കണ്ണൂർ ജില്ലയിൽ ഇന്ധനക്കടത്ത് വ്യാപകം
text_fieldsകണ്ണൂർ: മാഹിയിൽനിന്നും കർണാടകയിൽനിന്നും ജില്ലയിലേക്ക് ഇന്ധനക്കടത്ത് വ്യാപകം.സംസ്ഥാന സർക്കാറിന് നികുതിയിനത്തിൽ കോടികളുടെ നഷ്ടം വരുത്തുന്ന നടപടിയായിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. കാര്യമായ പരിശോധനകളോ കർശന നടപടികളോ ഇല്ലാത്തതിനാൽ ഇന്ധന വിൽപന തുടരുകയാണ്.
കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭ്യമാവുന്നതിനാൽ വാങ്ങുന്നവർക്ക് പരാതിയില്ലെന്നതാണ് കടത്തുകാർക്ക് എളുപ്പമാകുന്നത്. ദേശീയ- സംസ്ഥാന പാതകളിലാണ് അനധികൃത വിൽപന സജീവം. അടിയന്തര നടപടിയാവശ്യപ്പെട്ട് സെപ്റ്റംബർ 30ന് ജില്ലയിലെ പെട്രോൾ പമ്പുകൾ 24 മണിക്കൂർ അടച്ചിടും. അനധികൃത ഇന്ധനക്കടത്തിനു പുറമെ ഡീലർമാരുടെ കമീഷൻ വർധിപ്പിക്കുകയെന്ന ആവശ്യവും ഉന്നയിച്ചാണ് പമ്പുകൾ അടച്ചിടുന്നതെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ടി.വി. ജയദേവനും ജനറൽ സെക്രട്ടറി എം. അനിലും അറിയിച്ചു.
നിർമാണമേഖലയിലും ക്വാറികളിലും യഥേഷ്ടം
നിർമാണമേഖല, ഹാർബറുകൾ, കരിങ്കൽ-ചെങ്കൽ ക്വാറികൾ തുടങ്ങിയ ഇടങ്ങളിൽ വ്യാപകമായാണ് അനധികകൃത പെട്രോളും ഡീസലുമെത്തുന്നത്. ബൈക്ക് മുതൽ ലോറികൾ വരെ ഇന്ധനക്കടത്തിൽ കണ്ണികളാണ്. ചില പമ്പുകളുടെ ഒത്താശയോടെയാണ് എണ്ണക്കടത്തെന്നാണ് സംശയം. രാത്രി പത്തു മുതൽ പുലർച്ചെ വരെയാണ് പ്രവർത്തനം.
ക്വാറികളിലേക്ക് ആവശ്യമായ ഇന്ധനം എത്തിച്ചു നൽകുന്നതിന് പ്രത്യേകസംഘം തന്നെ പ്രവർത്തിക്കുന്നതായി പമ്പുടമകൾ പറഞ്ഞു. മാഹിയിലും കർണാടക അതിർത്തിയിലും എത്തുന്ന ചില വാഹനങ്ങൾ മടങ്ങുന്ന വേളയിൽ എണ്ണ കടത്തുന്നുണ്ട്. പമ്പുകളുടെ പിന്തുണയില്ലാതെ ഇങ്ങനെ ഇന്ധനം കടത്താൻ കഴിയില്ലെന്നും ഇവർ പറഞ്ഞു. സ്കൂൾ ബസുകളിൽ പോലും ഇന്ധനം കടത്തുന്നുണ്ടെന്നും ആരോപണമുണ്ട്.
വിലക്കുറവു തന്നെയാണ് പ്രധാനം
മാഹിയിൽ പെട്രോളിന് 15ഉം ഡീസലിന് 13ഉം രൂപയുടെ കുറവാണ് ലിറ്ററിലുള്ളത്. കർണാടകയിലാവട്ടെ ഡീസലിന് എട്ടും പെട്രോളിന് അഞ്ചും രൂപയുടെ വിലക്കുറവുണ്ട്. ഇവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ സ്വന്തം വാഹനങ്ങളിൽ പരമാവധി എണ്ണയടിച്ചാണ് മടങ്ങുന്നത്. കന്നാസുകളിലും കുപ്പികളിലുമായി ഇന്ധനം കൊണ്ടുപോവുന്നു.
ഇതിനെല്ലാം പുറമെയാണ് ചില പമ്പുകാരുടെ പിന്തുണയിൽ അനധികൃതമായി ലോറികളിൽ ഉൾപ്പെടെ ഇന്ധനം എത്തിക്കുന്നത്. സംസ്ഥാനത്തിന് വിൽപന നികുതിയിൽ കോടികളുടെ നഷ്ടമാണ് ഇതുണ്ടാക്കുന്നത്. നിയമപരമായി പ്രവർത്തിക്കുന്ന പമ്പുകളുടെ നിലനിൽപ്പ് അപകടത്തിലാക്കുന്ന നടപടിയാണിത്. ഇന്ധനം കടത്തുന്നതിന്റെ ദൃശ്യമടക്കം ജില്ല കലക്ടർ, പൊലീസ് മേധാവി, എ.ഡി.എം ഉൾപ്പെടെയുള്ളവർക്ക് പതാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്നും പമ്പുടമകൾ പറയുന്നു.
മാഹിക്കു തൊട്ടടുത്തെ പ്രദേശമായതിനാൽ തലശ്ശേരി താലൂക്കിലെ പമ്പുകളിൽ ഇന്ധന വിൽപന പകുതിയായി കുറഞ്ഞിട്ടുണ്ട്. മറ്റു താലൂക്കുകളിലും വിൽപനയിൽ കുറവാണ് ഉണ്ടായതെന്നും ഇവർ പറഞ്ഞു. മാഹിയിൽനിന്ന് ലോറിയിൽ കടത്തിയ 4000 ലിറ്റർ ഡീസൽ ജി.എസ്.ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഈയിടെ പിടികൂടിയിരുന്നു. മാഹി പള്ളൂരിലെ പമ്പിൽനിന്ന് പിക്കപ്പ് ലോറിയിൽ ടാങ്ക് ഘടിപ്പിച്ചാണ് ഡീസൽ കടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.