പരിസ്ഥിതിപഠനം പൂർത്തിയായിട്ട് അഞ്ചുമാസം; അഴീക്കലിൽ മണൽവാരൽ പുനരാരംഭിച്ചില്ല
text_fieldsകണ്ണൂർ: അഴീക്കൽ തുറമുഖത്ത് വളപട്ടണം പുഴയിൽ മണലെടുക്കുന്നത് മുടങ്ങിയിട്ട് ഒരു വർഷവും രണ്ടുമാസവും. ജില്ലയിലെ ഏക അംഗീകൃത മണൽകടവായ വളപട്ടണത്ത് ഹൈകോടതി നിർദേശ പ്രകാരം പരിസ്ഥിതി പഠനമടക്കം നടത്തി റിപ്പോർട്ട് സമർപ്പിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ല.
ഏകദേശം ആയിരത്തോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തുവന്നിരുന്നത്. ഒരു വർഷത്തിലേറെയായി കടവുകൾ പൂട്ടിയിട്ടതോടെ തൊഴിലാളികളും കുടുംബങ്ങളും ദുരിതത്തിലാണ്. മണൽ വാരൽ നിലച്ചതോടെ സർക്കാറിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയും നിലച്ചു. ഒരു മാസം ചുരുങ്ങിയത് ആറു കോടി രൂപ അഴീക്കൽ ഹാർബറിൽനിന്നു മണലെടുപ്പുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് എത്തുമായിരുന്നത് നിലച്ചു.
കൂടാതെ ജില്ലയിലെ നിർമാണ മേഖലയും പ്രതിസന്ധിയിലായി. നിർമാണത്തിന് മംഗളൂരു, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ഭീമമായ തുക നൽകിയാണ് ആവശ്യക്കാർ മണൽ വാങ്ങുന്നത്. 2017 മുതൽ മണൽ കഴുകലുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ ഹൈകോടതിയിൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് മണൽ വാരൽ നിർത്തിയത്. തുടർന്ന് തുറമുഖത്ത് പരിസ്ഥിതി പഠനം നടത്താൻ ആവശ്യപ്പെടുകയായിരുന്നു.
തുറമുഖത്ത് സമീപ പഞ്ചായത്തിലെ ഒമ്പതു കടവുകൾ വഴിയാണ് മണലെടുത്തിരുന്നത്. അഴീക്കോട് -രണ്ട് കടവുകൾ, വളപട്ടണം -മൂന്ന്, പാപ്പിനിശ്ശേരി -രണ്ട്, മടക്കര മാട്ടൂൽ -രണ്ട് എന്നിങ്ങനെയാണിത്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണിത്.
ഇവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിസ്ഥിതി പഠനം നടത്തിയത്. മണൽ വാരലുമായി ബന്ധപ്പെട്ട് പരിസ്ഥിതിക്ക് ദോഷം സംഭവിക്കുന്നുണ്ടോ, മണൽ കഴുകലുമായി ബന്ധപ്പെട്ട് പുഴയിലെ വെള്ളത്തിന് പരിസ്ഥിതി പ്രശ്നം നേരിടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് കിറ്റ്കോ പരിശോധിച്ചത്.
പഠനത്തിൽ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞിരുന്നു. എന്നാൽ റിപ്പോർട്ടിൻമേൽ പിന്നീട് ഒരു നടപടിയുമുണ്ടായില്ലെന്നാണ് തൊഴിലാളികൾ പരാതി പറയുന്നത്. ഔദ്യോഗിക മണൽവാരൽ നിലച്ചതോടെ രാത്രി മണൽ മാഫിയ സംഘങ്ങളുടെ മണൽ വാരൽ തകൃതിയായി നടക്കുന്നതായും പരാതിയുണ്ട്.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി തൊഴിലാളികൾ
ഒരു വർഷമായി അഴീക്കൽ തുറമുഖത്ത് മണൽവാരൽ നിലച്ച് ജോലിയില്ലാതായതോടെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി തൊഴിലാളികൾ. മണൽ വാരൽ അനുമതിക്കായി സർക്കാർ കാര്യമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് തുറമുഖത്തിന് കീഴിൽ മണൽമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ വോട്ട് ചെയ്യാതെ മാറിനിൽക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
കോടതി നിർദേശ പ്രകാരം പരിസ്ഥിതി പഠനം പൂർത്തിയാക്കി അഞ്ചുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് തൊഴിലാളികളും കുടുംബവും പോകുന്നത്.
സംഭവത്തിൽ ശനിയാഴ്ച മുഖാമുഖം പരിപാടിക്കായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് തൊഴിലാളികൾ നേരിട്ടെത്തി പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.