മേൽപാലങ്ങൾ അടച്ചു; ജനം വലഞ്ഞു
text_fieldsപഴയങ്ങാടി: പിലാത്തറ - പാപ്പിനിശ്ശേരി റോഡിലെ താവം, പാപ്പിനിശ്ശേരി റെയിൽവേ മേൽപാലങ്ങൾ അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെ ജനം വലഞ്ഞു.
അറ്റകുറ്റപ്പണിക്കായി ജനുവരി 20 വരെ അടച്ചിടാനാണ് തീരുമാനം. വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെ ദേശീയപാതയിൽ വാഹനത്തിരക്കേറി. പഴയങ്ങാടിയിൽനിന്ന് കണ്ണൂരിലക്കും തിരിച്ചുമുള്ള വാഹനങ്ങൾ കുപ്പം വഴി പോകാനായിരുന്നു നിർദേശമെങ്കിലും വാഹനങ്ങൾ അധികവും താവം വേട്ടക്കൊരുമകൻ ക്ഷേത്രം റോഡിലൂടെ പോയതോടെ ഇവിടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
ബസുകൾ ഇരിണാവ് റോഡ് വഴിയാണ് കണ്ണൂരിലെത്തിയത്. കണ്ണൂരിലേക്കുള്ള സ്വകാര്യ ബസുകൾ താവത്തുനിന്ന് യാത്ര ആരംഭിക്കുകയും തിരിച്ചുള്ള വാഹനങ്ങൾ താവത്ത് യാത്ര അവസാനിപ്പിക്കുകയുമാണ്. ഇതേത്തുടർന്ന് ആളുകൾ ഒന്നര കിലോമീറ്ററോളം നടക്കേണ്ട സ്ഥിതിയായി.
പഴയങ്ങാടി ടൗണിൽ ഗതാഗതത്തിരക്ക് കുറഞ്ഞു. ഇവിടെ വ്യാപാര മേഖല മാന്ദ്യത്തിലായി. വ്യാപാര സ്ഥാപനങ്ങളിൽ ഉൽപന്നങ്ങൾ എത്തിക്കുന്നതിന്, മേൽപാലങ്ങൾ അടച്ചത് വിനയായി. കടകളിൽ സാധനങ്ങൾ എത്തിക്കേണ്ട ഏജൻസികൾ ആഴ്ചയിലും രണ്ടാഴ്ചയിലുമായി വിതരണം പരിമിതപ്പെടുത്താനുള്ള നീക്കത്തിലാണ്.
ആവശ്യത്തിനുള്ള സാധനങ്ങൾ യഥാസമയത്ത് ലഭിക്കില്ലെന്ന ആശങ്കയിലാണ് വ്യാപാര മേഖല.പഴയങ്ങാടിയിൽനിന്ന് തളിപ്പറമ്പ്, പയ്യന്നൂർ മേഖലകളിലേക്കും സർവിസ് നടത്തുന്ന ബസുകൾ താവം റെയിൽവേ മേൽപാലത്തിനു സമീപത്തുനിന്ന് സർവിസ് ആരംഭിക്കണമെന്നും പഴയങ്ങാടി ബസ് സ്റ്റാൻഡിൽ അവസാനിപ്പിക്കുന്ന സർവിസുകൾ പഴയങ്ങാടി റെയിൽവേ മേൽപാലം വരെ നീട്ടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
പാപ്പിനിശ്ശേരി മേൽപാലം അറ്റകുറ്റപ്പണി തുടങ്ങി
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപാലത്തിൽ അറ്റകുറ്റപ്പണി തുടങ്ങി. കെ.എസ്.ടി.പി എൻജിനീയർമാരുടെ നേതൃത്വത്തിൽ കരാറുകാരായ ആർ.ഡി.എസ് ആണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലത്തിെൻറ ഉപരിതലത്തിലെ ടാർ ചെയ്ത ഭാഗം കിളച്ചുമാറ്റി ഉപരിതലം പരിശോധിക്കും. പാലത്തിലെ രണ്ടു തൂണുകൾ തമ്മിൽ യോജിക്കുന്നിടത്തെ സ്പാനുകളിലാണ് കൂടുതൽ കുഴികൾ രൂപപ്പെട്ടതെന്നാണ് എൻജിനീയര്മാര് പറയുന്നത്. ഇവിടം കുഴിച്ചുനീക്കി പരിശോധിച്ച് കേടുപാടുകൾ കണ്ടെത്തി അവിടം കെമിക്കൽ ഉപയോഗിച്ച് അടച്ച് ഉറപ്പിക്കും. അതിനുമീതെ വാട്ടർ പ്രൂഫിങ് ഷീറ്റ് വിരിക്കും. വെള്ളമിറങ്ങാതെ സംരക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്ന് എൻജിനീയർ പറഞ്ഞു. അത് ഉണങ്ങിക്കഴിഞ്ഞാൽ കുഴിച്ചുനീക്കിയ ഉപരിതലത്തിൽ പുതിയ ടാറിങ് നടത്തും. ഈ പ്രവൃത്തികൾ പൂർത്തിയായാൽ മാത്രമേ ഗതാഗതത്തിന് തുറന്നുകൊടുക്കുകയുള്ളൂ. ശരിയാംവണ്ണം പ്രവൃത്തി നടത്തി പാലം തുറക്കാൻ ഒരു മാസം സമയം ആവശ്യമാണ്. അറ്റകുറ്റപ്പണിക്ക് പാലം ഒരു മാസത്തേക്ക് അടച്ചു.
2018 നവംബർ 24ന് അന്നത്തെ പൊതുമരാമത്ത് മന്തി ഗതാഗതത്തിനായി തുറന്നുകൊടുത്തതാണ് പാലം. ആ വർഷം മഴ തുടങ്ങിയതോടെ പാലത്തിെൻറ ഉപരിതലത്തിൽ ഒട്ടുമിക്ക സ്ഥലത്തും വലിയ കുഴികൾ രൂപപ്പെട്ടു. പരാതി ഉയർന്നതോടെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. അന്വേഷണം പുരോഗമിച്ച സാഹചര്യത്തിലാണ് പാലം ഒരു മാസത്തേക്ക് അടച്ചിട്ട് അറ്റകുറ്റപ്പണി ആരംഭിച്ചത്.
കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നിർമിച്ച പാലവും റോഡും പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്തപ്പോൾ, പരാതി നിലനിൽക്കുന്ന മേൽപാലങ്ങൾ ഏറ്റെടുക്കാൻ വകുപ്പ് തയാറായില്ല. ഈ സാഹചര്യത്തിലാണ് കരാറുകാരായ ആർ.ഡി.എസ് തന്നെ അറ്റകുറ്റപ്പണി നടത്തുന്നതെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞു.
അടിപ്പാതയിൽ ഗതാഗതക്കുരുക്ക്
പാപ്പിനിശ്ശേരി: മേൽപാലം അടച്ചതോടെ റെയിൽവേ അടിപ്പാതയിലൂടെ വാഹനത്തിരക്ക് കൂടി. ഇരുഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് പൊലീസ് സംവിധാനം ഏർപ്പെടുത്താത്തതാണ് കുരുക്കിന് കാരണമായത്.
ഒടുക്കം നാട്ടുകാർ ചേർന്ന് വാഹന ഗതാഗതം നിയന്ത്രിച്ചു. കണ്ണപുരം, ഇരിണാവ്, പാപ്പിനിശ്ശേരി വെസ്റ്റ് ഭാഗങ്ങളിലേക്ക് പോകാനും തിരികെ വരാനും ഏകമാർഗം അടിപ്പാത മാത്രമാണ്. ഇവിടെ ഇരുഭാഗത്തും കനത്ത വാഹനത്തിരക്കാണ് രാവിലെ പാലം അടച്ചതുമുതൽ രൂപപ്പെട്ടത്. വാഹനങ്ങൾ നിയന്ത്രിക്കുന്നതിനും മറ്റും പൊലീസ് സംവിധാനം ഉറപ്പാക്കുമെന്ന് കലക്ടർ പറഞ്ഞെങ്കിലും നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.