കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വിവിധ യാത്രക്കാരിൽനിന്നായി വിദേശ കറൻസിയും സ്വർണവും പിടികൂടി. 4.83 ലക്ഷം രൂപക്ക് തുല്യമായ വിദേശ കറൻസിയും 1,640 ഗ്രാം സ്വർണവുമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചത്. മധുര സ്വദേശി മുഹമ്മദ് യൂസഫിൽനിന്നാണ് രേഖകളില്ലാത്ത 6,000 അമേരിക്കൻ ഡോളർ പിടിച്ചത്.
ഇതിന് 4,83,600 രൂപയുടെ മൂല്യമുണ്ട്. ഇയാൾ ഇൻഡിഗോ വിമാനത്തിൽ ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു. ദുബൈയിൽനിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലെത്തിയ അഹമ്മദ് ഷബീർ, നൂറുദ്ദീൻ എന്നിവരിൽനിന്ന് യഥാക്രമം 140 ഗ്രാം, 145 ഗ്രാം സ്വർണമാല പിടികൂടി. വായക്കുള്ളിലായിരുന്നു ഇവ ഒളിപ്പിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു.
ഷാർജയിൽനിന്നുള്ള എയർഇന്ത്യ വിമാനത്തിലെത്തിയ കാസർകോട് സ്വദേശി ഇബ്രാഹിം മുഹമ്മദ് യാസിറിൽനിന്ന് 210 ഗ്രാം സ്വർണ നാണയം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി കബീർ പുതുക്കുടിയിൽനിന്ന് 752 ഗ്രാം സ്വർണമിശ്രിതവും പിടിച്ചു. ഇയാൾ ദുബൈയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
ഫെബ്രുവരി 14ന് ദുബൈയിൽനിന്നെത്തിയ രാമനാട്ടുകര സ്വദേശി ഷാഹുൽ ഹമീദ് കുനിയിൽനിന്ന് 443 ഗ്രാം സ്വർണം പിടിച്ചു. സംശയത്തെ തുടർന്ന് ഇയാളുടെ ബാഗേജ് പിടിച്ചുവെക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 25.31 ലക്ഷത്തിന്റെ സ്വർണം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.