മയക്കുമരുന്നുമായി നാലുപേർ അറസ്റ്റിൽ
text_fieldsകണ്ണൂർ: പൊലീസിന്റെ പിടിയിലായ ലഹരി മരുന്ന് വിൽപനക്കാരായ യുവതി ഉൾപ്പെടെ നാലു പേരും റിമാൻഡിൽ. പുതിയതെരു പനങ്കാവ് സ്വദേശി അറഫ മഹലിലെ മുഹമ്മദ് യാസിർ (30), തയ്യിൽ മരക്കാർക്കണ്ടിയിലെ അപർണ അനീഷ് (23), യാസിറിന്റെ സഹോദരൻ ചിറക്കലിലെ റിസ്വാൻ (22), സിറ്റി മൈതാനപ്പളളിയിലെ ടി.പി. ഹൗസിൽ ദിൽഷാദ് (33) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസും ഡാൻസഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ഇവർ അറസ്റ്റിലായത്.
158 ഗ്രാം എം.ഡി.എം.എയും 112 ഗ്രാം ഹഷിഷ് ഓയിലും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനു മോഹന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
തളാപ്പ് ജോൺ മില്ലിന് സമീപത്തെ മലബാർ ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ബെല്ലാർഡ് റോഡിലെ ഹോട്ടലിൽ നിന്നാണ് യാസിറും അപർണയും ലഹരി മരുന്നുമായി പിടിയിലായത്.
ഇവരെ ചോദ്യം ചെയ്തതിനെതുടർന്ന് തളാപ്പിലെ ഹോട്ടൽ കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് റിസ്വാനും ദിൽഷാദും പിടിയിലായത്. യാസറാണ് ഹോട്ടൽ നടത്തിയിരുന്നത്.ഇവരുടെ കൈവശമുണ്ടായിരുന്ന അഞ്ചു ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽവന്ന വിളികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നുണ്ട്. ലഹരിമരുന്ന് വിൽപന നടത്തുന്ന വൻസംഘത്തിലെ കണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബംഗളൂരുവിൽനിന്നാണ് ഇവർ ലഹരിമരുന്ന് കൊണ്ടുവരുന്നത്.
ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ ഈ കണ്ണിയിൽ വിൽപനക്കാരായും ഉപഭോക്താക്കളായുമുണ്ട്. പൊലീസ് സംശയിക്കുന്നത് ഒഴിവാക്കാനും പരിശോധനയിൽനിന്ന് രക്ഷപ്പെടാനായുമാണ് യുവതികളെ സംഘത്തിൽ ഉൾപ്പെടുത്തുന്നത്. കൂടുതൽ സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.