മാലിന്യ നിര്‍മാര്‍ജനം: നിയമ നടപടി കര്‍ക്കശമാക്കും -മന്ത്രി
text_fieldsകണ്ണൂർ: സമ്പൂര്‍ണ മാലിന്യമുക്ത നവകേരളത്തിന് ബോധവത്കരണംകൊണ്ട് മാത്രം കാര്യമില്ലെന്നും നിയമലംഘനങ്ങള്‍ക്കെതിരെ നിയമനടപടി കര്‍ശനമായി നടപ്പാക്കുമെന്നും തദ്ദേശസ്വയംഭരണ-എക്സൈസ് മന്ത്രി എം.ബി. രാജേഷ്. കണ്ണൂര്‍ കോര്പറേഷന് മഞ്ചപ്പാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ അരലക്ഷം രൂപ വരെ പിഴയീടാക്കും. ജലം മലിനമാക്കുന്നവര്‍ക്കെതിരെ പിഴ കൂടാതെ ഒരുവര്‍ഷംവരെ തടവ് ലഭിക്കുന്ന രീതിയില്‍ നിയമം കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മലിനജല ശുദ്ധീകരണ പ്ലാന്റ് അനിവാര്യമാണ്. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെതിരെ ചില കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ നേരിടുന്നുണ്ട്. ചിലര്‍ ബോധപൂര്‍വവും മറ്റുചിലർ അജ്ഞതകൊണ്ടും പ്ലാന്റ് വരുന്നതിനെ എതിര്‍ക്കുന്നു.
പ്ലാന്റുകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത് തെറ്റിദ്ധാരണകൊണ്ട് മാത്രമാണെന്നും എതിര്‍പ്പുകള്‍ കര്‍ശനമായി നേരിട്ട് ആശങ്കകളുണ്ടെങ്കില്‍ അതു പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ അഡ്വ. ടി.ഒ. മോഹനന് അധ്യക്ഷത വഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനം നിര്‍മാണം പൂര്‍ത്തിയാക്കുന്ന ആദ്യ പ്ലാന്റാണിത്. തദ്ദേശസ്ഥാപനം മലിനജലം പൈപ്പ് വഴി ഉറവിടങ്ങളില്‍നിന്ന് ശേഖരിച്ച് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിക്കുന്ന പദ്ധതി കേരളത്തില്‍ ആദ്യമാണ്. കോര്പറേഷന് താളിക്കാവ് വാര്‍ഡിലെ മഞ്ചപ്പാലത്ത് 27 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്ലാന്റിലൂടെ നഗരത്തിലെ 10 ലക്ഷം ലിറ്റര്‍ മലിനജലം വരെ ഒറ്റയടിക്ക് ശുദ്ധിയാക്കാനാകും.
താളിക്കാവ്, കാനത്തൂര്‍ വാര്‍ഡുകളിലെ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നുമുള്ള മലിനജലം പൈപ്പ് വഴി നേരിട്ട് പ്ലാന്റിലേക്ക് എത്തിക്കുന്നതാണ് സംവിധാനം. പൈപ്പുകള്ക്കിടയില് ഓരോ 40 മീറ്ററിലും മാന്‍ഹോളുണ്ട്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുക. പ്രത്യേക പൈപ്പ് വഴി പ്ലാന്റിലേക്ക് എത്തുന്ന മലിനജലം ശുദ്ധീകരിച്ച് കൃഷിക്കും നിര്‍മാണപ്രവൃത്തികള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാനും പദ്ധതിയുണ്ട്.
പ്ലാന്റിലേക്ക് മലിനജലമെത്തിക്കുന്നതിനായി വീടുകളെയും സ്ഥാപനങ്ങളെയും ഹോട്ടലുകളെയും ബന്ധിപ്പിച്ച് 13 റോഡുകളിലാണ് പൈപ്പിട്ടത്. തൃശൂരിലുള്ള ടി.ഡി.എല്‍.സി എന്ന സഹകരണ സ്ഥാപനമാണ് പ്ലാന്റിന്റെ പ്രവൃത്തി നടത്തിയത്. അഞ്ചുവര്‍ഷം ടി.ഡി.എല്‍.സി പ്ലാന്റ് പ്രവര്‍ത്തിപ്പിക്കും.
ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, അമൃത് മിഷന് ഡയറക്ടര്‍ അലക്സ് വര്‍ഗീസ്, കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. രാഗേഷ്, ഷമീമ, എം.പി. രാജേഷ്, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍മാരായ കെ. സുരേഷ്, മുസ് ലിഹ് മഠത്തില്‍, ടി. രവീന്ദ്രന്, എന്‍. ഉഷ, വി.കെ. ഷൈജു, ടി.ഡി.എൽ.സി ചെയര്മാന് ടി.ജി. സജീവ്, സെക്രട്ടറി ഇന്‍ചാര്‍ജ് ടി. മണികണ്ഠകുമാര്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.പി. വത്സന് എന്നിവര്‍ പങ്കെടുത്തു.
ചടങ്ങിനിടെ മേയർ-പി.കെ. രാഗേഷ് കൈയാങ്കളി
കണ്ണൂർ: കോർപറേഷൻ മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങൾ. മേയർ ടി.ഒ. മോഹനനും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ. രാഗേഷും തമ്മിൽ കൈയാങ്കളി. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു സദസ്സു വിട്ടതിനു പിന്നാലെ അധ്യക്ഷനായ മേയർ തുടർന്ന് സംസാരിക്കാൻ മുസ് ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറായ മുസ് ലിഹ് മഠത്തിലിനെയാണ് ക്ഷണിച്ചത്.
ഇതോടെ പി.കെ. രാഗേഷ് സംസാരിക്കാനായി മേയറിൽ നിന്നു മൈക്ക് തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ താനാണ് ആദ്യം സംസാരിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു തർക്കം. ഇതിനു വഴങ്ങാതെ മേയർ സംസാരിക്കാൻ മുസ് ലിഹിനെ ക്ഷണിക്കുകയായിരുന്നു. ഇതോടെ രാഗേഷ് മേയർക്കെതിരെ മുദ്രാവാക്യം വിളിച്ച് സദസ്സ് അലങ്കോലപ്പെടുത്തി.
പരിപാടിക്കെതിരെ വാർത്തസമ്മേളനം നടത്തിയാണ് സദസ്സിലേക്ക് എത്തിയതെന്നും കോർപറേഷന്റെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് പി.കെ. രാഗേഷ് ശ്രമിക്കുന്നതെന്നും പറഞ്ഞ മേയർ പരിപാടി അലങ്കോലമാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് രാഗേഷിനെ സംസാരിക്കാൻ ക്ഷണിക്കാതിരുന്നതെന്നും പറഞ്ഞ് പരിപാടി അവസാനിച്ചതായി അറിയിക്കുകയായിരുന്നു. പ്രതിപക്ഷ കൗൺസിലർമാർ ചേർന്നാണ് രാഗേഷിനെ പിന്തിരിപ്പിച്ച് സ്റ്റേജിൽനിന്ന് മാറ്റാൻ ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.