ഗോ ഫസ്റ്റ് പ്രതിസന്ധി; മേയിൽമാത്രം കുറഞ്ഞത് കാൽലക്ഷം യാത്രക്കാർ
text_fieldsകണ്ണൂർ: ഗോ ഫസ്റ്റ് വിമാനക്കമ്പനി സർവിസ് പ്രതിസന്ധിയെ തുടർന്ന് മേയിൽമാത്രം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുറഞ്ഞത് 25,270 യാത്രക്കാർ. ഗോ ഫസ്റ്റ് വിമാന സർവിസ് അനിശ്ചിതത്വത്തിലായതോടെ കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള സർവിസുകളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചത്.
ഏപ്രിൽ മാസത്തിൽ 1,17,310 പേരാണ് കണ്ണൂർവഴി യാത്രചെയ്തത്. ഗോ ഫസ്റ്റ് എയർ സർവിസുകൾ നിർത്തിയ മേയിൽ യാത്രക്കാരുടെ എണ്ണം 92,040 ആയി കുറഞ്ഞു. 18066 അന്താരാഷ്ട്ര യാത്രക്കാരുടെയും 7204 ആഭ്യന്തര വിമാന യാത്രക്കാരുടെയും എണ്ണമാണ് കുറഞ്ഞത്.
ഏപ്രിലിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 35,758 ആയിരുന്നെങ്കിൽ മേയിൽ ഇത് 28,554 ആയി കുറഞ്ഞു. അന്താരാഷ്ട്ര യാത്രക്കാർ 81,552ൽനിന്ന് 63,486 ആയാണ് കുറഞ്ഞത്. ഏപ്രിലിൽ 540 അന്താരാഷ്ട്ര സർവിസുകളും 454 ആഭ്യന്തര സർവിസുകളും അടക്കം കണ്ണൂരിൽ 994 വിമാനങ്ങൾ സർവിസ് നടത്തിയിരുന്നു.
മേയിൽ 390 അന്താരാഷ്ട്രവും 398 ആഭ്യന്തരവും അടക്കം 788 സർവിസുകൾ മാത്രമാണ് നടത്തിയത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി പ്രതിദിനം എട്ട് സർവിസുകളാണ് ഗോ ഫസ്റ്റ് നടത്തിയിരുന്നത്. യാത്രക്കാരുടെയും വിമാന സർവിസുകളുടെയും എണ്ണം കുറഞ്ഞതോടെ കോടികളുടെ നഷ്ടമാണ് കണ്ണൂർ വിമാനത്താവളത്തിനുണ്ടായത്. വിമാനങ്ങളുടെ പാർക്കിങ് ഫീസ്, നാവിഗേഷൻ ഫീ, ടിക്കറ്റ്, യൂസർ ഫീ എന്നീ ഇനത്തിലാണ് വിമാനത്താവളത്തിന് വരുമാന നഷ്ടമുണ്ടായത്.
കണ്ണൂരിൽനിന്ന് ദുബൈ, അബൂദബി, മസ്കത്, കുവൈത്ത്, ദമാം, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കായിരുന്നു ഗോ ഫസ്റ്റിന്റെ സര്‍വിസുകള്‍. കണ്ണൂരിൽനിന്ന് കുവൈത്ത്, ദമാം വിമാനത്താവളങ്ങളിലേക്ക് പറന്നിരുന്ന ഏക വിമാനക്കമ്പനിയും ഗോ ഫസ്റ്റായിരുന്നു. ഗോ ഫസ്റ്റ് സർവിസ് അനിശ്ചിതത്വത്തിലായതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് എയര്‍ ഇന്ത്യ വന്‍ തോതില്‍ വര്‍ധിപ്പിച്ചത് യാത്രക്കാർക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.