ഓണത്തിന് പൂക്കൊട്ട നിറയും
text_fieldsകണ്ണൂർ: മറുനാടൻ പൂക്കളെ കളത്തിന് പുറത്താക്കാൻ ‘ഓണത്തിന് ഒരു കൊട്ട പൂവ്’ പദ്ധതിയുമായി വീണ്ടും ജില്ല പഞ്ചായത്ത്. രണ്ടര ലക്ഷം തൈകളാണ് ജില്ലയിലാകെ പൂവിരിച്ചുനിൽക്കുക. കരിമ്പം, പാലയാട്, വേങ്ങാട്, കാങ്കോൽ നഴ്സറികളിൽ ഉത്പാദിപ്പിച്ച തൈകളാണ് വിതരണം ചെയ്യുന്നത്. ജില്ല തല നടീൽ ഉദ്ഘാടനം പാപ്പിനിശേരി പമ്പാലയിൽ മിനി ഉണ്ണികൃഷ്ണന്റെ കൃഷിയിടത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹകരണത്തോടെ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. 35 സെന്റിലാണ് ഇവിടെ ചെണ്ടുമല്ലി കൃഷി ഒരുക്കുന്നത്.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു.പി. ശോഭ, വി.കെ. സുരേഷ് ബാബു, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല, വൈസ് പ്രസിഡന്റ് കെ. പ്രദീപ്കുമാർ, പാപ്പിനിശ്ശേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.പി. മാലിനി, ടി.കെ. പ്രമോദ്, വാർഡ് അംഗങ്ങളായ പി. രാജൻ, കെ. ബാലകൃഷ്ണൻ, കെ.വി. മുഹ്സിന, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം.പി. അനൂപ്, കൃഷി ഓഫിസർ കെ.കെ. ആദർശ്, കൃഷി അസി. എ. പ്രിയങ്ക എന്നിവർ സംബന്ധിച്ചു.
ചെണ്ടുമല്ലി കൃഷി ഗ്രൂപ്പുകൾക്ക് 40 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നതിന് ജില്ലയിലെ അഞ്ച് സർക്കാർ ഫാമുകളിൽ ഒരുക്കിയ രണ്ട് ലക്ഷം ഹൈബ്രിഡ് തൈകൾ 450 ഗ്രൂപ്പുകൾക്ക് വിതരണം ചെയ്തു. ശരാശരി രണ്ടു കിലോ ഒരു ചെടിയിൽ നിന്ന് എന്ന രീതിയിൽ നാല് ലക്ഷം കിലോ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.
കൂത്തുപറമ്പ്: മാങ്ങാട്ടിടത്ത് ചെണ്ടുമല്ലിപൂ കൃഷിക്ക് തുടക്കമായി. ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെണ്ടുമല്ലി കൃഷി ഇറക്കുന്നത്. മറുനാടൻ പൂക്കളുടെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായാണ് മാങ്ങാട്ടിടം കരിയിൽ ചെണ്ടുമല്ലി കൃഷി ഇറക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് മാങ്ങാട്ടിടം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കൃഷിയിറക്കിയത്.
കരിയിൽ ഹരിതം ഗ്രൂപ്പ് കൺവീനർ എം. കലവാതിയുടെ നേതൃത്വത്തിൽ 500 മല്ലിക തൈകൾ ആണ് ആദ്യ ഘട്ടത്തിൽ നട്ടത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിലം ഒരുക്കിയത്. പഞ്ചായത്തിലെ 17 ഗ്രൂപ്പുകൾക്കായി 10,800 ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു. ഒരു ചെണ്ടുമല്ലി തൈക്ക് 6.50 രൂപയാണ് വില. തൈ നടീൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ഷീന അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എ. സൗമ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.ബഷീർ. വാർഡ് അംഗം സി.കെ. കൃഷ്ണൻ, സി. പ്രേമലത, കെ. വിജേഷ്, സി. സിനു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.