കുഴിയിൽ കുടുങ്ങാതെ നോക്കണം
text_fieldsകണ്ണൂർ: അടച്ചിട്ടും അടച്ചിട്ടും നഗരത്തിൽ ഭീഷണിയായി റോഡിലെ കുഴികൾ. താവക്കര സ്റ്റേറ്റ് വെയർ ഹൗസിന് സമീപം വൺവേ തുടങ്ങുന്ന ജങ്ഷനിലാണ് വലിയ കുഴികൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്. താവക്കര ബസ് സ്റ്റാൻഡിൽനിന്ന് ബസ് അടക്കമുള്ള വാഹനങ്ങൾ ഇതുവഴിയാണ് പഴയ സ്റ്റാൻഡിലേക്കും കാൾടെക്സിലേക്കുമെല്ലാം കടന്നുപോകുന്നത്. വൺവേ തുടങ്ങുന്നിടത്തെ വളവിലെ കുഴികളിൽ വാഹനങ്ങൾ കുടുങ്ങുകയാണ്. മഴയിൽ വെള്ളം നിറഞ്ഞാൽ കുഴിയുടെ ആഴമറിയുകയുമില്ല. ടയറുകൾ പെട്ടെന്ന് കുഴിയിൽ ചാടുമ്പോൾ യാത്രക്കാരുടെ നടുവും പണിയാവും. കക്കാട് റോഡിലും വാഹനങ്ങളെ കുടുക്കാൻ കുഴികളുണ്ട്. ബാഡ്മിന്റൺ സ്റ്റേഡിയത്തിന് മുന്നിൽ ജങ്ഷനിലാണ് കുഴികൾ. നഗരത്തിലെ പ്രധാന വഴികളിലെല്ലാം കുഴികൾ നിറഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
സ്വീവേജ് പ്ലാന്റിലേക്കുള്ള പൈപ്പ് ലൈന്‍ പണിയാനായി റോഡുകള്‍ കീറിമുറിച്ചതിന് ശേഷം കുഴികൾ അടച്ചെങ്കിലും വീണ്ടും കുഴികൾ രൂപപ്പെട്ടതും വാഹനങ്ങൾ കുടുങ്ങിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. റോഡുകളില്‍ മധ്യഭാഗത്ത് തന്നെ രൂപപ്പെട്ട കുഴികളില്‍ വീണ് നിരവധി പേർക്കാണ് പരിക്കേറ്റത്.
ദേശീയപാതയിൽ കാൾടെക്സിലെ കുഴികളടക്കം കഴിഞ്ഞ ദിവസം ട്രാഫിക് പൊലീസ് നേതൃത്വത്തിൽ അടച്ചിരുന്നു. വലിയ ഗർത്തങ്ങളായി വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് കുഴികൾ അടച്ചത്.
പൊളിഞ്ഞ കെട്ടിടങ്ങളുടെ കല്ലും മറ്റും ശേഖരിച്ചും കരിങ്കല്ല് പൊടിയിട്ടുമാണ് പൊലീസുകാർ കുഴികൾ നികത്തിയത്. കാൾടെക്സിൽ പെട്രോൾ പമ്പിന് മുന്നിലെ കുഴിയിൽ വാഹനങ്ങൾ ഇഴഞ്ഞായിരുന്നു നീങ്ങിയിരുന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. പൊലീസുകാർ ഇതോടെയാണ് കുഴികൾ അടച്ചത്. മുനീശ്വരൻ കോവിൽ, പ്രഭാത് ജംങ്ഷൻ, താവക്കര, തളാപ്, കാൽടെക്സ് തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളിലെ കുഴികളാണ് നികത്തിയത്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ പലയിടത്തും റോഡ് വഴിയുള്ള ഗതാഗതം ദുഷ്കരമാണ്. ചാല ബൈപാസിൽ നിറയെ കുഴികളാണ്. മഴയിൽ പലയിടത്തും റോഡ് തകർന്നു. റോഡിലെ കുഴികളടക്കാൻ പൊടിക്കൈ നടത്താതെ ശാസ്ത്രീയമായി ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.