നെഹ്റുവിന്റെ ശ്വാസം നിലപ്പിച്ച ജെമിനി
text_fieldsകണ്ണൂർ: ട്രപ്പീസിലെയും ജീപ് ജമ്പിങ്ങിലെയും അപകടകരവും അത്ഭുതപ്പെടുത്തുന്നതുമായ പ്രകടനങ്ങളിൽ ജവഹർലാൽ നെഹ്റുവിന്റെ ശ്വാസം നിലച്ചു.
സാംബിയൻ പ്രസിഡൻറ് കെന്നത്ത്കൗണ്ട സാഹസിക രംഗങ്ങളിൽ എഴുന്നേറ്റുനിന്ന് കുട്ടിയെപ്പോലെ കൈയടിച്ച് പരിസരം മറന്ന് തുള്ളിച്ചാടി. ലോകനേതാക്കളെയും കൊൽക്കത്തയിലെയും ചെന്നൈയിലെയും ഡൽഹിയിലെയും സാധാരണക്കാരെയും ഒരുപോലെ ആവേശത്തിന്റെ കൊടുമുടി കയറ്റിയാണ് ജെമിനി ശങ്കരൻ എന്ന എക്കാലത്തെയും മികച്ച ഷോമാൻ തമ്പൊഴിയുന്നത്.
സക്കീർ ഹുസൈൻ, ലാൽ ബഹദൂർ ശാസ്ത്രി, എസ്. രാധാകൃഷ്ണൻ, മാർട്ടിൻ ലൂഥർ കിങ്, ലേഡി മൗണ്ട് ബാറ്റൻ, ദലൈലാമ, ബഹിരാകാശ സഞ്ചാരികളായ യൂറി ഗഗാറിൻ, വാലൻറീന തെറഷ്കോവ തുടങ്ങി വിവിധ മേഖലയിലുള്ളവർ ജെമിനി ശങ്കരന്റെ കൂടാരത്തിൽ സന്ദർശകരായിരുന്നു. സർക്കസിനെ ഇത്രമേൽ നെഞ്ചേറ്റിയ കലാകാരനും തമ്പുടമയും ലോകത്തുതന്നെ അധികമുണ്ടാകില്ല.
1962ലാണ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ജെമിനി ശങ്കരന്റെ സർക്കസ് കാണാൻ ഡൽഹിയിൽ എത്തുന്നത്. ഡൽഹിയിലെ ഷോ ഉദ്ഘാടനം ചെയ്യാനും സർക്കസ് കാണാനുമായി നെഹ്റുവിനെ ക്ഷണിക്കാൻ ചെല്ലുമ്പോൾ വരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.
വിജയലക്ഷ്മി പണ്ഡിറ്റിനും ഇന്ദിര ഗാന്ധിക്കും ഒപ്പം, പറഞ്ഞതിലും നേരത്തെ സർക്കസ് കാണാൻ നെഹ്റുവെത്തി. ആദ്യമായാണ് നെഹ്റുവിന് ഇത്തരമൊരു അനുഭവം. ട്രപ്പീസിലെയും ജീപ്പ് ജമ്പിങ്ങിലെയും അപകടകരവും അത്ഭുതപ്പെടുത്തുന്നതുമായ പ്രകടനങ്ങളിൽ ശ്വാസം നിലച്ചു പോകുന്നതുപോലെ തോന്നിയെന്നും നമ്മുടെ രാജ്യത്തും ഇത്തരം സർക്കസുകളുണ്ടായതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞത് ശങ്കരേട്ടൻ എന്നും മനസ്സിൽ ഫ്രെയിം ചെയ്തുവെച്ചിരുന്നു.
സർക്കസ് താരങ്ങൾക്കൊപ്പം ഏറെനേരം ചെലവഴിച്ചാണ് നെഹ്റു മടങ്ങിയത്. രാജ് കപൂറിന്റെ ‘മേരാനാം ജോക്കർ’ ബോംബൈയിൽ ജെമിനി സർക്കസിലാണ് ചിത്രീകരിച്ചത്. കമൽ ഹാസന്റെ അപൂർവ സഹോദരങ്ങൾക്കും ശങ്കരേട്ടൻ തമ്പൊരുക്കി.
പട്ടാളം ശങ്കരൻ
ചേട്ടൻ നാരായണൻ പട്ടാളത്തിൽ ചേരാൻ പോയതിനെ തുടർന്ന് അദ്ദേഹം നടത്തിയിരുന്ന കട അച്ഛന്റെ നിർദേശപ്രകാരം ഏറ്റെടുക്കേണ്ടി വന്നതോടെ സർക്കസിന് ഇടവേള. രണ്ടാംലോക മഹായുദ്ധക്കാലത്ത് കണ്ണൂർ ഡിഫൻസ് മൈതാനത്തിൽ ആർമി റിക്രൂട്ട്മെന്റ് വഴി പട്ടാളത്തിലും ചേർന്നു.
മദ്രാസ് റെജിമെന്റിൽ വയർലസ് ഒബ്സർവറായി ചേർന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം പട്ടാളത്തിൽ തുടരുന്നുവോ എന്ന ചോദ്യത്തിന് ഉത്തരത്തെക്കുറിച്ച് ആലോചിച്ചതുതന്നെ തലശ്ശേരിയിൽ കൽക്കരിത്തീവണ്ടിയിറങ്ങിയതിന് ശേഷമായിരുന്നു. പിന്നീട് കീലേരിയുടെ ശിഷ്യൻ രാമന്റെ കളരിയിൽ. ശേഷം കൊൽക്കത്തയിലേക്ക്.
കീലേരിയുടെ ശിഷ്യൻ
സർക്കസിന്റെ കുലപതി കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ ശിഷ്യനായാണ് 1930കളിൽ സർക്കസിലെത്തുന്നത്. സർക്കസ് പഠിക്കണമെന്ന മകന്റെ മോഹം മനസ്സിലാക്കിയ അച്ഛൻ കവളശ്ശേരി രാമൻ പത്താം വയസ്സിൽ ശങ്കരനെ കീലേരിയുടെ കളരിയിൽ എത്തിക്കുകയായിരുന്നു.
കൊളശ്ശേരി മൈതാനത്ത് തമ്പടിച്ച ഒറ്റത്തമ്പിലെ ചെറിയ സർക്കസ് കാണാൻ വീട്ടുകാരറിയാതെ എത്തിയ കുഞ്ഞു ശങ്കരനെ ടിക്കറ്റില്ലാത്തതിനാൽ സംഘാടകർ പുറത്താക്കിയ സംഭവവും തമ്പിലെത്താൻ മറ്റൊരു കാരണമായി. ഒറ്റത്തമ്പിലെ സർക്കസ് കാണാനാവാതെ പുറത്താക്കിയ സംഭവം വീട്ടിലറിഞ്ഞപ്പോൾ ബഹളമായി. വഴക്കിനൊടുവിൽ ടിക്കറ്റെടുക്കാനുള്ള കാശും കൂടെപോന്നു.
ആദ്യമായി കാണുന്നത് തലശ്ശേരിക്കാരുടെ മെട്രോ സർക്കസാണ്. സിംഗ്ൾ ട്രപ്പീസും കത്തിയേറും ശ്വാസംപിടിച്ചു കണ്ടുതീർത്തതോടെ എങ്ങനെയെങ്കിലും ഇത് പഠിച്ചെടുക്കണമെന്ന് ദൃഢനിശ്ചയമെടുത്തു. സർക്കസ് ഗുരു കീലേരിക്ക് ശിഷ്യപ്പെട്ടതോടെ തലശ്ശേരി ചിറക്കരയിലെ വീട്ടിൽ ആറുമാസക്കാലം പരിശീലനം.
ബാലൻസിങ്, മലക്കംമറിയൽ എന്നിവയിൽ ബാലപാഠം. കൊളശ്ശേരിയിൽനിന്ന് ചിറക്കരയിലെ കീലേരിയുടെ വീടുവരെ നടന്നാണ് എത്തുക. അൽപം മെയ്വഴക്കമായതോടെ കളരിയിലേക്ക് മാറി. 14 വയസ്സുവരെ അവിടെ തുടർന്നു. ഹൊറിസോൻറൽ ബാർ അടക്കം പരിശീലിച്ചു.
സർക്കസ് വിൽക്കാനുണ്ട്... ജെമിനിയുടെ പിറവി
സർക്കസുകാരെ ഏറെ ആരാധിക്കുന്ന കൊൽക്കത്ത നഗരത്തിലേക്കാണ് ശങ്കരൻ എന്ന ബാർ പ്ലയർ എത്തുന്നത്. ബോസ് ലയൺ സർക്കസിൽ ഹൊറിസോൻറൽ ബാർ പ്ലയറായി തുടക്കം. പിന്നീട് തലശ്ശേരി സ്വദേശിയായ റയമണ്ട് ഗോപാലന്റെ റയമണ്ട് സർക്കസിൽ ഒന്നരക്കൊല്ലം. ശങ്കരന്റെ പ്രകടനത്തിൽ ഹൈക്ലാസ് ടിക്കറ്റുകളെല്ലാം മണിക്കൂറുകൾക്കുള്ളിൽ വിറ്റുപോകും.
ആൾക്കൂട്ടത്തെ പൊലീസിനുപോലും നിയന്ത്രിക്കാനാവില്ല. ഒരു സർക്കസ് വിൽക്കാനുണ്ട്... വാങ്ങിക്കുന്നോ? ഈ രണ്ടു വാക്കുകളിലൂടെ സ്നേഹിതൻ കുഞ്ഞിക്കണ്ണൻ സ്വന്തമായൊരു സർക്കസ് എന്ന മോഹത്തിന് തമ്പിടുകയായിരുന്നു. അങ്ങനെ ഏറെ തീവണ്ടിദൂരം അകലെയുള്ള പൂണെയിലെത്തി. കുഞ്ഞിക്കണ്ണൻ അവിടെ മാനേജറായി ജോലിചെയ്യുന്നുണ്ട്.
പോയിനോക്കിയപ്പോൾ ഇപ്പോൾ വില്പനയില്ലെന്ന് മഹാരാഷ്ട്രക്കാരനായ ഉടമ മാമുവിന്റെ മറുപടി. ഒരാനയും രണ്ട് സിംഹവും മാത്രമുള്ള തമ്പുകളെല്ലാം കീറി നശിച്ച് ശോഷിച്ച സർക്കസുമായി അധികകാലം അയാൾക്ക് പോകാനായില്ല. വിൽപനക്ക് തയാറെന്ന് അറിയിച്ചുകൊണ്ട് ടെലഗ്രാം സന്ദേശമെത്തി. അങ്ങനെ ആറായിരം രൂപക്ക് കച്ചവടമുറപ്പിച്ചു. 3000 രൂപ റൊക്കം നൽകി.
ബാക്കി പണം ഒരുവർഷത്തിനിടയിലും. നാഷനൽ സർക്കസിൽ മാനേജറായി ജോലിചെയ്ത സുഹൃത്ത് സഹദേവനും പങ്കാളിയായി. പുതിയ തമ്പ്, മികച്ച കളിക്കാർ... ആകെ നവീകരണം. 1951 ആഗസ്റ്റ് 15ന് സ്വതന്ത്ര സർക്കസ് സംരംഭം പിറന്നു. ജെമിനി സർക്കസ്... സൂറത്തിനും ബറോഡക്കും ഇടയിൽ ബില്ലിമോറയിൽ ആദ്യ ഷോ. അന്ന് കൽക്കത്തയിൽ ബാർ പ്ലയർമാർ അധികമില്ല. ശങ്കരന്റെ പ്രകടനത്തിൽ തമ്പ് വളർന്നു. നിറയെ കാണികളുമായി ജെമിനി ശങ്കരൻ എന്ന എക്കാലത്തെയും വലിയ ഷോമാനും അവിടെ പിറന്നു.
തന്റെ നക്ഷത്രത്തെ അനുസ്മരിച്ചാണ് സർക്കസിന് ജെമിനിയെന്ന പേര് നൽകിയത്. അഞ്ച് വർഷം കഴിഞ്ഞപ്പോൾ ബംഗാളിയായ ഉടമയിൽനിന്ന് ജംബോ സർക്കസ് വാങ്ങിച്ചു. ഒരു ഗാന്ധി ജയന്തി ദിനത്തിൽ പട്നക്കടുത്ത് ദനാപുരിൽ ആദ്യ കളി. ജെമിനിയെപ്പോലെ ജംബോയും വലിയ സർക്കസായി. യാത്രകളിലെല്ലാം ശങ്കരൻ എന്ന പരിഷ്കാരി സർക്കസിനായി പുതിയ ആശയങ്ങൾ തിരഞ്ഞു.
1957ൽ ജെമിനിയിലാണ് ആദ്യമായി ജീപ്പ് ജമ്പിങ് വിജയകരമായി പരീക്ഷിച്ചത്. കറങ്ങുന്ന ഗ്ലോബിനകത്ത് ഒന്നിലേറെ മോട്ടോർ സൈക്കിളുകളുടെ ഇരമ്പക്കം കേട്ടതും ഇവിടെതന്നെ. 18 ആന, 40 സിംഹം, 15 നരി, കരടി, ഉറാങ്കുട്ടാൻ, ഗൊറില്ല തുടങ്ങി കുറുക്കൻവരെ നീണ്ട മൃഗങ്ങുടെ നിര അന്ന് സർക്കസിലുണ്ടായിരുന്നു.
സർക്കസ് കളിക്കാരുമായും ജോലിക്കാരുമായും വലുപ്പച്ചെറുപ്പമില്ലാതെ ബന്ധമായിരുന്നു ശങ്കരേട്ടനെന്ന മനുഷ്യസ്നേഹിക്ക്. സർക്കസിൽ മൃഗങ്ങൾക്ക് നിയന്ത്രണം വന്നതോടെ വയനാട്ടിൽ അവർക്കായി പ്രത്യേകം വാസസ്ഥലമൊരുക്കിയാണ് സംരക്ഷിച്ചത്.
പിന്നീടിവയെ വനം വകുപ്പിന് കൈമാറി.എന്നും സർക്കസ് ഷോമാന്റെ ലാളിത്യവും പട്ടാളക്കാരന്റെ അച്ചടക്കവും ചിട്ടയാക്കിയാണ് ജമിനി ശങ്കരന്റെ ജീവിതം. അവസാന കാലത്തുപോലും സ്വന്തം വസ്ത്രങ്ങൾ സ്വയം കഴുകാനും മറ്റും സമയം കണ്ടെത്തി. വീട്ടിൽ തന്നെ കാണാനെത്തുന്നവരെല്ലാം ശങ്കരേട്ടന് വിരുന്നുകാരായിരുന്നു.
ആ ആതിഥേയ സ്നേഹം അറിയാത്തവരായി ആരുമില്ല. നൂറാം പിറന്നാളിന്റെ വക്കിൽ സർക്കസ് കൂടാരങ്ങളിലെ മീനാറുകളിൽ പാറിപ്പറക്കുന്ന കൊടിക്കൂറ കണക്കെ കാണികളെ അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് ജെമിനി ശങ്കരൻ മടങ്ങുന്നത്. ഇതിഹാസം തമ്പൊഴിയുമ്പോഴും ആധുനിക ഇന്ത്യൻ സർക്കസിന്റെ ചരിത്രം ജെമിനി ശങ്കരനെന്ന പേരിനൊപ്പം കൂടാരമുയർത്തി നിൽക്കുന്നു.
അന്ത്യോപചാരമർപ്പിക്കാൻ ആയിരങ്ങൾ
കണ്ണൂർ: സർക്കസ് ഇതിഹാസം ജെമിനി ശങ്കരന് അന്ത്യോപചാരമർപ്പിക്കാൻ ആയിരങ്ങൾ വാരത്തെ ശങ്കർ ഭവനിലെത്തി. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും അന്ത്യോപചാരമർപ്പിച്ചു.
ശങ്കരേട്ടന്റെ സ്നേഹമറിഞ്ഞവർക്ക് കണ്ണ് നിറയാതെ യാത്രാമൊഴി നേരാനായില്ല. സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ റീത്ത് സമർപ്പിച്ച് അന്ത്യോപചാരം അർപ്പിച്ചു.
സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 11 വരെ വാരത്തെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. 11.15ഓടെ പയ്യാമ്പലത്ത് എത്തിക്കുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
ഇന്ത്യൻ സർക്കസിനെ ലോകപ്രശസ്തമാക്കിയ വ്യക്തി –മുഖ്യമന്ത്രി
കണ്ണൂർ: ഇന്ത്യൻ സർക്കസിനെ ലോകപ്രശസ്തമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജെമിനി ശങ്കരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരേസമയം ശ്രദ്ധേയനായ സർക്കസ് കലാകാരനും തുടർന്ന് വിവിധ സർക്കസുകളുടെ ഉടമയുമായ അദ്ദേഹം ഇന്ത്യക്ക് പുറത്ത് വിവിധ സ്ഥലങ്ങളിൽ തന്റെ സർക്കസുമായി സഞ്ചരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ വിവിധ പ്രധാനമന്ത്രിമാർ, രാഷ്ട്രപതിമാർ, ലോക നേതാക്കൾ, പ്രമുഖ വ്യക്തികൾ എന്നിവരുമായി അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. സർക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്റെ കളരിയിലൂടെ പരിശീലനം ആരംഭിച്ച അദ്ദേഹം സർക്കസിൽ കാലികമായ മാറ്റങ്ങൾ വരുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.
വിദേശ കലാകാരന്മാരെയും അവരുടെ സർക്കസ് കലകളെയും ഇന്ത്യൻ സർക്കസിൽ ഉൾപ്പെടുത്തി സർക്കസ് വികസിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. 99ാം വയസ്സിലും ആരോഗ്യപൂർണമായി സജീവ ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ജെമിനി ശങ്കരനുമായി വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്നു.
പുരോഗമന രാഷ്ട്രീയത്തോടായിരുന്നു അദ്ദേഹത്തിന്റെ ആഭിമുഖ്യം. ജെമിനി ശങ്കരന്റെ വിയോഗം സർക്കസ് കലക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജെമിനി ശങ്കരൻ സര്‍ക്കസ് രംഗത്തെ കുലപതി –കെ. സുധാകരന് എം.പി
ഇന്ത്യന്‍ സര്‍ക്കസ് രംഗത്തെ കുലപതിയും ജെമിനി, ജംബോ സര്‍ക്കസുകളുടെ ഉടമയുമായ ജെമിനി ശങ്കരന്റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി അനുശോചിച്ചു. ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച ജെമിനി സര്‍ക്കസ് സാഹസികതയും നര്‍മവും കോര്‍ത്തിണക്കി വിജയംവരിച്ച അപൂര്‍വഗാഥയാണ്.
വിദേശരാജ്യങ്ങളിലെ കലാകാരന്മാരും വന്യമൃഗങ്ങളുമൊക്കെ ആവേശംവാരി വിതറിയ ഒരു പുതിയ സര്‍ക്കസ് സംസ്കാരത്തിനു തന്നെ രൂപം നൽകി. സര്‍ക്കസ് കൂടാതെ വ്യവസായം, ഹോട്ടല്‍ ബിസിനസ് തുടങ്ങിയ പലമേഖലകളിലും അദ്ദേഹം വിജയം വരിച്ചു.
ജെമിനി ശങ്കറുമായും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള അടുത്തബന്ധം സ്മരിക്കുന്നു. വിനയം, ലാളിത്യം, പെരുമാറ്റം തുടങ്ങിയ അദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്ട്യം ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം വലിയൊരു നഷ്ടമാണെന്നും സുധാകരന് പറഞ്ഞു.
കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതീകം –മേയര്‍
ജെമിനി ശങ്കരന് എന്നത് കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതീകമാണെന്ന് മേയർ ടി.ഒ. മോഹനൻ. അദ്ദേഹത്തിന്റെ വീടിനടുത്ത് ജനിച്ചു വളര്‍ന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹവുമായി ഏറ്റവും അടുത്ത് ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ട്.
സാധാരണ സര്‍ക്കസ് കലാകാരനായി തുടങ്ങി സര്‍ക്കസിന്റെ കുലപതിയായി വളര്‍ന്ന അദ്ദേഹത്തിന്റെ ഒരു നൂറ്റാണ്ടിനോടടുത്ത ജീവിതം ഏവര്‍ക്കും വലിയ പാഠപുസ്തകമാണ്. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് സര്‍ക്കസെന്ന വലിയ കലാരൂപത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ബാക്കിയാക്കിയാണ് അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കസ് എന്ന കലയിലൂടെ കണ്ണൂർ ജില്ലയുടെ പേരും പ്രശസ്തിയും ലോകത്തുടനീളം അറിയിച്ച സർക്കസ് കുലപതി ജെമിനി ശങ്കരന്റെ നിര്യാണത്തിൽ മുസ് ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.