കാനാമ്പുഴ: ഒരു ജനകീയ അതിജീവന മാതൃക
text_fieldsകണ്ണൂർ: ഹരിതകേരള മിഷന്റെ ഭാഗമായി സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ ശുദ്ധീകരിക്കുന്ന ആദ്യ പുഴയായ കണ്ണൂരിലെ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു. കണ്ണൂർ മണ്ഡലത്തിലെ വികസന പ്രവൃത്തികൾ അവലോകനം ചെയ്യാനായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജലസേചന വകുപ്പ് ഇക്കാര്യം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി താഴെ ചൊവ്വ ചീപ്പ് പാലം മുതൽ തിലാന്നൂർ ശിശുമന്ദിരം റോഡ് വരെയുള്ള ഭാഗം പൂർത്തീകരിച്ചു.
4.40കോടി രൂപയുടെ പ്രവൃത്തിയിൽ പുഴയിലെ ചളിയും മാലിന്യങ്ങളും നീക്കം ചെയ്യുക, കരിങ്കൽ കൊണ്ട് പാർശ്വഭിത്തി നിർമിക്കുക, പാടശേഖരങ്ങളിലേക്കുള്ള ജലസേചനാവശ്യാർത്ഥം സ്ലൂയിസുകൾ നിർമിക്കുക, വിനോദ സഞ്ചാര ഉദ്ദേശ്യത്തോടു കൂടി പുഴയുടെ ഇരുവശങ്ങളിലും നടപ്പാത/ ബണ്ട് നിർമിക്കുക, ബണ്ടിൽ കയർ ഭൂവസ്ത്രം വിരിക്കുക, തെരുവു വിളക്കുകൾ സ്ഥാപിക്കുക എന്നീ പ്രവൃത്തികളാണ് നടപ്പാക്കിയത്. പ്രവൃത്തി നടപ്പാക്കിയതോടെ എളയാവൂർ, പെരിങ്ങളായി പാടശേഖരങ്ങളിലേക്കുള്ള ജലസേചന സൗകര്യം വർധിക്കുകയും കാർഷികാഭിവൃദ്ധി കൈവരിക്കുകയും ചെയ്തു. കൂടാതെ, കാനാമ്പുഴയുടെ സൗന്ദര്യം വീണ്ടടുക്കുകയും പൊതുജനങ്ങൾക്ക് കാൽനട യാത്രക്ക് ഉപകാരപ്പെടുന്ന രീതിയിൽ നടപ്പാത നിർമിക്കുകയും സൗരോർജ വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു. മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പുളിക്കോം പാലം മുതൽ ബണ്ട് പാലം വരെയുള്ള രണ്ടു കോടി രൂപയുടെ കാനാമ്പുഴ പുനരുജ്ജീവന പ്രവൃത്തികളും പൂർത്തീകരിച്ചു. 1.80 കോടി രൂപയുടെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ മണ്ണ് സംരക്ഷണ വകുപ്പ് വഴി നടന്നുവരുന്നു.
രണ്ടാം ഘട്ടത്തിൽ രണ്ടാംഘട്ട റെയിൽവേ ലൈൻ മുതൽ കടലായി വരെയുള്ള ഭാഗത്തെ പ്രവൃത്തിക്കായി എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കും. രണ്ടു ബജറ്റിലായി സർക്കാർ നാലു കോടി അനുവദിച്ചിട്ടുണ്ട്.
ഹരിതകേരള മിഷൻ പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണ മേഖലയിൽ ജനപങ്കാളിത്തത്തോടെ നടപ്പാക്കിവരുന്ന, സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പദ്ധതിയാണ് കാനാമ്പുഴ അതിജീവന പദ്ധതി. ജില്ലയിലെ മുണ്ടേരി പഞ്ചായത്തിൽ അയ്യപ്പമലയിൽ നിന്നുത്ഭവിച്ച് തോട്ടടയിൽ അഴിമുഖത്ത് (ആദികടലായി) അറബിക്കടലിൽ ചെന്നുചേരുന്ന കാനാമ്പുഴ ചെളിയും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ച് മൃതാവസ്ഥയിൽ ആയിരുന്നു. ഉത്ഭവസ്ഥാനത്ത് ഏകദേശം അഞ്ച് മീ. വീതിയും കടലിലേക്ക് ചേരുന്ന ഭാഗത്ത് എത്തുമ്പോൾ 50 മീ. വീതിയുമുള്ള കാനാമ്പുഴ കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ പരിധിക്കുള്ളിൽ വരുന്ന പ്രധാന ജലസ്രോതസാണ്. ഈ പുഴയുടെ വൃഷ്ടിപ്രദേശം ഏകദേശം 25 ചതുരശ്ര കിലോമീറ്ററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.