കെട്ടിട ഉടമകളുടെ ശ്രദ്ധക്ക് മാലിന്യത്തിൽ കണ്ണുവേണം
text_fieldsകണ്ണൂർ: കെട്ടിടങ്ങളിലെ മാലിന്യം പൊതുസ്ഥലങ്ങളിലും പുഴകളിലും തള്ളിയതിനും കൂട്ടിയിട്ടതിനും ഉടമകൾക്കെതിരെ നടപടി.
വളപട്ടണം പുഴയിലേക്ക് മാലിന്യം തള്ളിയതിന് കെട്ടിട ഉടമക്ക് കേരള പഞ്ചായത്തീരാജ് ആക്ട് പ്രകാരം അരലക്ഷം രൂപ പിഴയീടാക്കി.
ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വളപട്ടണം പാലത്തിന് സമീപം പ്രവർത്തിച്ചു വരുന്ന രാജ രാജൻ കോംപ്ലക്സിനെതിരെയാണ് നടപടി. കോപ്ലക്സിന് ചുറ്റും വലിയ തോതിൽ മാലിന്യം പുഴയിലേക്ക് തള്ളിയതായി കണ്ടെത്തി. മദ്യക്കുപ്പികൾ, ചില്ലു ഗ്ലാസുകൾ, തെർമോക്കോൾ, പുകയില ഉൽപന്നങ്ങളുടെ കവറുകൾ, വെള്ളക്കുപ്പികൾ തുടങ്ങിയവയാണ് വൻ തോതിൽ പുഴയിലേക്ക് തള്ളിയത്.
മാലിന്യം ഉടൻ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ കെട്ടിട ഉടമക്ക് സ്ക്വാഡ് നിർദേശം നൽകി. രാജ രാജൻ കോംപ്ലക്സിന് പുറത്ത് പ്രവർത്തിച്ചുവരുന്ന പ്രദീപന്റെ ഉടമസ്ഥതയിലുള്ള ചായക്കടക്ക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിന് സ്ക്വാഡ് 5,000 രൂപയും പിഴ ചുമത്തി. വരും ദിവസങ്ങളിലും പാപ്പിനിശ്ശേരി കേന്ദ്രികരിച്ചു ശക്തമായ പരിശോധന നടത്തുമെന്ന് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ് അറിയിച്ചു. വളപട്ടണം പുഴയിൽ മാലിന്യം തള്ളൽ സ്ഥിരമാണ്. സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരിശോധനയിൽ സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ, പാപ്പിനിശ്ശേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. സുമിൽ എന്നിവരും പങ്കെടുത്തു.
കൂട്ടിയിട്ടാലും പിഴ
ചെമ്പിലോട് പഞ്ചായത്തിന്റെ വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ വ്യാപകമായ മാലിന്യം കൂട്ടിയിട്ടതായി കണ്ടൈത്തി. ചക്കരക്കൽ, ചാല എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിലും പരിസരത്തും വ്യാപകമായി മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ട നിലയിലായിരുന്നു.
ഇവിടങ്ങളിൽനിന്ന് ഹരിതകർമസേനക്ക് അജൈവമാലിന്യങ്ങൾ കൈമാറുന്നില്ലെന്നും കണ്ടെത്തി. ചക്കരക്കൽ ചൂളയിലുള്ള ക്വാർട്ടേഴ്സ് ഉടമ അബ്ദുൽ ഖാദർ, ചാലയിലുള്ള കെട്ടിടത്തിന്റെ ഉടമ മായിൻ അലി എന്നിവരിൽ നിന്ന് 5,000 രൂപ വീതം പിഴ ഈടാക്കി. തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽനിന്ന് അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമസേനക്ക് കൈമാറണമെന്നും പരിശോധനകൾ കർശനമായി തുടരുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പരിശോധനയിൽ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് എം. ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ എം. പ്രസീത എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.