മാലിന്യം തള്ളൽ: കണ്ണൂരിന്റെ സ്മാർട്ട് ഐ ഇനി കേരളത്തിൽ
text_fieldsകണ്ണൂർ: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് തടയാൻ കണ്ണൂർ ജില്ല പഞ്ചായത്ത് നടപ്പാക്കിയ സ്മാർട്ട് ഐ പദ്ധതി മാതൃകയിൽ സംസ്ഥാനം മുഴുവൻ നടപ്പാക്കാനൊരുങ്ങുന്നു. ജില്ലയിൽ നടപ്പാക്കുന്ന പദ്ധതി മുഴുവൻ തദ്ദേശസ്ഥാപനങ്ങളും ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് ജോയന്റ് സെക്രട്ടറി ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ അധ്യക്ഷൻമാർക്കും ഉദ്യോഗസ്ഥൻമാർക്കും കത്തയച്ചു.
പദ്ധതിക്ക് മികച്ച സ്വീകാര്യതയാണെന്നും വ്യാപാരി വ്യവസായികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, പ്രദേശവാസികൾ, സ്കൂൾ പി.ടി.എ, എച്ച്.എം.സി തുടങ്ങിയവയുടെ സഹായത്തോടെ കാമറകൾ സ്ഥാപിക്കാമെന്നും സർക്കുലറിൽ പറയുന്നു. കണ്ണൂർ ജില്ല പഞ്ചായത്തുമായി കൂടിയാലോചന നടത്താമെന്നും കത്തിൽ പറയുന്നു.
പൊതു ഇടങ്ങളിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയുന്നതിനും മാലിന്യം വലിച്ചെറിയൽ മുക്ത കണ്ണൂർ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമാണ് ജില്ല പഞ്ചായത്ത്, തദ്ദേശസ്ഥാപനങ്ങളും ആസൂത്രണസമിതിയും ചേർന്ന് പദ്ധതി നടപ്പാക്കുന്നത്. പൊതു ഇടങ്ങളിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചാണ് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നത്. ജില്ലയിൽ 31 പഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും ഇതുവരെ പ്രവൃത്തി പൂർത്തിയായി.
സംസ്ഥാന പ്ലാൻ ഫണ്ടിൽനിന്ന് ലഭിക്കുന്ന തുകയിൽനിന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ അടക്കം കാമറ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് ജില്ല പഞ്ചായത്ത്.
കുറ്റകൃത്യങ്ങൾ തടയാനും സുരക്ഷയൊരുക്കാനുമായി ജില്ലയിലുടനീളം നിരീക്ഷണ കാമറകൾ ഒരുക്കുന്ന സ്മാർട്ട് ഐ പദ്ധതി മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും പുരോഗമിക്കുകയാണ്. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിന്റെ സാങ്കേതിക സഹായത്തോടെയും എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.
സ്ഥിരം കുറ്റകൃത്യങ്ങൾ നടക്കുന്ന മേഖലകളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നിരീക്ഷണമേർപ്പെടുത്താനും പൊലീസിനും എക്സൈസിനും വിവരങ്ങൾ കൈമാറാനും സാധിക്കും. കാമറകൾ ജില്ലയുടെ വിവിധഭാഗങ്ങളിൽ കൺതുറക്കുമ്പോൾ കുറ്റകൃത്യങ്ങൾ കണ്ടെത്താനാവുമെന്നാണ് ജില്ല പഞ്ചായത്തിന്റെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.