ഗോ ഫസ്റ്റിന്റെ സാമ്പത്തിക തകർച്ച; കണ്ണൂർ വിമാനത്താവളത്തിന് തിരിച്ചടി
text_fieldsകണ്ണൂർ: ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ സാമ്പത്തിക തകർച്ച കണ്ണൂർ വിമാനത്താവളത്തിന് കനത്ത തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാപ്പർ അപേക്ഷ നൽകുകയും സർവിസുകൾ പൊടുന്നനെ റദ്ദാക്കുകയും ചെയ്തതോടെ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് പേരെയാണ് പ്രതികൂലമായി ബാധിച്ചത്.
പാപ്പറായി പ്രഖ്യാപിക്കാൻ അപേക്ഷ നൽകിയ കമ്പനി അക്കാര്യം പോലും മറച്ചുവെച്ച് ടിക്കറ്റ് ബുക്കിങ് വരെ സ്വീകരിച്ചതിനാൽ ആയിരക്കണക്കിന് യാത്രക്കാർ വഞ്ചിക്കപ്പെടുകയും ചെയ്തു. ഒരറിയിപ്പ് പോലും നൽകാതെയാണ് ഗോ ഫസ്റ്റിന്റെ കൗണ്ടറുകൾ കഴിഞ്ഞവസം വരെ പ്രവർത്തിച്ചത്. പാപ്പർ അപേക്ഷ വിവരം പുറത്തുവന്നതോടെ വിമാനത്താവളങ്ങളിലെ കൗണ്ടറുകൾ ബുധനാഴ്ച പ്രവർത്തിച്ചില്ല.
കണ്ണൂരിൽനിന്ന് സർവിസ് നടത്തുന്ന വിമാനക്കമ്പനികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗോ ഫസ്റ്റ്. എയർ ഇന്ത്യ എക്സ്പ്രസ് പോലെ കൂടുതൽ സർവിസ് നടത്തുന്ന കമ്പനിയാണ് പെട്ടെന്ന് ഇല്ലാതാവുന്നത്. കണ്ണൂരിൽനിന്ന് ഗൾഫ് രാജ്യങ്ങളിക്കേ് ഉൾപ്പടെ എല്ലാദിവസവും സർവിസ് നടത്തുന്ന കമ്പനിയാണ് ഗോ ഫസ്റ്റ്. ദുബൈ, അബൂദബി എന്നിവിടങ്ങളിലേക്കും തിരിച്ചുമായി എല്ലാ ദിവസവും ഗോ ഫസ്റ്റ് സർവിസ് നടത്തുന്നു.
തിങ്കൾ, വെള്ളി ദിവസങ്ങളിൽ ദമാമിലേക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കുവൈത്തിലേക്കും ഞായർ, ബുധൻ ദിവസങ്ങളിൽ ഒമാനിലേക്കും ഗോ ഫസ്റ്റ് സർവിസ് നടത്തിയിരുന്നു.186 സീറ്റുള്ള വിമാനം ദിനംപ്രതി ആറ് സർവിസ് നടത്തുന്നതിലൂടെ ആയിരത്തിലധികം പേരാണ് ഈ വിമാനക്കമ്പനിയെ ആശ്രയിച്ചിരുന്നത്.
മുംബൈയിലേക്കു ആഭ്യന്തര സർവിസ് ഇതിനു പുറമെയും നടത്തി. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവയാണ് കണ്ണൂരിൽനിന്ന് സർവിസ് നടത്തുന്ന മറ്റു വിമാനക്കമ്പനികൾ. ഇതിൽ ഇൻഡിഗോ ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും ദോഹയിലേക്ക് സർവിസ് നടത്തുന്നു. മറ്റു ദിവസങ്ങളിലും ഇൻഡിഗോ ഗൾഫ് സർവിസ് നടത്തുന്നുണ്ടെങ്കിലും ഹൈദരാബാദ്, ബംഗളൂരു വഴി പോകുന്നതിനാൽ ഏറെ സമയനഷ്ടമുണ്ടാകുന്നതായി ഫ്ലൈ സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ഉടമ മുജീബ് പുതിയ വിട്ടിൽ പറഞ്ഞു.
കണ്ണൂരിൽനിന്നുള്ള വിമാനസർവിസ് കുറഞ്ഞ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയതായും സർക്കാർ ഇടപെടലിലൂടെ പുതിയ വിമാനകമ്പനികൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.