Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകടലിനക്കരെ പോണോർക്ക്...

കടലിനക്കരെ പോണോർക്ക് കടലോളം ദുരിതം

text_fields
bookmark_border
കടലിനക്കരെ പോണോർക്ക് കടലോളം ദുരിതം
cancel
Listen to this Article

കണ്ണൂർ: കരകാണാക്കടലിൽ പോയി വലനിറയെ മീനുമായി മടങ്ങിയ കാലമൊക്കെ പോയി. കടലിനോടൊപ്പം ഇന്ധനവിലയോടും മല്ലിടേണ്ട സ്ഥിതിയാണ് മത്സ്യത്തൊഴിലാളികൾക്ക്. എണ്ണ വില കുതിച്ചുയർന്നതോടെ ജില്ലയിലെ ഭൂരിഭാഗം വള്ളങ്ങളും കരക്കുകയറ്റിയിരിക്കുകയാണ്. ചുരുക്കംപേർ മാത്രമാണ് കടലിൽ ഭാഗ്യപരീക്ഷണത്തിനായി പോകുന്നത്. ഡീസൽ, മണ്ണെണ്ണ വിലവർധന മത്സ്യബന്ധന മേഖലയുടെ നടുവൊടിച്ചതോടെ പരമ്പരാഗത തൊഴിലാളികളുടെ ജീവിതമാർഗമടഞ്ഞിരിക്കുകയാണ്.

പലരും മത്സ്യമേഖല കൈയൊഴിഞ്ഞ് മറ്റ് തൊഴിലുകളിലേക്ക് കടന്നു. കഴിഞ്ഞ മാസം അവസാനം 100 രൂപയായിരുന്ന മണ്ണെണ്ണ, ലിറ്ററിന് 125 രൂപയാണ് വെള്ളിയാഴ്ചത്തെ വില. ഒരു ദിവസം കടലിൽ പോയി വരാൻ‍ ചുരുങ്ങിയത് 30 മുതൽ 70 ലിറ്റർ വരെ മണ്ണെണ്ണ വേണം. 6,000ത്തിലധികം രൂപ ഇതിന് മാത്രമായി വേണം.

ഇന്ധന വില കുതിച്ചുയരുമ്പോൾ സർക്കാർ തലത്തിൽ സഹായം വേണമെന്നാണ് തൊഴിലാളികൾ പറയുന്നത്. എൻജിന്‍റെ ശക്തി അനുസരിച്ചാണ് മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ മത്സ്യഫെഡ് മണ്ണെണ്ണ അനുവദിക്കുന്നത്.

9.9 എച്ച്.പി എൻജിന് 140 ലിറ്ററും 25, 40 എച്ച്.പി എൻജിന് 190 ലിറ്ററുമാണ് അനുവദിക്കുന്നത്. ഈ എണ്ണ രണ്ടുദിവസം കടലിൽ പോകാൻ മാത്രമേ തികയൂ. ബാക്കി കരിഞ്ചന്തക്ക് പുറത്തുനിന്നും വാങ്ങണം. സബ്സിഡി ഉണ്ടെങ്കിലും ആദ്യം മുഴുവൻ പണവും നൽകി വാങ്ങണം.

സബ്സിഡി തുക ലിറ്ററിന് 25 രൂപ പ്രകാരം ബാങ്ക് അക്കൗണ്ടിലെത്തും. അതും കുടിശ്ശികയാണ്. 800 പെർമിറ്റുകളാണ് ജില്ലയിൽ ഉള്ളത്. പ്രതിസന്ധി രൂക്ഷമായതോടെ ഇതിൽ പകുതിയോളം പേർ മാത്രമേ നിലവിൽ മണ്ണെണ്ണ വാങ്ങുന്നുള്ളൂ. സിവിൽ സപ്ലൈസ് വകുപ്പുവഴി ലഭിക്കുന്ന നീല മണ്ണെണ്ണ മൂന്നുമാസമായി ലഭിക്കുന്നില്ല. 15 എച്ച്.പി വരെയുള്ള എൻജിനുകൾക്ക് 70 ലിറ്ററും അതിന് മുകളിൽ 80 ലിറ്ററുമാണ് ലഭിക്കുന്നത്.

കേന്ദ്ര സർക്കാർ ക്വോട്ട അനുവദിച്ചില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. 82 രൂപ നിരക്കിലാണ് മത്സ്യത്തൊഴിലാളികൾക്ക് സിവിൽ സപ്ലൈസ് മുഖേന എണ്ണ ലഭിക്കുന്നത്. 19 രൂപയാണ് ഈ മാസം കൂട്ടിയത്.

എണ്ണ വില ഉയരുകയും മത്സ്യം ലഭിക്കാതെയും ആയതോടെ ജില്ലയിൽ നാലിൽ മൂന്ന് വള്ളങ്ങളും കയറ്റിയിട്ടു. ഡീസൽ വില വർധിച്ചതോടെ ബോട്ടുകളുടെ അവസ്ഥയും ഇതുതന്നെയാണ്. സാമ്പത്തിക ബാധ്യത രൂക്ഷമായതോടെ ബോട്ടുകൾ അന്തർസംസ്ഥാനക്കാർക്ക് വിറ്റും ആക്രി കച്ചവടക്കാർക്ക് പൊളിക്കാൻ നൽകിയും കടൽ വിടുകയാണ് മത്സ്യത്തൊഴിലാളികൾ.

മത്സ്യബന്ധന മേഖല തളരുന്നതോടെ അനുബന്ധ മേഖലകളും പ്രതിസന്ധിയിലാണ്.

ഐസ് ഫാക്ടറികൾ, സ്പെയർപാർട്സ് കടകൾ, വലപ്പണിക്കാർ, മത്സ്യവിൽപനക്കാർ, ചുമട്ടുകാർ തുടങ്ങി അമ്പതിനായിരത്തോളം തൊഴിലാളികളാണ് പട്ടിണിയിലേക്ക് കടക്കുന്നത്.

രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികൾ 6000 മാത്രമാണെങ്കിലും ഇതിലുമേറെപേർ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നുണ്ട്. കാലാവസ്ഥ വ്യതിയാനവും അശാസ്ത്രീയ മത്സ്യബന്ധന രീതിയും മത്സ്യസമ്പത്ത് വലിയ രീതിയിൽ കുറച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

കേരള തീരത്ത് സുലഭമായിരുന്ന അയലയും മത്തിയും ഇപ്പോൾ ലഭിക്കുന്നില്ല. രണ്ടോ മൂന്നോ കൊട്ട മീനും കൊണ്ടാണ് വള്ളങ്ങൾ പലപ്പോഴും മടങ്ങുന്നത്. പ്രാദേശികമായി മത്സ്യലഭ്യത കുറഞ്ഞതോടെ ഉപയോഗശൂന്യമായതും അമിത രാസവസ്തു കലർന്നതുമായ മത്സ്യം വൻകിട കമ്പനികളും കമീഷൻ ഏജന്‍റുമാരും ചേർന്ന് ജില്ലയിലെത്തിക്കുകയാണ്.

മത്സ്യബന്ധന ഉപകരണങ്ങളുമായി തൊഴിലാളി മാർച്ച്

കണ്ണൂർ: മത്സ്യമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കും മണ്ണെണ്ണ, ഡീസൽ വില വർധനവിനുമെതിരെ കണ്ണൂർ ആർ.എസ് പോസ്റ്റ് ഓഫിസിലേക്ക് മത്സ്യത്തൊഴിലാളികൾ പ്രതിഷേധ മാർച്ച് നടത്തി. മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യബന്ധനോപകരണങ്ങൾ എടുത്തുകൊണ്ടായിരുന്നു പ്രതിഷേധം. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.എ. രഘുനാഥ് അധ്യക്ഷത വഹിച്ചു.

സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം അരക്കൻ ബാലൻ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.പി. കുഞ്ഞിരാമൻ, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം പി. സന്തോഷ്, യൂനിയൻ ജില്ല സെക്രട്ടറി എൻ.പി. ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fishermankerosine
News Summary - fisherman in crisis due to kerosin price hike
Next Story