സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷം കണ്ണൂരിൽ
text_fieldsകണ്ണൂർ: സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ മൂന്നിന് വൈകീട്ട് ആറിന് കണ്ണൂർ പൊലീസ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മൂന്നുമുതൽ 14 വരെ പൊലീസ് മൈതാനിയിൽ നടക്കുന്ന 'എന്റെ കേരളം' മെഗാ എക്സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടക്കുന്ന പ്രദർശന വിപണന മേളകൾക്കാണ് കണ്ണൂരിൽ തുടക്കമാവുക. ഇരുന്നൂറോളം സ്റ്റാളുകളിലായി വിവിധ സർക്കാർ വകുപ്പുകൾ, ബോർഡുകൾ, കോർപറേഷനുകൾ, സർക്കാർ ഫാമുകൾ, പൊതുമേഖല-സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ യൂനിറ്റുകൾ, കൈത്തറി സംഘങ്ങൾ എന്നിവ മേളയുടെ ഭാഗമാവും. സർക്കാറിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്കായി ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനൊപ്പം ഉൽപന്നങ്ങളെ പരിചയപ്പെടുത്തുകയും വിപണനം നടത്തുകയും ചെയ്യും.
കേരളത്തിന്റെ തനത് കാഴ്ചകൾ ആവിഷ്കരിക്കുന്ന ടൂറിസം വകുപ്പിന്റെ 'കേരളത്തെ അറിയാം' തീം പവലിയൻ, വ്യവസായ വകുപ്പിന്റെ വിപണന മേളകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ് സംരംഭങ്ങളുടെയും സ്റ്റാളുകൾ അടങ്ങിയ ടെക്നോളജി പവലിയൻ, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ തുറന്ന പവലിയൻ എന്നിവ ഒരുക്കും. കൈത്തറി ഉൽപന്നങ്ങളുമായി കൈത്തറി സംഘങ്ങളും മേളയിൽ അണിനിരക്കും. കുടുംബശ്രീ മിഷൻ, കെ.ടി.ഡി.സി, കണ്ണൂർ സെൻട്രൽ ജയിൽ, സാഫ്, മിൽമ, ദിനേശ് ഫുഡ്സ്, ഇന്ത്യൻ കോഫി ഹൗസ് എന്നിവയുടെ ഫുഡ് കോർട്ടുകളുണ്ടാവും. എല്ലാ ദിവസവും കലാ സാംസ്കാരിക സന്ധ്യയും അരങ്ങേറും.
മന്ത്രി എം.വി. ഗോവിന്ദൻ ചെയർമാനും കലക്ടർ എസ്. ചന്ദ്രശേഖർ ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.