കുഞ്ഞിെൻറ കൊല; കണ്ണൂരിനെ നടുക്കി വീണ്ടുമൊരു പകൽ
text_fieldsകണ്ണൂർ: താളിക്കാവ് കുഴിക്കുന്നിൽ മാതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന വാർത്ത കണ്ണൂരിനെ വീണ്ടുമൊരു ദുരന്തദിനത്തെ ഓർമിപ്പിച്ചു. താളിക്കാവ് ഒമ്പതുവയസ്സുകാരി അവന്തികയുടെ കൊലപാതകത്തിെൻറ ഞെട്ടലിലാണ് നാട്. ഒന്നരവർഷം മുമ്പ് കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ മാതാവ് ശരണ്യ കടലിലെറിഞ്ഞുകൊന്ന സംഭവത്തിെൻറ വേദന മാറും മുമ്പാണ് ഒമ്പതുവയസ്സുകാരിയുടെ ദാരുണാന്ത്യം.
കുഴിക്കുന്ന് റോഡിലെ രാജേഷിെൻറ മകൾ അവന്തികയെയാണ് മാതാവ് വാഹിദ ഞായറാഴ്ച രാവിലെ കഴുത്തുഞെരിച്ചുകൊന്നത്. വർഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്ന വാഹിദ തെൻറ മരണശേഷം മകൾ തനിച്ചാകുമെന്ന ആധിയെ തുടർന്നാണ് കൊല നടത്തിയതെന്നാണ് വിവരം. തലശ്ശേരി സ്വദേശിയായ വാഹിദ വർഷങ്ങളായി കുടകിലെ എസ്റ്റേറ്റ് ബംഗ്ലാവിലാണ് താമസം. ഗൾഫിൽ ജോലിചെയ്യുന്ന രാജേഷ് നാട്ടിലെത്തിയ ശേഷമാണ് കുഴിക്കുന്നിലെ വീട്ടിലേക്ക് താമസം മാറിയത്.
സ്ഥിരതാമസമില്ലാത്തതിനാൽ നാട്ടുകാർക്കൊന്നും ഈ കുടുംബവുമായി വലിയ അടുപ്പമില്ല. ലോക്ഡൗണായതിനാൽ വീട്ടുകാരെ പുറത്തൊന്നും കാണാറില്ലെന്നും അയൽക്കാർ പറഞ്ഞു. ഞായറാഴ്ച രാവിലെ മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്നാണ് അയൽക്കാരുടെ സഹായത്തോടെ രാജേഷ് വാതിൽതള്ളിത്തുറന്നത്. അപ്പോഴേക്കും കുട്ടി അവശനിലയിലായിരുന്നു. കുട്ടിയെകൊന്ന ശേഷം ആത്മഹത്യചെയ്യാനായിരുന്നു വാഹിദയുടെ നീക്കമെന്ന് കരുതുന്നു. ഇതിനായുള്ള ഒരുക്കം ചെയ്തതായി അയൽക്കാർ പറയുന്നു. നേരത്തേയും വാഹിദ വാതിലടച്ച് ഒറ്റക്കിരിക്കുന്ന സ്വഭാവമുണ്ടായിരുന്നു.
ഞായറാഴ്ച ഏറെ നേരമായിട്ടും തുറക്കാതായപ്പോഴാണ് വാതിൽ തള്ളിത്തുറന്നത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണത്തിൽ നാട്ടുകാർ അസ്വാഭാവികത പ്രകടിപ്പിച്ചതോടെ രാജേഷ് ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വാഹിദ കുറ്റം സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.