴുന്നയിലും കണ്ണൂർ സെൻട്രൽ ജയിലിലും കടപുഴകിയ കൂറ്റൻ മരങ്ങൾ മുറിച്ചുനീക്കി. സ്ഥിരമായി കടലേറ്റമുണ്ടാകുന്ന തീരപ്രദേശങ്ങളിലും അഗ്നിരക്ഷസേനയുടെ സാന്നിധ്യമുണ്ടായി. ഏഴരക്കടപ്പുറം, താഴെചൊവ്വ ചീപ്പുപാലം, പുൽക്കോപ്പാലം തുടങ്ങിയിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ആശുപത്രികളിൽ ഫയർ ഓഡിറ്റ് തുടങ്ങി. ആദ്യഘട്ടത്തിൽ കണ്ണൂർ സ്റ്റേഷൻ പരിധിയിലെ ആശുപത്രികളിലാണ് പരിശോധന. ഓക്സിജൻ സൂക്ഷിച്ച മുറികൾ, വാതകപൈപ്പുകൾ തുടങ്ങിയവ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കി. 10 സ്റ്റേഷനുകളിലായി 372 ഫയർ ഓഫിസർമാരാണ് ജില്ലയിലുള്ളത്. അപകടസാധ്യതയുള്ള മേഖലകളിൽ ജാഗ്രതപാലിക്കണമെന്ന് സ്റ്റേഷനുകൾക്ക് നിർദേശം നൽകിയതായി ജില്ല ഫയർ ഓഫിസർ ബി. രാജ് 'മാധ്യമ'ത്തോട് പറഞ്ഞു.
അടിയന്തര സാഹചര്യം നേരിടാനായി പ്രാദേശികമായി മണ്ണുമാന്തി യന്ത്രങ്ങളുടെയും ക്രെയിനുകളുടെയും മറ്റും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിൽ ജനങ്ങൾക്ക് 101 നമ്പറിലേക്ക് വിളിച്ചാൽ അഗ്നിരക്ഷസേനയുടെ സേവനം ലഭിക്കും. പ്രാദേശിക തലത്തിലെ ജാഗ്രത സമിതികൾ വഴി അപകടവിവരം അറിയിക്കുേമ്പാൾ കൗൺസിലർമാർ വഴി കലക്ടറേറ്റിലേക്കാണ് വിവരമെത്തുക. കലക്ടറേറ്റിൽനിന്നാണ് അഗ്നിരക്ഷസേനക്ക് വിവരമെത്തുക. അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് നേരിട്ട് 101ൽ വിളിച്ചാൽ അഗ്നിരക്ഷസേനയുടെ സേവനം പെട്ടെന്ന് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.