ഭക്ഷ്യസുരക്ഷ: കണ്ണൂർ ജില്ലയിൽ അടഞ്ഞുകിടക്കുന്നത് 30 കടകൾ
text_fieldsകണ്ണൂർ: നിയമലംഘനം കണ്ടെത്തിയതിന്റെ പേരിൽ ജില്ലയിൽ അടഞ്ഞുകിടക്കുന്നത് 30 കടകൾ. ഇതിൽ 20 എണ്ണവും ഭക്ഷ്യസുരക്ഷവകുപ്പിന്റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചവയാണ്. വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്തതിനും കൈകാര്യം ചെയ്തതിന്റെയും പേരിൽ അടപ്പിച്ചതാണ് ശേഷിക്കുന്ന പത്ത് കടകൾ. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, തട്ടുകടകൾ എല്ലാം അടച്ചിട്ടതിൽപെടും.
അടച്ചുപൂട്ടിയ കടകൾ വീണ്ടും തുറക്കുന്നതിനുള്ള മാനദണ്ഡം കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷ വകുപ്പ് പുതുക്കി നിശ്ചയിച്ചതോടെ ജില്ലയിലും നടപടികൾ കർശനമാക്കി. അടച്ചുപൂട്ടാൻ ഇടയാക്കിയ കാരണങ്ങൾ പരിഹരിച്ചോയെന്ന് പ്രത്യേക സ്ക്വാഡ് പരിശോധിച്ചശേഷമേ വീണ്ടും തുറക്കാൻ കഴിയൂവെന്നാണ് പുതിയ നിബന്ധന.
അതത് മണ്ഡലങ്ങളിലെ ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫിസർമാർക്കാണ് ഇതു ഉറപ്പാക്കേണ്ട ചുമതല. വലിയ പ്രയാസമില്ലാതെ ലഭ്യമാക്കാവുന്നതായിട്ടും ലൈസൻസ് എടുക്കാതെ കടകൾ പ്രവർത്തിക്കുന്നത് ഗൗരവമായാണ് ഭക്ഷ്യസുരക്ഷ വകുപ്പ് കാണുന്നത്. കടയിൽ പ്രവേശിക്കുന്നയിടത്ത് എല്ലാവർക്കും കാണുന്ന വിധം ലൈസൻസ് പ്രദർശിപ്പിക്കണമെന്നാണ് നിയമം. ഈ നിർദേശം മിക്ക കടകളും പാലിക്കുന്നില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്.
എത്ര പറഞ്ഞിട്ടും പഠിക്കാത്തവർ
ഭക്ഷണം വിൽക്കുന്നവർ പാലിക്കേണ്ട മിനിമം മര്യാദകൾ പോലും പാലിക്കാത്ത ഒട്ടേറെ കടകൾ ജില്ലയിലുമുണ്ടെന്ന് പരിശോധക സംഘം സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യനു കഴിക്കാനുള്ളതാണ്, ജീവൻവെച്ചുള്ള കളിയാണ് എന്നെല്ലാം എത്ര തവണ പറഞ്ഞാലും താക്കീതു ചെയ്താലും പിഴയിട്ടാലും മാറാത്തവരാണ് ഇക്കൂട്ടർ.
കട പരിശോധനയിൽ മിക്കയിടത്തും കാണുന്ന നിയമലംഘനമാണ് പച്ചക്കറിയും മാംസവും ഫ്രീസറിൽ ഒരുമിച്ചു വെക്കുന്നത്. രണ്ടും വെവ്വേറെയാണ് സൂക്ഷിക്കേണ്ടത് എന്നു പലതവണ നിർദേശിച്ചിട്ടും കടക്കാർ പാലിക്കുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ധാരണയില്ലാത്ത, ഭാഷയറിയാത്ത തൊഴിലാളികളാണ് പ്രധാന കാരണം. ഇതു ശ്രദ്ധിക്കാൻ കടയുടമകൾക്ക് സാധിക്കാത്തത് മറ്റൊരു പ്രശ്നം. ഇക്കാരണത്താൽ മാത്രം ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ ഒട്ടേറെ കടകൾക്ക് ഇതിനകം പിഴയിട്ടു.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ച പത്തു കടകളാണ് നിലവിൽ അടച്ചിട്ടിരിക്കുന്നത്. ഹോട്ടലുകളിലെ മലിനജലം കൈകാര്യം ചെയ്യുന്നതിലാണ് മറ്റൊരു വീഴ്ച. മാലിന്യം നിക്ഷേപിക്കുന്നതിന് ഒരുവിധ സൗകര്യവും ഈ കടകളിൽ പാലിക്കുന്നില്ല. ഭക്ഷണം ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ മൂടിവെക്കാതെ പുറത്തു നിക്ഷേപിക്കും. ഇവ എടുക്കാൻ ആളെത്താത്തതാണ് പ്രശ്നമെന്നാണ് പതിവായി ഹോട്ടലുടമകൾ പരിശോധകരോട് പറയുന്നത്. ഇങ്ങനെ ഒട്ടേറെ കാഴ്ചകളാണ് പരിശോധകർക്ക് പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.