പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചു; ഹോട്ടലിന് ‘സ്മാർട്ട്’ പിഴ
text_fieldsകണ്ണൂർ: പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ-സ്മാർട്ട് വഴി കേരളത്തിൽ ആദ്യമായി കണ്ണൂർ കോർപറേഷനിൽ ഹോട്ടൽ ഉടമയിൽ നിന്ന് 25,000 രൂപ പിഴയീടാക്കി.
കഴിഞ്ഞ ഒമ്പതിന് പള്ളിയാമൂലയിൽ ജനവാസ മേഖലയിൽ മാലിന്യം കത്തിക്കുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആരോഗ്യ വിഭാഗം നൈറ്റ് സ്ക്വാഡ് പരിസരവാസികളിൽ നിന്നും മൊഴി എടുത്താണ് ഹോട്ടൽ കണ്ടെത്തിയത്.
പയ്യാമ്പലം അസറ്റ് ഹോമിലെ യുനൈറ്റഡ് കോക്കനട്ട് എന്ന ഹോട്ടലിലെ പ്ലാസ്റ്റിക് കടലാസ് മാലിന്യങ്ങളാണ് ജനവാസ മേഖലയിൽ കൂട്ടിയിട്ട് കത്തിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. അനുഷ്ക, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. ഹംസ, സി.ആർ. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള നൈറ്റ് സ്ക്വാഡാണ് നടപടിയെടുത്തത്.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും കത്തിക്കുന്നവർക്കെതിരെയും ഇത്തരത്തിലുള്ള കർശന നിയമനടപടി ഉണ്ടാകും. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയ അജൈവ മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറണമെന്നാണ് നിയമം.പൊതു സ്ഥലത്ത് പ്ലാസ്റ്റിക് ആണെങ്കിലും കടലാസ് ആണെങ്കിലും തീ ഇടുന്നത് ഇത്തരത്തിൽ പിഴ അടക്കേണ്ട കുറ്റമായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.