വൃക്കരോഗികളുടെ ധനസഹായം പാഴായി
text_fieldsകണ്ണൂർ: കോർപറേഷനിൽ മുടങ്ങിക്കിടക്കുന്ന 2022 -23 വർഷത്തെ വൃക്കരോഗികളുടെ ഡയാലിസിസ് ധനസഹായ വിതരണം നടക്കില്ലെന്ന് ഉറപ്പായി. കോർപറേഷൻ സമർപ്പിച്ച വൃക്കരോഗികൾക്കുള്ള ധനസഹായ ബില്ലിൽ ആരോഗ്യവകുപ്പും ട്രഷറിയും കൃത്യമായി ഇടപെടാതിരുന്നതോടെയാണ് ധനസഹായം അസാധുവായത്.
സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കിഡ്നി കെയർ കേരള പ്രവർത്തക സമിതി യോഗം കോർപറേഷനോടും ജില്ല ട്രഷറിയോടും ആവശ്യപ്പെട്ടു. ധനസഹായ പദ്ധതി നടപ്പാക്കാൻ നിർവഹണ ഉദ്യോഗസ്ഥയായ പള്ളിക്കുന്ന് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ വിസമ്മതിച്ച് നിർവഹണം നീട്ടി കൊണ്ടുപോയതിനാൽ കോർപറേഷൻ മാർച്ച് അവസാന വാരത്തിൽ മാത്രമാണ് ഹെൽത്ത് സുപ്പർവൈസറെ നിയമിച്ച് ധനസഹായ ബിൽ ജില്ല ട്രഷറിയിൽ സമർപ്പിച്ചത്.
എന്നാൽ, പല കാരണങ്ങളും പറഞ്ഞ് ബിൽ പാസാക്കാതെ മാർച്ച് 31 രാത്രി വരെ നീട്ടിക്കൊണ്ടുപോയി. 31ന് രാത്രി 11വരെ കോർപറേഷൻ ഉദ്യോഗസ്ഥർ ട്രഷറിയിലെത്തി ബില്ലിൽ ട്രഷറി ഉദ്യോഗസ്ഥർ പറഞ്ഞ ന്യൂനതകൾ പരിഹരിച്ചു നൽകിയിരുന്നു. എന്നിട്ടും ട്രഷറി ബിൽ പാസാക്കാൻ തയാറായില്ല.
പാവപ്പെട്ട വൃക്കരോഗികളുടെ സഹായ കാര്യത്തിൽ ട്രഷറി പോലും അവഗണിച്ചെന്ന് യോഗം കുറ്റപ്പെടുത്തി. 2023 -23 വർഷത്തെ ധനസഹായത്തിന് അപേക്ഷ നൽകിയവരിൽ 10പേർ ഇതിനോടകം മരണപ്പെട്ടു.
രണ്ടുപ്രോജക്ടുകളിലായി 16,89,800 രൂപയുടെ സഹായ പ്രോജക്ടുകളാണ് കോർപറേഷൻ സമർപ്പിച്ചത്. സഹായം രോഗികൾക്ക് നേരിട്ടു നൽകാതെ ആശുപത്രികൾക്ക് നൽകാനാണ് സർക്കാർ ഉത്തരവ്. മുൻകൂട്ടി ആശുപത്രികൾക്കു നൽകാനും വ്യവസ്ഥയില്ല. രോഗികളിൽ നിന്ന് ഡയാലിസിസ് കഴിഞ്ഞ അതേദിവസം തന്നെ ആശുപത്രികൾ അവർക്കു കിട്ടേണ്ട തുക ഈടാക്കി കഴിഞ്ഞു.
ഇനി ധനസഹായം ആശുപത്രിക്കാർ വാങ്ങി രോഗികൾക്ക് തിരിച്ചു നൽകണം. ഈ തലതിരിഞ്ഞ ഉത്തരവ് മാറ്റി ആവശ്യമായ എല്ലാരേഖകളും ഹാജരാക്കിയാൽ രോഗിയുടെ ബാങ്ക് അൗക്കൗണ്ടിലേക്ക് സഹായം നൽകണമെന്ന ആവശ്യവുമായി കിഡ്നി കെയർ കേരള മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.
കിഡ്നി കെയർ കേരള ചെയർമാൻ പി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെ.എസ്. സുനിൽ, കെ. ജയരാജൻ, കെ.വി. ജയറാം, ഇ. ബാലകൃഷ്ണൻ, പി. അബ്ദുൽ മുനീർ, കെ. മഹിജ, വി.കെ. ബാലകൃഷ്ണൻ, ടി.ഇ. മധുസൂദനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.