ബസ് അപകടത്തിൽ നാലുപേർ മരിച്ച കേസ്: 15ന് വിധി പറയും
text_fieldsതലശ്ശേരി: ബസ് അപകടത്തിൽ രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ നാലുപേർ മരിക്കാനിടയായ കേസിൽ ഒന്നാം അഡീഷനൽ ജില്ല ജഡ്ജി എ.വി. മൃദുല 15 ന് വിധി പറയും. തളിപ്പറമ്പ് കുപ്പത്താണ് കേസിനാധാരമായ സംഭവം. അമിത വേഗതയിലോടിയ ബസ്, കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി നാലു പേരുടെ ജീവൻ അപഹരിച്ചു. പി.എൻ.ആർ ബസ് ഡ്രൈവർ ഉദിനൂരിലെ പറമ്പത്ത് വീട്ടിൽ വി. രാഹുലാണ് (38) കേസിലെ പ്രതി.
2010 സെപ്റ്റംബർ ഒന്നിന് രാവിലെയായിരുന്നു അപകടം. പയ്യന്നൂർ ഭാഗത്ത് നിന്നും വരുന്ന ബസാണ് അപകടം വരുത്തിയത്. സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന തളിപ്പറമ്പ് സീതി സാഹിബ് മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥികളായ ടി.കെ. കുഞ്ഞാമിന (15), കെ.എം. ദീജ (15), എ.സി. ഖാദർ (52) എന്നിവരടക്കം നാല് പേർക്കാണ് ജീവഹാനി സംഭവിച്ചത്. വിദ്യാർഥികളുൾപ്പെടെ നിരവധി പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.
കുപ്പത്തെ പുതിയ പുരയിൽ മുഹമ്മദ് ഷെരീഫിന്റെ പരാതിയിലാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. സംഭവം നേരിൽ കണ്ട സീതി സാഹിബ് മെമ്മോറിയൽ സ്കൂൾ അധ്യാപകൻ കെ. അബ്ദുല്ല, പരിക്ക് പറ്റിയ റിസ് വാന വിദ്യാർഥികളായ ഷർഹാന, ടി.കെ. ജംഷീറ, പൊലീസ് ഓഫിസർമാരായ ടി. മധുസൂദനൻ, ഡി. പ്രമോദ്, പി.ജെ. ജോയ്, പി. ചന്ദ്രശേഖരൻ, രാധാകൃഷ്ണൻ, കെ. ഗോപാലകൃഷ്ണൻ, ഡോക്ടർമാരായ ലതിക ദേവി, ആർ.കെ. റമിത്ത്, ശ്രീധരൻ ഷെട്ടി, രാഗേഷ്, ആർ.ടി.ഒ ഒ.കെ. അനിൽകുമാർ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ജയറാം ദാസ് ഹാജരാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.