ഓളങ്ങളിലെ ജീവിതത്തിന് ദുരിതക്കയം: കല്ലുമ്മക്കായയും എളമ്പക്കയും വാരി മത്സ്യത്തൊഴിലാളികൾ
text_fieldsകണ്ണൂർ: ട്രോളിങ് വറുതിക്കാലത്ത് ആയിക്കര കടപ്പുറത്ത് കല്ലുമ്മക്കായയും എളമ്പക്കയും വാരി ജീവിതത്തോട് പൊരുതുകയാണ് മത്സ്യത്തൊഴിലാളികൾ. ഇരുപതിലേറെ തൊഴിലാളികളാണ് സ്ഥിരമായി ആയിക്കര കോട്ട ഭാഗത്ത് കടലിലിറങ്ങി നിത്യജീവിതത്തിനുള്ള വക കണ്ടെത്തുന്നത്.
മണിക്കൂറുകൾ വെള്ളത്തിൽ മുങ്ങിത്തപ്പിയാലാണ് അന്നന്നത്തെ അന്നത്തിനുള്ളത് ലഭിക്കുക. വലയുടെ സഞ്ചിയായി ഉപയോഗിക്കുന്ന മാൽ നിറച്ച് കരയിൽ കയറിയാൽ പിന്നെ സാധനങ്ങൾ വേർതിരിക്കുന്ന ജോലിയാണ്. ചളി കഴുകി കല്ലുമ്മക്കായും എളമ്പക്കയും വേറെവേറെ കുട്ടകളിലാക്കി സൈക്കിളിൽ വീടുകളിൽ കൊണ്ടുപോയി വിൽക്കും. കല്ലുമ്മക്കായ കിലോക്ക് നൂറിനും എളമ്പക്ക അമ്പതിനുമാണ് വിൽക്കുന്നത്. ഇരുട്ടുംവരെ വിറ്റാലാണ് കുട്ട ഒഴിയുക. ഓരോ വർഷവും കല്ലുമ്മക്കായും എളമ്പക്കയും കുറഞ്ഞുവരുകയാണെന്ന് 20 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന മൊയ്തീൻ പള്ളിക്ക് സമീപത്തെ കെ.എൻ. ഖാദർ പറഞ്ഞു. മത്സ്യബന്ധന ബോട്ടുകൾ അടുപ്പിക്കാനായി തീരത്തോട് ചേർന്ന് മണ്ണുമാന്തി കപ്പൽ ഉപയോഗിച്ച് കഴിഞ്ഞവർഷങ്ങളിൽ ആഴം കൂട്ടിയിരുന്നു.
ഇതോടെ കല്ലുമ്മക്കായും എളമ്പക്കയും പകുതികണ്ട് കുറഞ്ഞതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. കടൽജീവികളുടെ കുഞ്ഞുങ്ങൾ അടക്കം മണ്ണിനൊപ്പം നീക്കം ചെയ്യപ്പെട്ടു. ബോട്ടുകൾ അടുപ്പിക്കാനാണ് മണ്ണ് നീക്കം ചെയ്തതെങ്കിലും കാര്യമുണ്ടായില്ല. ബോട്ടുകൾ ഇപ്പോഴും കടലിൽതന്നെ നിർത്തിയിടേണ്ട അവസ്ഥയാണെന്നും ആഴം കൂട്ടാനെന്ന പേരിൽ മണ്ണ് തട്ടിപ്പാണ് നടന്നതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കടലിൽ നങ്കൂരമിട്ട ബോട്ടിൽനിന്ന് മത്സ്യം കരക്കെത്തിക്കാൻ കൂടുതോണി ഉപയോഗിക്കേണ്ട അവസ്ഥയാണ്. 20 കൊല്ലം മുമ്പ് ബോട്ടുകൾ നിർത്തിയിട്ടിരുന്ന സ്ഥലത്താണ് വീണ്ടും മണ്ണ് നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.