ഷോപ്പിങ് കോംപ്ലക്സിൽ മാലിന്യക്കൂമ്പാരം; കാൽ ലക്ഷം പിഴ
text_fieldsകണ്ണൂർ: നഗരത്തിലെ വ്യാപാരസമുച്ചയത്തിന്റെ ഉൾവശത്ത് വൻതോതിൽ മാലിന്യം തള്ളിയതായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് കണ്ടെത്തി. തളാപ്പിലെ ഐ.ബി കോംപ്ലക്സിലാണ് ദുർഗന്ധം വമിക്കുന്ന രീതിയിൽ ജൈവ-അജൈവ മാലിന്യങ്ങൾ വൻതോതിൽ കൂട്ടിയിട്ട രീതിയിൽ കണ്ടെത്തിയത്.
കോംപ്ലക്സിലെ തിരുവാതിര ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങളാണ് കണ്ടെത്തിയതിൽ ഏറെയും. തരം തിരിക്കാതെ ചാക്കിൽ കെട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന നിലയിൽ പൊതുജനാരോഗ്യത്തിന്റ ഭീഷണിയായ നിലയിലാണ് ദിവസങ്ങൾ പഴക്കമുള്ളതായി കണ്ടെത്തിയ മാലിന്യക്കെട്ടുകൾ കൂട്ടിയിട്ടിരിക്കുന്നത്.
ഹോട്ടലിന് പുറമെ അതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ക്ലബ്, നീതി മെഡിക്കൽ സ്റ്റോർ, സംഗീത കലാക്ഷേത്ര എന്നീ സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യങ്ങളും ഇതേ സ്ഥലത്തു തന്നെ തള്ളളിയതായും സ്ക്വാഡ് കണ്ടെത്തി.
ഐബി കോംപ്ലക്സ് ഉടമക്കും മാലിന്യം തള്ളിയ മറ്റ് നാല് സ്ഥാപനങ്ങൾക്കും 5,000 രൂപ വീതം പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ കണ്ണൂർ കോർപറേഷന് ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് നിർദേശം നൽകി. മാലിന്യം സ്വന്തം ചെലവിൽ നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും ബന്ധപ്പെട്ടവർക്ക് കർശന നിർദേശം നൽകി.
പരിശോധനയിൽ ജില്ല എൻഫോഴ്സ്മെൻറ് ടീം ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെൻറ് ഓഫിസർ കെ.ആർ. അജയകുമാർ, ഷരീകുൽ അൻസാർ, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുഷ്ക, സജയൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.