മുഖ്യമന്ത്രിയുടെ സുരക്ഷക്ക് അഞ്ഞൂറോളം പൊലീസുകാർ; കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ്
text_fieldsകണ്ണൂര്: കനത്ത സുരക്ഷ വലയത്തിനിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂരിലും കരിങ്കൊടി പ്രതിഷേധം. തിങ്കളാഴ്ച രാവിലെ കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
കുപ്പത്ത് രാത്രി യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് കാസർകോട്ടേക്ക് കാറിൽ റോഡ് മാർഗം വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പോകുമ്പോഴും തിരിച്ചു വരുമ്പോഴുമാണ് വിവിയിധടങ്ങളിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നയിടത്തെല്ലാം കനത്ത സുരക്ഷയായിരുന്നു പൊലീസ് ഒരുക്കിയിരുന്നത്. ഇതിനിടയിലാണ് കരിങ്കൊടിയുമായി പ്രവർത്തകർ എത്തിയത്. നികുതി വർധനക്കെതിരെയും ഷുഹൈബ് വധത്തിൽ ആകാശ് തില്ലങ്കേരിയുടെ പ്രതികരണത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പത്ത് യൂത്ത് കോൺഗ്രസുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. ചുഴലിയിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുധീപ് ജയിംസ്, വി. രാഹുൽ, വരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പരിയാരം പൊലീസ് സ്റ്റേഷന് മുന്നിൽവെച്ച് കരിങ്കൊടി കാണിച്ച സന്ദീപ് പണപ്പുഴ, മഹിത മോഹൻ, സുധീഷ് വെള്ളച്ചാല്, വിജേഷ് മാട്ടൂർ, രാഹുൽ പൂങ്കാവ്, മനോജ് കൈതപ്രം, ജയ്സൺ മാത്യു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കൂടാതെ കരിങ്കൊടി കാട്ടാനുള്ള സാധ്യതയെ തുടർന്ന് തളിപ്പറമ്പിലും പയ്യന്നൂരിലുമായി ഏഴുപേരെ കരുതൽ കസ്റ്റഡിയിലുമെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം രാഹുൽ ദാമോദരൻ, പ്രവർത്തകരായ സി.കെ. സൂരാജ്, എസ്. ഇർഷാദ്, കെ.വി. സുരാഗ്, മുരളി പൂക്കോത്ത് എന്നിവരെയാണ് തളിപ്പറമ്പിൽ കരുതൽ തടങ്കലിലാക്കിയത്.
ആകാശ്, ഭരത് എന്നിവരെയാണ് പയ്യന്നൂരിൽ തടങ്കിലിലാക്കിയത്. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ അഞ്ഞൂറോളം പൊലീസുകാരെയാണ് വിവിധയിടങ്ങിൽ വിന്യസിച്ചത്.
ശനിയാഴ്ച കണ്ണൂരിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ തലശ്ശേരിയിലും കരിങ്കൊടി കാണിച്ചിരുന്നു. ഇതേതുടർന്ന് തിങ്കളാഴ്ച കനത്ത സുരക്ഷയായിരുന്നു പൊലീസ് ഒരുക്കിയത്.
‘പ്രതിഷേധക്കാരെ കൊല്ലാൻ ശ്രമം’
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ പൊലീസ് ശ്രമമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുദീപ് ജയിംസ്. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താൻ കണ്ണൂരിലെ പൊലീസ് നടത്തുന്ന ഈ കിരാത നടപടികളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ചില ഉദ്യോഗസ്ഥരാണ് ഇപ്പോൾ പൊലീസ് തലപ്പത്തുള്ളത്.
അത്തരക്കാരെ അവർ അർഹിക്കുന്ന രീതിയിൽ തന്നെ നേരിടാൻ യൂത്ത് കോൺഗ്രസ് തയാറാകും. ഭീരുവിനെപ്പോലെ സഞ്ചരിക്കുന്ന പിണറായി വിജയനെതിരെയുള്ള പ്രതിഷേധ സമരങ്ങളിൽ നിന്ന് ഒരിഞ്ചുപോലും പിറകോട്ട് പോകില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുദീപ് ജെയിംസ് പ്രസ്താവനയിൽ. പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.